yt cover 5

അവധിദിനമായിരുന്ന ഇന്നലെ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്തി രണ്ടു ലക്ഷത്തോളം ഫയലുകള്‍ തീര്‍പ്പാക്കി. സംസ്ഥാനത്തെ അയ്യായിരത്തിലധികം സര്‍ക്കാര്‍ ഒഫീസുകളിലായി 70 ശതമാനം ജീവനക്കാര്‍ ഹാജരായി. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഒരു അവധി ദിവസം ജോലിക്കെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ജീവനക്കാര്‍ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ പങ്കെടുത്തത്.

ജമ്മുകാഷ്മിരീല്‍ പിടിയിലായ രണ്ടു ലഷ്‌കറെ ത്വയ്ബ ഭീകരില്‍ ഒരാള്‍ ബിജെപി നേതാവ്. ന്യൂനപക്ഷ മോര്‍ച്ചയുടെ ഐടി സെല്‍ മുന്‍ മേധാവിയാണ് പിടിയിലായ താലിബ് ഹുസൈന്‍ ഷാ. താലിബിനെയും കൂട്ടാളി ഫൈസല്‍ അഹമ്മദ് ദാറിനേയും നാട്ടുകാരാണു ജമ്മുവിലെ റിയാസിയില്‍നിന്നു പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. ഭീകരരെ പിടികൂടിയതിന് നാട്ടുകാര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ജീവനു ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്തുക്കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും മുന്‍ മന്ത്രി കെ.ടി ജലീലിനും എതിരേ ആരോപണങ്ങളുന്നയിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി ഫോണ്‍കോളുകള്‍ വന്നത്. ഫോണ്‍ കോളുകളുടെ ശബ്ദരേഖ പുറത്തുവിട്ട സ്വപ്ന ഡിജിപിക്കു പരാതി നല്‍കി. ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് പെരിന്തല്‍മണ്ണ സ്വദേശി നൗഫല്‍ ഭീഷണിപ്പെടുത്തിയത്. മരട് അനീഷിന്റെ പേരിലും ഭീഷണി ഫോണ്‍ വന്നു. സ്വപ്ന പറഞ്ഞു.

സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയയാള്‍ കസ്റ്റഡിയില്‍. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശിയായ നൗഫലിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് പിടികൂടിയത്. നാലു മാസമായി മാനസിക പ്രശ്നങ്ങള്‍ക്കു ചികിത്സ തേടുന്ന ആളെന്ന് സഹോദരന്‍ നിസാര്‍ പറഞ്ഞെന്നു പോലീസ് അറിയിച്ചു. ഭീഷണിപെടുത്തിയിട്ടില്ലെന്നും ആരോപണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉപദേശിച്ചതേയുള്ളൂവെന്നുമാണു നൗഫല്‍ പറയുന്നത്.

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് സംസ്ഥാന നേതൃത്വം ഇടപെട്ടാണു പിരിച്ചു വിടല്‍. പകരം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിക്കു ചുമതല നല്‍കി.

സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നു ചോദ്യം ചെയ്യും. കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.

പി.സി. ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പീഡനക്കേസിലെ പരാതിക്കാരി. പൊലീസ് ചുമത്തിയ വകുപ്പുകള്‍ക്കപ്പുറം ചില കാര്യങ്ങളുണ്ട്. കൊച്ചിയില്‍ അഭിഭാഷകന്‍ ബിഎ ആളൂരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.

പീഡനക്കേസില്‍ അറസ്റ്റിലായ പി.സി. ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച കോടതിയുടെ നടപടി ജുഡീഷ്യറിയുടെ അന്തസ് ഉയര്‍ത്തിയെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. പീഡന പരാതിയില്‍ ഒരു മണിക്കൂര്‍കൊണ്ട് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ പിടിച്ചെന്നു പറഞ്ഞാല്‍ അവിശ്വസനീയമാണ്. പൊലീസ് അടിമകളായി. എതിര്‍ക്കുന്നവരെ പീഡനക്കേസില്‍ കുടുക്കുന്ന രാഷ്ട്രീയമാണ് നടക്കുന്നതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. കെഎസ്ആര്‍ടിസിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എകെജി സെന്ററിലേക്കു കല്ലെറിയുമെന്ന് ഫേസുബക്കില്‍ കുറിച്ച റിജുവിന് ജാമ്യം. ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി സ്റ്റേഷന്‍ ജാമ്യത്തില്‍തന്നെ റിജുവിനെ വിട്ടയച്ചു. എകെജി സെന്റര്‍ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് നടപടി. ഇയാള്‍ എകെജി സെന്റര്‍ പരിസരത്ത് ഇല്ലായിരുന്നെന്ന് മൊബൈല്‍ ടവര്‍ പരിശോധനയില്‍ തെളിഞ്ഞെന്നു പോലീസ്.

വിമാനയാത്രാ നിരക്ക് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ആഭ്യന്തര സര്‍വീസുകള്‍ക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും കൊവിഡ് മഹാമാരിക്കാലത്തിന് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കമ്പനികള്‍ ഇടാക്കുന്നത്. പ്രവാസികള്‍ക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചാണു കത്തു നല്‍കിയത്.

മുഖ്യമന്ത്രി അഭിമാനമില്ലാത്ത നേതാവായെന്നും ഉളുപ്പ് വേണമെന്ന വി.എസ് അച്യുതാനന്ദന്റെ പഴയ വാക്കുകളാണ് തനിക്കു പറയാനുള്ളതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പി.സി ജോര്‍ജിന്റെ അറസ്റ്റ് പ്രതികാര നടപടിയാണ്. സരിതയെ വിശ്വസിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് സ്വപ്നയെ വിശ്വസിക്കാത്തത്. എകെജി സെന്റര്‍ ആക്രമണം ഇ.പി ജയരാജന്റെ ആസൂത്രണമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

എകെജി സെന്ററിനും കോട്ടയം ഡിസിസി ഓഫീസിനും നേരെ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ടിടത്തും പോലീസ് സംരക്ഷണം ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്റെ കൈവശമുണ്ട്. മാര്‍ക്‌സിസ്റ്റ് സംഘമാണ് പ്രതികളെന്നു ബോധ്യമായിട്ടും അറസ്റ്റു ചെയ്യാത്തത് പോലീസിന് അപമാനമാണ്. അദ്ദേഹം പറഞ്ഞു.

നികുതി വെട്ടിച്ചുള്ള സ്വര്‍ണാഭരണ വില്‍പന പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സ്വര്‍ണവ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇവേ ബില്ലിന്റെ പേരില്‍ ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണെന്ന് വ്യാപാരികള്‍ പരാതിപ്പെട്ടു. സ്വര്‍ണവ്യാപാര ശാലകളിലെ മിന്നല്‍ പരിശോധന നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നേമത്തുള്ള കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. 2011- 12 ലെ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണിത്. 2019 ല്‍ തറക്കല്ലിട്ട പദ്ധതി പൂര്‍ത്തിയായാല്‍ കോച്ചുകളുടെ അറ്റകുറ്റപ്പണി പൂര്‍ണമായി ഇങ്ങോട്ടു മാറ്റുമെന്നു വാഗ്ദാനം ചെയ്തിരുന്നു.

യുഡിഎഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭ ചെയര്‍മാന്‍ സ്ഥാനം ഉടനേ രാജിവയ്ക്കണമെന്ന് വി.ഒ പൈലപ്പനോട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡി.സി.സി. ചെയര്‍മാന്‍സ്ഥാനം രണ്ടുപേര്‍ക്കുകൂടി പങ്കിടേണ്ടതുള്ളതിനാലാണ് രാജിവയ്ക്കാന്‍ നിര്‍ദേശിച്ചത്. മുന്‍ധാരണയനുസരിച്ച് ജൂണ്‍ 28 നു രാജിവയ്ക്കേണ്ടതായിരുന്നു. ആദ്യ ഒന്നരവര്‍ഷം വി.ഒ. പൈലപ്പനും പിന്നീട് രണ്ടര വര്‍ഷം എബി ജോര്‍ജ്ജിനും അവസാന ഒരുവര്‍ഷം ഷിബു വാലപ്പനും ചെയര്‍മാന്‍ സ്ഥാനം നല്‍കാനാണ് കോണ്‍ഗ്രസിലെ ധാരണ.

ഓണ്‍ലൈന്‍ വ്യാപാര കമ്പനികളുടെ പേരില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ കിളിമാനൂര്‍ സ്വദേശി ഷിജി കൊല്‍ക്കത്തയില്‍ അറസ്റ്റില്‍. സെല്ലര്‍ അക്കൗണ്ടുകളില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചാല്‍ പത്തു ദിവസത്തിനകം ഇരട്ടിയാകുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. കോഴിക്കോട് പെരുമണ്ണ സ്വദേശിയില്‍നിന്ന് 23.25 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. സംസ്ഥാനത്ത് നാലര കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം.

ജി.സി.ഡി.എ ലേസര്‍ ഷോ പദ്ധതിയിലെ അഴിമതിയില്‍ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എന്‍. വേണുഗോപാല്‍ അടക്കം ഒമ്പതു പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ഒരു കോടിയോളം രൂപ സര്‍ക്കാറിന് നഷ്ടം ഉണ്ടാക്കിയതിനാണ് കേസെടുത്തത്. ജി.സി.ഡി.എ മുന്‍ സെക്രട്ടറി ആര്‍. ലാ അടക്കമുള്ള ഉദ്യോഗസ്ഥരും പദ്ധതി നടപ്പാക്കിയ കമ്പനി ഉടമയും മാനേജിങ് ഡയറക്ടറുമായ സുനിയ മഹേഷ് കുമാര്‍, ഡയറക്ടര്‍ മഹേഷ് കുമാര്‍ എന്നിവരും പ്രതികളാണ്.

വയനാട്ടില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ യുവതിയെ ഇരുമ്പു കമ്പികൊണ്ടു തലയ്ക്കടിച്ചു പരിക്കേല്‍പിച്ച മുന്‍ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. മലപ്പുറം വണ്ടൂര്‍ സ്വദേശി കമറുദ്ദീനെയാണു പിടികൂടിയത്. പരിക്കേറ്റ യുവതിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമപരമായി പിരിഞ്ഞു കഴിയുകയായിരുന്നു ഇരുവരും. കുട്ടിയെ വിദേശത്തെ ബന്ധുക്കളുടെ അടുത്തേക്ക് അയക്കാന്‍ യുവതി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണം.

യഥാസമയം ചികില്‍സ നല്‍കാതെ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആറന്മുള കുറുന്താര്‍ സ്വദേശി ജോതിഷാണ് പിടിയിലായത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ആറു മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ അനിത വയറിലെ അണുബാധമലം ഇക്കഴിഞ്ഞ ജൂണ്‍ 27 നാണ് മരിച്ചത്.

തിരുവനന്തപുരം കല്ലമ്പലത്ത് അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ പൊലീസ് രാസപരിശോധനയ്ക്ക് അയച്ചു. മരണത്തിന് കാരണമായ വിഷപദാര്‍ത്ഥം തിരിച്ചറിയനായാണ് പരിശോധനയ്ക്കയച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കൂട്ടമരണത്തിലേക്കു നയിച്ചതെന്നാണ് പൊലീസിനു ലഭിച്ച വിവരം. കല്ലമ്പലം ചാത്തമ്പറയില്‍ മണിക്കുട്ടന്‍, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജേഷ്, മണിക്കുട്ടന്റെ അമ്മയുടെ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്.

മുന്നാര്‍ നൈമക്കാട് എസ്റ്റേറ്റില്‍നിന്ന് 50 ലിറ്റര്‍ സ്പിരിറ്റും 70 ലിറ്റര്‍ നിറംചേര്‍ത്ത വ്യാജമദ്യവും പിടികുടി. നിരവധി അബ്കാരി കേസുകളിലെ പ്രതിയായ നൈമക്കാട് സ്വദേശി പ്രഭാകരന്‍ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടെന്ന് എക്സൈസ് സംഘം പറഞ്ഞു.

ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സഹോദരങ്ങള്‍ പാലക്കാട്ട് അറസ്റ്റില്‍. ചന്ദ്രനഗര്‍ പുളിയങ്കാവ് സ്വദേശികളായ വിഘ്നേഷ് (22), സഹോദരന്‍ വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്.

വീട്ടുമുറ്റത്തു പാര്‍ക്കു ചെയ്തിരുന്ന വാഹനം തീയിട്ട് നശിപ്പിച്ചു. ഇടുക്കി രാജകുമാരി കുരുവിളാസിറ്റി വിളയക്കാട്ട് ബേസില്‍ ജോണിന്റെ വാഹനമാണ് കത്തിച്ചത്. വാഹനത്തിന് തീ കൊളുത്തിയ ശേഷം വീട്ടുമുറ്റത്തും പരിസരത്തും മുളകുപൊടിയും വിതറിയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ പതിനാറുകാരനായ സഹോദരനെ അറസ്റ്റുചെയ്ത് ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. രണ്ടു മാസം മുമ്പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്.

ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകി, ആയിരക്കണക്കിനു യാത്രക്കാര്‍ വലഞ്ഞു. രണ്ടു ദിവസമായി ഇന്‍ഡിഗോ 55 ശതമാനം സര്‍വീസുകളും വൈകി. എയര്‍ ഇന്ത്യയില്‍ ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഇന്‍ഡിഗോ ജീവനക്കാര്‍ കൂട്ടമായി മെഡിക്കല്‍ ലീവ് എടുത്തതുമൂലമാണ് വിമാന സര്‍വീസുകള്‍ വൈകിയതെന്നാണു റിപ്പോര്‍ട്ട്. ഡിജിസിഎ ഇന്‍ഡിഗോയോടു വിശദീകരണം തേടിയിട്ടുണ്ട്.

കോടതിയുടെ പരിഗണനയിലുഉള്ള ഗൗരവമുള്ള കേസുകള്‍ ഡിജിറ്റല്‍ മീഡിയകളും സമൂഹ മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്നതു നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി ജഡ്ജി ജെബി പാര്‍ഡിവാല. തെളിവുകള്‍ പരിശോധിച്ചും നിയമം വ്യാഖ്യാനിച്ചും ജഡ്ജിമാര്‍ എന്തു വിധിക്കുമെന്നല്ല, മാധ്യമങ്ങള്‍ എന്തു പറയുന്നുവെന്നു ശ്രദ്ധിക്കുന്ന അവസ്ഥയാണ്. ഇതിനെതിരേ പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് ഒരു സെമിനാറില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

ജുഡീഷ്യറിയുടെ അവസ്ഥ കണ്ട് അപമാനത്താല്‍ തലകുനിക്കുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എംപി. ജുഡീഷ്യറിയിലെ ചിലര്‍ നീതിന്യായ വ്യവസ്ഥയെ ഇടിച്ച് താഴ്ത്തുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നല്‍കേണ്ട ഇടം നല്‍കാതെ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് ഒരു ഉദാഹരണമാണ്. നിയമവ്യവസ്ഥയുടെ ലംഘനം കോടതി കണ്ടില്ലെന്നു നടിക്കുന്നത് അത്ഭുതപ്പെടുത്തുകയാണെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സമാജ്വാദി പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ട് പുനസംഘടിപ്പിക്കുന്നു. എല്ലാ ഭാരവാഹികളെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തു. ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്റെ സ്ഥാനം മാത്രമാണ് നിലനിര്‍ത്തിയത്. പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തുകയാണെന്ന് അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കി.

സ്വവര്‍ഗാനുരാഗിയായ യുവാവ് ലൈംഗിക ബന്ധത്തിനിടെ ഫോട്ടോയെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്തെന്നാരോപിച്ച് 21 കാരനായ നിയമവിദ്യാര്‍ഥിയെ കൊന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. യാഷ് റസ്തോഗി എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ഷവേജ്, ഇമ്രാന്‍, സല്‍മാന്‍ എന്നിവരെയാണ് പിടികൂടിയത്.

ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയില്‍ ക്ഷേത്രത്തില്‍ ഉറങ്ങിക്കിടന്നയാളെ കഴുത്തറുത്തു കൊന്നു. മുത്തച്ഛന്റെ ഗ്രാമം സന്ദര്‍ശിക്കാനെത്തിയ അമേത്തി സ്വദേശിയായ പങ്കജ് ശുക്ല(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ബന്ധു ഗുല്ലു മിശ്രയെ അറസ്റ്റു ചെയ്തു.

ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ മാളിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ഏതാനും പേര്‍ക്കു പരിക്കുണ്ട്. ഒരാളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പറും മലയാളിയുമായ ഇ.എന്‍ സുധീര്‍ അന്തരിച്ചു. 1970-കളില്‍ ഇന്ത്യയിലെ മികച്ച ഗോള്‍കീപ്പറെന്ന് പേരെടുത്ത അദ്ദേഹം രാജ്യത്തിനായി ഒമ്പത് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ കൂറ്റന്‍ ലീഡ് ലക്ഷ്യമാക്കി ഇന്ത്യ. മൂന്നാംദിനത്തിലെ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 125 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യക്കിപ്പോള്‍ ആകെ 257 റണ്‍സിന്റെ ലീഡായി. നേരത്തെ ഇംഗ്ലണ്ടിനെ 284 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 132 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. അഞ്ചിന് 84 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 200 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ജോണി ബെയര്‍‌സ്റ്റോയുടെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.

ആറു മാസത്തിനിടയില്‍ ടെസ്ല, സ്‌പേസ്എക്‌സ് തുടങ്ങിയ കമ്പനികളുടെ മേധാവിയും ലോകത്തെ ഏറ്റവും വലിയ ധനികനുമായ ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിഞ്ഞത് 6,200 കോടി ഡോളറാണ്. ഇതേ കാലയളവില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ മൂല്യം 6,300 കോടി ഡോളറാണ് കുറഞ്ഞത്. ഫെയ്‌സ്ബുക് (മെറ്റാ) ഗ്രൂപ്പ് കമ്പനികളുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി നേര്‍പകുതിയില്‍ അധികം കുറഞ്ഞു. ലോകമെമ്പാടുമുള്ള, ടെക്‌നോളജി മേധാവികള്‍ അടക്കമുള്ള ആദ്യ 500 പേരുടെ പട്ടികയിലുള്ളവരുടെ ആസ്തി ഇടിഞ്ഞത് മൊത്തം 1.4 ട്രില്യന്‍ ഡോളറാണെന്ന് (140,000 കോടി) ബ്ലൂംബര്‍ഗിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന നാണയപ്പെരുപ്പം നിയന്ത്രിക്കാനായി സര്‍ക്കാരുകള്‍ സ്വീകരിച്ചു തുടങ്ങിയ നടപടികാളാണ് ധനികരുടെ ആസ്തിയില്‍ കാര്യമായ ഇടിവ് ഉണ്ടാക്കിയിരിക്കുന്നത് എന്നു പറയുന്നു.

ജൂലൈ 12ന് ആഗോളതലത്തില്‍ അവതരിപ്പിക്കുന്ന നതിങ് ഫോണ്‍ 1ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അവതരിപ്പിക്കും മുന്‍പെ സ്മാര്‍ട് ഫോണിന്റെ രൂപകല്‍പനയെ സൂചിപ്പിക്കുന്ന ടിപിയു കെയ്സ് ഓണ്‍ലൈനില്‍ ചോര്‍ന്നു. അര്‍ദ്ധസുതാര്യമായ രൂപകല്‍പനയുള്ള കറുത്ത ഷേഡിലാണ് കെയ്സ് വരുന്നത്. സ്പീക്കറിനും ക്യാമറകള്‍ക്കുമായി കട്ട് ഔട്ടുകളുമുണ്ട്. കൂടാതെ, നതിങ് ഫോണ്‍ 1ന്റെ പ്രീ-ഓര്‍ഡര്‍ പാസ് നിലവില്‍ പാസ് കോഡ് ഇല്ലാതെ തന്നെ എല്ലാവര്‍ക്കും ഫ്ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്. കാള്‍ പെയുടെ നേതൃത്വത്തിലുള്ള ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ സ്മാര്‍ട് ഫോണിന് കസ്റ്റം-ട്യൂണ്‍ ചെയ്ത ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി പ്ലസ് ചിപ്പ് നല്‍കിയേക്കും. റീസൈക്കിള്‍ ചെയ്ത അലുമിനിയം മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഫോണ്‍ നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള നതിങ് ഒഎസിലാകും ഇത് പ്രവര്‍ത്തിക്കുക.

90 ശതമാനവും യുഎഇയില്‍ ചിത്രീകരിച്ച മലയാളം ത്രില്ലര്‍ റോഡ് മൂവിയായ ടു മെന്നിന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. സംവിധായകന്‍ എംഎ നിഷാദ്, ഇര്‍ഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത് ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ആണ്. വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തില്‍ അപരിചിതരായ രണ്ടു പേര്‍ നടത്തുന്ന ഒരു യാത്രയും അതിലുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ മുഹൂര്‍ത്തകളുമാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വരുന്നത്. രഞ്ജി പണിക്കര്‍, ബിനു പപ്പു, ലെന, സോഹന്‍ സിനുലാല്‍, സാദിഖ്, സുധീര്‍ കരമന, മിഥുന്‍ രമേഷ്, അനുമോള്‍, ആര്യ, സുനില്‍ സുഖദ, ധന്യ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിവാഹ ആവാഹനത്തിലെ അജു വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘ഗുപ്‌തേട്ടന്‍’ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. യഥാര്‍ഥ സംഭവങ്ങളെ ഉള്‍കൊള്ളിച്ച് ഒരുക്കിയ ചിത്രത്തില്‍ നിരഞ്ജ് മണിയന്‍പിള്ള രാജുവാണ് നായകന്‍. പുതുമുഖ താരം നിതാര നാരയികയാകുന്ന ചിത്രത്തില്‍ പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരും അഭിനയിക്കുന്നു.

ചെക്ക് വാഹന ബ്രാന്‍ഡായ സ്‌കോഡ ഓട്ടോ ഇന്ത്യ 2022 ജൂണ്‍ മാസത്തെ അതിന്റെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി. ചെക്ക് കാര്‍ നിര്‍മ്മാതാവിന്റെ ഇന്ത്യന്‍ ഉപസ്ഥാപനത്തിന് ഈ വര്‍ഷം ജൂണില്‍ 6,023 യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു. ഇത് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്പനി 721 ശതമാനം വളര്‍ച്ച കൈവരിച്ചു. വെറും 734 യൂണിറ്റായിരുന്നു കഴിഞ്ഞവര്‍ഷത്തെ വില്‍പ്പന. സ്‌കോഡ ഇന്ത്യയുടെ ജനുവരി-ജൂണ്‍ 2022 വില്‍പ്പന ഇതിനകം തന്നെ 2021-ലെ മൊത്തം വില്‍പ്പനയെ മറികടന്നു. കഴിഞ്ഞ വര്‍ഷം കമ്പനി 23,858 യൂണിറ്റ് വാര്‍ഷിക വില്‍പ്പന രേഖപ്പെടുത്തി, 2022 ലെ ആദ്യ ആറ് മാസങ്ങളില്‍ തന്നെ സ്‌കോഡ 28,899 യൂണിറ്റുകള്‍ വിറ്റു.

മനുഷ്യര്‍ തുടങ്ങി വച്ച ജാതിയും മതവും വര്‍ഗ്ഗവും രാഷ്ട്രീയവുമൊക്കെ വച്ച് ഒരു ദാക്ഷിണ്യവുമില്ലാതെ വെട്ടി വേര്‍തിരിച്ച മനുഷ്യന്മാരെ മൊത്തം കുറച്ച് നേരമെങ്കിലും ഒന്നിപ്പിക്കാന്‍ ശുദ്ധഹാസ്യത്തിന് കഴിയുമ്പോലെ വേറൊന്നിനുമാകില്ലല്ലോ. അതുപോലെ, എത്ര ഗുരുതരമായ രോഗാവസ്ഥയിലും മനുഷ്യനെ അതൊക്കെ മറന്ന് ജീവിക്കാനുള്ള ഫയര്‍ നല്‍കാന്‍ ഏറ്റവും എഫക്റ്റീവായ മരുന്ന് ഹ്യൂമറാണെന്ന തിരിച്ചറിവായിരിക്കണം ഫുജൈറ ഹോസ്പിറ്റലിലെ പ്രഗത്ഭനായ ഈ ഡോക്ടര്‍ ഇത്രമേല്‍ സെന്‍സ് ഓഫ് ഹ്യൂമര്‍ കൂടെക്കൊണ്ടുനടക്കാനുള്ള പ്രധാന കാരണം. ‘പാരഡൈം ഷിഫ്റ്റ്’. മോനി കെ വിനോദ്. ഗ്രീന്‍ ബുക്സ്. വില 171 രൂപ.

പ്രോട്ടീന്‍ നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിലും ഉണ്ടായിരിക്കേണ്ട അവശ്യ പോഷകമാണ്. കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും പോലെ ശരീരത്തിന് പ്രോട്ടീന്‍ സംഭരിക്കാന്‍ കഴിയാത്തതിനാല്‍ നിങ്ങള്‍ എല്ലാ ദിവസവും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. പേശികളുടെ വളര്‍ച്ചയ്ക്ക് മാത്രമല്ല, എല്ലുകള്‍, സന്ധികള്‍, മുടി, ആന്റിബോഡികള്‍, ഹോര്‍മോണുകള്‍, എന്‍സൈമുകള്‍ എന്നിവയ്ക്കും ഇത് ആവശ്യമാണ്. അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്ന ആന്റിബോഡികള്‍ നിര്‍മ്മിക്കാനും കോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്താനും പുതിയവ സൃഷ്ടിക്കാനും പ്രോട്ടീന്‍ സഹായിക്കുന്നു. പ്രോട്ടീന് അടങ്ങിയ ഭക്ഷണം അമിത വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. സാല്‍മണില്‍ പ്രോട്ടീനും ഒമേഗ-3 കൊഴുപ്പും ധാരാളമുണ്ട്. 100 ഗ്രാം സാല്‍മണില്‍ 206 കലോറി മാത്രമേ ഉള്ളൂ. സാല്‍മണ്‍ പതിവായി കഴിക്കുന്നത് ഭാരം നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം. കാരണം ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. മുട്ടയില്‍ കലോറി കുറവും പ്രോട്ടീനും കൂടുതലാണ്. വിറ്റാമിന്‍ ഡിയുടെയും ഇരുമ്പിന്റെയും സമൃദ്ധമായ ഉറവിടം കൂടിയാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. ശരീരഭാരം കുറയ്ക്കാനും മസില്‍ വര്‍ധിപ്പിക്കാനും പ്രോട്ടീന്‍ അത്യാവശ്യമാണ്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തോടൊപ്പം തൈര് കഴിക്കുന്നത് പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും നല്‍കും. ഒരു കപ്പ് ഗ്രീക്ക് തൈരില്‍ ഏകദേശം 17 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പാലുല്‍പ്പന്നങ്ങളായ ചീസ്, തൈര്, കോട്ടേജ് ചീസ് എന്നിവയില്‍ നല്ല അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും പോഷകസമൃദ്ധവുമായത് ഗ്രീക്ക് യോഗര്‍ട്ട് ആണ്. ഒരു ടേബിള്‍സ്പൂണ്‍ മത്തങ്ങ വിത്തില്‍ നിങ്ങള്‍ക്ക് 5 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. മത്തങ്ങ വിത്തുകള്‍ വളരെ പോഷകഗുണമുള്ളതും ശക്തമായ ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞതുമാണ്.

ശുഭദിനം
കവിത കണ്ണന്‍
കാട്ടില്‍ ആരോ കെണി വെച്ചിരുന്നു. ആ കെണിയില്‍ സിംഹമാണ് അകപ്പെട്ടത്. സിംഹത്തിന്റെ കരച്ചില്‍ കേട്ട് ഒരു ആട്ടിന്‍കുട്ടി വന്നു. സിംഹം ചോദിച്ചു: എന്നെ രക്ഷിക്കാമോ? തന്നെ ഉപദ്രവിക്കില്ല എന്ന വ്യവസ്ഥയില്‍ ആട്ടിന്‍കുട്ടി സിംഹത്തെ തുറന്നുവിട്ടു. പുറത്തെത്തിയ സിംഹത്തിന്റെ മട്ടുമാറി. തന്നെ തിന്നാനൊരുങ്ങിയ സിംഹത്തോട് ആട് കരഞ്ഞപേക്ഷിച്ചു. അപ്പോഴേക്കും അവിടെ മറ്റുമൃഗങ്ങളെല്ലാവരുമെത്തി. പക്ഷേ, സിംഹത്തെ പിണക്കുന്നത് ബുദ്ധിയല്ലെന്ന് അറിയാവുന്നതുകൊണ്ട് ആരും ഒന്നും പറഞ്ഞില്ല. അപ്പോഴാണ് ഒരു കഴുത ആ വഴിയെത്തിയത്. കഴുത പറഞ്ഞു: സത്യത്തില്‍ ഇവിടെ എന്താണ് നടന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഒന്ന് കാണിച്ചു തരാമോ? ഇത് കേട്ട് സിംഹം കൂട്ടിനകത്തുകയറി. പുറത്ത് നിന്ന് കൂട് പൂട്ടാനാവശ്യപ്പെട്ടു. കൂട് പൂട്ടിയതിന് ശേഷം സിംഹം പറഞ്ഞു: ഞാന്‍ ഇവിടെ ഇങ്ങനെ നിന്നു കരഞ്ഞപ്പോള്‍ ആ ആട്ടിന്‍കുട്ടി എന്നെ രക്ഷിച്ചു. അപ്പോള്‍ കഴുത പറഞ്ഞു: ഇപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ വ്യക്തമായത്. എന്തായാലും താങ്കളെ ഇനി ആരും രക്ഷിക്കാന്‍ പോകുന്നുമില്ല, ഈ കൂടിനി ആരും തുറക്കാനും പോകുന്നില്ല. എല്ലാവര്‍ക്കും കഴുതയുടെ പ്രവൃത്തിയില്‍ മതിപ്പുതോന്നി. മുന്‍വിധികളിലൂടെ മുദ്രകുത്തപ്പെടുന്നവരാണ് പിന്നീട് അത്ഭുതങ്ങള്‍ സമ്മാനിക്കുന്നത്. സിംഹം ഒരു രാജാവും ബുദ്ധിമാനുമാണെന്നും കഴുത ഒരു വിഢ്ഢിയാണെന്നും എഴുതപ്പെടാത്ത ഒരു പഴമൊഴിയുണ്ടല്ലോ.. വംശവും വര്‍ഗ്ഗവും അടിസ്ഥാമാക്കിയുള്ള ഒരു വിലയിരുത്തലും നിഷ്പക്ഷമല്ല. സങ്കുചിതമനോഭാവവും സ്ഥാപിതതാല്‍പര്യങ്ങളും ഊട്ടിയുറപ്പിക്കുക മാത്രമാണ് ലക്ഷ്യം. അകറ്റി നിര്‍ത്തപ്പെടുന്നവര്‍ക്കുള്ള മറുപടി അവസരത്തിനൊത്ത് ഉയരുക എന്നത് മാത്രമാണ്. നമുക്ക് മുന്‍വിധികളെ നിര്‍ത്തലാക്കാന്‍ ശീലിക്കാം. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *