150 കോടി രൂപ തട്ടിപ്പ് നടത്തിയ പ്രവീൺ റാണയെ തേടി പോലീസ് ദേവരായപുരത്തെ കരിങ്കൽക്വാറിയിൽ എത്തുമ്പോൾ കണ്ടത് കറുപ്പണിഞ്ഞ് കുടിലിൽ കഴിയുന്ന പ്രവീൺ റാണയെ.തട്ടിച്ചെടുത്ത പണമുപയോഗിച്ച് അത്യാഡംബര സൗകര്യങ്ങളിൽ കഴിഞ്ഞിരുന്ന റാണ കുടിലിൽ പാമരനായി കഴിയുന്നു. കുടിലിൽ പണമൊന്നും ഉണ്ടായിരുന്നില്ല.
പ്രവീൺ റാണ ചിലവന്നൂരിലെ ഫ്ലാറ്റിൽ നിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു ലിഫ്റ്റിൽ കയറി രക്ഷപ്പെട്ടതു പോലീസിന് നാണക്കേടുണ്ടാക്കിയിരുന്നു. ഇതോടെയാണു സിറ്റി ക്രൈം സ്ക്വാഡും ഈസ്റ്റ്, വെസ്റ്റ്, വിയ്യൂർ പൊലീസ് സ്റ്റേഷനുകളും സംയുക്തമായി പുതിയ അന്വേഷണ സംഘം രൂപീകരിച്ചത്.
റാണ 6നു കേരളം വിട്ടെന്നു സൂചന ലഭിച്ചിരുന്നെങ്കിലും ഇതു സ്ഥിരീകരിക്കാൻ തക്ക തെളിവുകളൊന്നും
ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് കുടുംബാംഗത്തിന്റെ ഫോണിലേക്ക് തമിഴ്നാട്ടിൽ നിന്നൊരു വിളി എത്തിയത്. ടവർ
ലൊക്കേഷൻ പരിശോധിച്ചപ്പോൾ ദേവരായപുരത്തു നിന്നാണെന്നു കണ്ടെത്തി. തുടർന്ന് കമ്മിഷണറുടെ നേതൃത്വത്തിൽ 2 സംഘങ്ങളായി പിരിഞ്ഞ് അന്വേഷണ സംഘം പുറപ്പെട്ടു. പൊള്ളാച്ചിയിലെ കരിങ്കൽ ക്വാറിയിൽ സന്യാസി വേഷത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രവീണ റാണയെ ഇന്നലെ പിടിച്ചു.
കരിങ്കൽ ക്വാറിയിലെ തൊഴിലാളിയുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചതോടെയാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. പ്രതിയെ ഇന്നലെ തന്നെ കൊച്ചിയിലെത്തിച്ചു.