yt cover 3

മഹാരാഷ്ട്രയില്‍ വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രി. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. നാളെ വിശ്വാസവോട്ടു നേടുമെന്നു ഷിന്‍ഡെ അറിയിച്ചു. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഏകനാഥ് ഷിന്‍ഡേയുടെ മന്ത്രിസഭയില്‍ ചേരില്ലെന്നു നിലപാടെടുത്ത ഫഡ്നാവിസ്, പിന്നീട് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം ഉപമുഖ്യമന്ത്രിയാകുകയായിരുന്നു.

എ.കെ.ജി സെന്ററില്‍ ബോംബേറ്. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എകെജി സെന്ററിന്റെ ഹാളിലേക്കുള്ള ഗേറ്റില്‍ രാത്രി പതിനൊന്നരയോടെയാണ് ബോംബ് എറിഞ്ഞത്. കുന്നുകുഴി ഭാഗത്തേക്കുള്ള റോഡില്‍നിന്നു സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുകയായിരുന്നു. സ്ഥലത്തെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഫോറന്‍സിക് പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന സിപിഎം നേതാക്കളും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

എകെജി സെന്ററിനുനേരെ നടന്ന ബോംബാക്രമണം സംസ്ഥാനത്തു കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും. സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണം. എന്നാല്‍ സംയമനം പാലിക്കണം. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. കോടിയേരിയും ജയരാജനും പറഞ്ഞു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് ഇന്നു മുതല്‍ നിരോധനം. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും തടയാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകളും എന്‍ഫോഴ്സമെന്റ് സ്‌ക്വാഡുകളും രൂപീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു.

സുപ്രീംകോടതിയുടെ ബഫര്‍ സോണ്‍ വിധിക്കെതിരേ കേരളം സുപ്രീംകോടതിയില്‍ റിവ്യു ഹര്‍ജി നല്‍കും. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണു തീരുമാനം. വനംവകുപ്പു നടത്തുന്ന ഏരിയല്‍ സര്‍വ്വേ ഉടന്‍ പൂര്‍ത്തിയാക്കി ഉന്നതാധികാര സമിതിക്കു റിപ്പോര്‍ട്ട് നല്‍കും. ബഫര്‍ സോണ്‍ പ്രശ്നം ജനങ്ങള്‍ക്കിടയില്‍ ആശങ്ക തുടരുമ്പോഴാണ് സര്‍ക്കാരിന്റെ തീരുമാനം.

സ്പ്രിംക്ലര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവക്കണമെന്ന് രമേശ് ചെന്നിത്തല. ഡാറ്റ വിറ്റെന്ന് രണ്ടു വര്‍ഷം മുന്‍പ് താന്‍ ഉന്നയിച്ചതാണെന്ന് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ കൂട്ടുപ്രതി സ്വപ്ന ഉന്നയിച്ച ആരോപണം വസ്തുതകളെ ശരിവക്കുന്നതാണ്. ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് വിറ്റതിന് പിറകിലെ തലച്ചോറ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടേതാണെന്നുമുള്ള ആരോപണം ഗൗരവമുള്ളതാണ്. ചെന്നിത്തല പറഞ്ഞു.

ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുകയും 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുകയും ചെയ്യണമെന്ന് ഉന്നതവിദ്യാഭ്യാസ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട്. ചെയര്‍മാന്‍ പ്രഫ. സി ടി അരവിന്ദകുമാര്‍ റിപ്പോര്‍ട്ട് മന്ത്രി ഡോ. ആര്‍. ബിന്ദുവിനു കൈമാറി. ഓരോ സര്‍വ്വകലാശാലയിലെയും പ്രതിനിധികളെ ഉള്‍പെടുത്തി നിര്‍വ്വഹണസമിതി രൂപീകരിച്ച് എത്രയും വേഗം റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

സഹകരണ വകുപ്പ് 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കില്‍ വിജിലന്‍സ് പരിശോധന. മെയിന്‍ ബ്രാഞ്ചായ തൂങ്ങാംപാറയില്‍ പരിശോധന. സിപിഐ നേതാവായ ബാങ്ക് പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെയും ബ്രാഞ്ചുകളിലെ ജീവനക്കാരുടേയും മൊഴിയെടുത്തു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സേവനങ്ങള്‍ രാജ്യവ്യാപകമായി തടസപ്പെട്ടു. സെര്‍വര്‍ തകരാറായതാണു കാരണം. ശാഖകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകളും തടസ്സപ്പെട്ടു. എടിഎം, യുപിഐ വഴിയുള്ള പണമിടപാടുകളും മുടങ്ങി.

പേ വിഷബാധയേറ്റ് തൃശൂരിലും മരണം. പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടില്‍ ഉണ്ണികൃഷ്ണന്‍ (60) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഉണ്ണികൃഷ്ണന്‍ വാക്സീന്‍ എടുത്തിരുന്നില്ല. മൂന്നു മാസം മുന്‍പാണ് നായയുടെ കടിയേറ്റത്. നായ പിന്നീട് ചത്തു.

പേവിഷ ബാധയേറ്റു മരിച്ച പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മിക്ക് കൃത്യമായ ഇടവേളകളില്‍ വാക്‌സീന്‍ നല്‍കിയിരുന്നതായി അച്ഛന്‍ സുഗുണന്‍. മെയ് 30, ജൂണ്‍ 2, ജൂണ്‍ 6, ജൂണ്‍ 27 തിയതികളില്‍ വാക്‌സീന്‍ എടുത്തതാണ്. ജൂണ്‍ 28 ന് കോളേജില്‍ പരീക്ഷയ്ക്കു പോയി വന്നപ്പോള്‍ പനിച്ചു. പിറ്റേന്നു രാവിലെ വെള്ളം കുടിച്ചപ്പോഴാണ് ലക്ഷണം കാണിച്ചതെന്നും സുഗുണന്‍ പറഞ്ഞു. അയല്‍വീട്ടിലെ പട്ടി മേയ് 30 നാണ് ശ്രീലക്ഷ്മിയെ കടിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ 3,904 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 14 പേര്‍ മരിച്ചു. എറണാകുളത്ത് 929 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. നാലു മരണവും സ്ഥിരീകരിച്ചു.

പയ്യന്നൂരിലെ സിപിഎം രക്തസാക്ഷി ഫണ്ട് വിവാദം അവസാനിപ്പിക്കാന്‍ ധനരാജിന്റെ 9,80,000 രൂപയുടെ കടബാധ്യത ഏരിയ കമ്മറ്റി അക്കൗണ്ടില്‍നിന്ന് അടച്ചു. ധനരാജിനായി പിരിച്ച തുകയില്‍ ബാങ്കിലിട്ട 42 ലക്ഷം എവിടെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെയാണ് പാര്‍ട്ടി ഏരിയ കമ്മറ്റിയുടെ പണമെടുത്ത് കടംവീട്ടിയത്. പാര്‍ട്ടിക്ക് ഒരു രൂപ പോലും നഷ്ടമായില്ല എന്ന ഏരിയ കമ്മറ്റിയുടെ കണക്ക് ഇന്നു ലോക്കല്‍ കമ്മറ്റിയില്‍ അവതരിപ്പിക്കും. രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം രൂപ രണ്ട് നേതാക്കള്‍ പിന്‍വലിച്ചെന്നാണു വി കുഞ്ഞികൃഷ്ണന്‍ ബാങ്ക് രേഖകള്‍ സഹിതം പാര്‍ട്ടിക്കു പരാതി നല്‍കിയത്.

കെഎസ്യു ജില്ലാ സെക്രട്ടറി ഉള്‍പ്പടെ രണ്ടുപേരെ കോഴിക്കോട് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കോഴിക്കോട് കെഎസ്യു ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹര്‍, ഷിജു എന്ന ടിങ്കു എന്നിവരാണ് പിടിയിലായത്. വധശ്രമം, കവര്‍ച്ച, ലഹരിക്കടത്ത് കൂടാതെ ആറുമാസം പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നതടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇതു രാഷ്ട്രീയ പകപോക്കലാണെന്ന് കോഴിക്കോട് ഡിസിസി ആരോപിച്ചു.

മുഖ്യമന്ത്രിയുമായി വേദി പങ്കിടാതെ മാറിനിന്ന് ശിവശങ്കരന്‍. കായികതാരങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ സ്പോര്‍ട്സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ സ്വാഗതപ്രസംഗകനായ എം. ശിവശങ്കരന്‍ ചടങ്ങിന് എത്തിയില്ല. സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ ശിവശങ്കരന്‍ വിവാദം കത്തിനില്‍ക്കുന്നതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.

കൊല്ലം കുളത്തുപ്പുഴയില്‍ വീട്ടുമുറ്റത്തുനിന്ന ചന്ദന മരം രാത്രിയില്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചു. ചന്ദനക്കാവ് സ്വദേശി ഡാനിയേലിന്റെ വീട്ടുമുറ്റത്ത് നിന്ന 20 വര്‍ഷം പഴക്കമുള്ള ചന്ദനമരമാണ് മോഷ്ട്ടാക്കള്‍ മുറിച്ചിട്ടത്. വീട്ടുകാര്‍ ഉണര്‍ന്നതോടെ കവര്‍ച്ചാ സംഘം ഓടി രക്ഷപെട്ടു. സംഭവത്തില്‍ കുളത്തുപ്പുഴ പൊലീസ് കേസെടുത്തു.

മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ രണ്ടു യുവാക്കളെ കോഴിക്കോട് പിടികൂടി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി തവളേങ്ങല്‍ വീട്ടില്‍ ഇര്‍ഷാദ് (33), അങ്ങാടിപ്പുറം പുഴക്കാട്ടിരി സ്വദേശി സാദിഖ് (38) എന്നിവരാണ് പിടിയിലായത്.

ഇടുക്കി മുരിക്കാശ്ശേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല്‍പ്പതുകാരന്‍ പിടിയില്‍. കോതമംഗലം പോത്താനിക്കാട് സ്വദേശി വേലംപ്ലാക്കല്‍ സാജനെയാണ് തമിഴ്നാട്ടില്‍ നിന്നും പിടികൂടിയത്. രണ്ടു മാസം മുന്‍പാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരിച്ച കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ മെല്‍ബിന്‍ ജോര്‍ജിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് കൈമാറി. മരണശേഷം കോവിഡ് മുന്‍നിര പോരാളികള്‍ക്കുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് രണ്ടു മാസം മുമ്പ് മെല്‍ബിന്റെ കുടുംബത്തിന് നല്‍കിയിരുന്നു.

തിരുവനന്തപുരം വിതുരയില്‍ പോസ്റ്റ്മാന്‍ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്‍ വിതുര രേവതി ഹൗസില്‍ രാജേന്ദ്രന്‍ നായര്‍ (59) ആണ് ആത്മഹത്യ ചെയ്തത്. പാലോട് കാര്‍ഷിക വികസന ബാങ്കില്‍ നിന്നും ഭൂപണയ ബാങ്കില്‍നിന്ന് ആറു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവു മുടങ്ങിയതിനാല്‍ സ്ഥലം ബാങ്ക് അറ്റാച്ച് ചെയ്തെന്നു മനസിലാക്കിയതോടെയാണ് ജീവനൊടുക്കിയത്.

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്കു നേരെയുണ്ടായ അതിക്രമത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ചാലക്കുടി സ്വദേശികളായ സിജോ, ജോയ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളില്‍ മരം വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ഹരിപ്പാട് ദേശീയപാതയില്‍ താമല്ലാക്കല്‍ ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷ യാത്രക്കാരായ ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശികളായ തങ്കമ്മ, ബിന്ദു, ഓട്ടോ ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പാലക്കാട്ടെ നെല്ലിയാമ്പതിയില്‍ കനത്ത മഴയെ തുടര്‍ന്ന് നൂറടി പുഴയില്‍ വെള്ളം ഉയര്‍ന്നു. ഏതാനും വീടുകളില്‍ വെള്ളം കയറി. ശക്തമായ മഴയിലും കാറ്റിലും നിരവധി മരങ്ങള്‍ കടപുഴകി വീണു. ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

മദ്രസയില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. നെല്ലിക്കുഴി സ്വദേശി അലിയാറിനെയാണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 10 വര്‍ഷം തടവ്. തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി സ്‌കൂളിലെ അധ്യാപകന്‍ സുധാസിനെയാണ് കോടതി ശിക്ഷിച്ചത്. 50,000 രൂപ പിഴയും ഒടുക്കണമെന്ന് തൃശ്ശൂര്‍ ഒന്നാം അഡീഷ്ണല്‍ ജില്ലാ കോടതി വിധിച്ചു.

ഗുജറാത്ത് കലാപ സമയത്ത് താന്‍ മോദിയെ പേടിച്ച് മുങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം അസംബന്ധമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്ത് കലാപത്തിനു പിന്നാലെ ഇഹ്സാന്‍ ജഫ്രിയുടെ വിധവയെ സോണിയ ഗാന്ധി സന്ദര്‍ശിച്ചില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനു പിറകേയായിരുന്നു യെച്ചൂരിക്കെതിരായ സതീശന്റെ വിമര്‍ശനം.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ ഏക്നാഥ് ഷിന്‍ഡെയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എന്‍സിപി നേതാവ് ശരത് പവാറും പുതിയ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നു. ഇതേസമയം, ശിവസേനയില്‍ ഇങ്ങനെയൊരു പൊട്ടിത്തെറി പ്രതീക്ഷിച്ചില്ലെന്നും ഷിന്‍ഡേ മുഖ്യമന്ത്രി ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ശരദ് പവാര്‍ പ്രതികരിച്ചു. ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായത് അത്ഭുതപ്പെടുത്തി. പവാര്‍ പറഞ്ഞു.

താനെയിലെ ബിയര്‍ ബ്രൂവറിയിലെ ജോലിക്കാരനും ഓട്ടോ ഡ്രൈവറുമായിരുന്ന നിലയില്‍നിന്നാണ് ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. താനെയിലെ ശിവസേനയുടെ പ്രമുഖ നേതാക്കളിലൊരാളാണ് ഷിന്‍ഡെ. താനെ മേഖലയില്‍ ശിവസേനയെ കെട്ടിപ്പടുത്തു. 2014 ല്‍ മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. എന്‍സിപി – കോണ്‍ഗ്രസ് – ശിവസേന സഖ്യം മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ നഗരവികസന, പൊതുമരാമത്ത് വകുപ്പു മന്ത്രിയായിരുന്നു. മകന്‍ ഡോ. ശ്രീകാന്ത് ഷിന്‍ഡെ കല്യാണില്‍ നിന്നുള്ള എംപിയാണ്.

ബിജെപിക്കെതിരായ ‘ജിഹാദ്’ പ്രസ്താവന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയോട് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. ജൂലൈ 21 ന് ബിജെപിയ്ക്കെതിരായ ജിഹാദ് ദിനമായി ആചരിക്കണമെന്ന് മമത ആഹ്വാനം ചെയ്തിരിക്കുകയാണ്.

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പോലീസ് കസ്റ്റഡിയില്‍ വിട്ട പട്യാല ഹൗസ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്നു പരിഗണിക്കും.

ഐഎസ്ആര്‍ഒ ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ സി53 വിജയകരമായി വിക്ഷേപിച്ചു. സിംഗപ്പൂരില്‍നിന്ന് മൂന്ന് ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് വിക്ഷേപിച്ചത്.

അഗ്നിപഥ് പദ്ധതിക്കെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. അഗ്നിപഥ് യുവാക്കള്‍ക്കോ രാജ്യസുരക്ഷക്കോ ഗുണകരമല്ലെന്ന് പ്രമേയം കുറ്റപ്പെടുത്തി.

ഭാര്യയുമായുള്ള തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും രണ്ടു ബന്ധുക്കളെയും വിളിച്ചുവരുത്തി ഓട്ടോ ഡ്രൈവര്‍ തീകൊളുത്തി. സംഭവത്തില്‍ പൊള്ളലേറ്റ ബന്ധുക്കള്‍ മരിച്ചു. ഭാര്യാപിതാവും ഭാര്യാസഹോദരനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ബുധനാഴ്ച കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന് തൊട്ടുപിന്നാലെ പ്രതി ശരണപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. 16 വര്‍ഷം മുമ്പു വിവാഹിതരായ ശരണപ്പ -ഹുലിഗെമ്മ ദമ്പതിമാര്‍ക്കു രണ്ടു കുട്ടികളുണ്ട്.

തെരുവില്‍ അന്തിയുറങ്ങുന്ന സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കത്തിയും തോക്കും കാണിച്ച് ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിന് 162 വര്‍ഷം തടവുശിക്ഷ. അമേരിക്കയിലെ ഡെന്‍വറില്‍ നാലു സ്ത്രീകളെ ബലാല്‍സംഗം ചെയ്ത കൊളറാഡോ സ്വദേശിയായ ജോസഫ് ഗബ്രിയേല്‍ വാന്‍ എക്ക് എന്ന 33 കാരനെയാണ് കോടതി 162 വര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ചത്.

സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗില്‍ ജാവലിന്‍ ത്രോയില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിയ ഇന്ത്യയുടെ ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം. 90.31 മീറ്റര്‍ ദൂരം താണ്ടിയ ഗ്രാനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ചാമ്പ്യനായി. ആദ്യ ശ്രമത്തില്‍ 89.94 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ദേശീയ റെക്കോര്‍ഡിട്ടത്.

ഇംഗ്ലണ്ടിനെതിരേ ജൂലായ് ഒന്നിനാരംഭിക്കുന്ന എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ ജസ്പ്രീത് ബുംറ നയിക്കും. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. കോവിഡ് ബാധിതനായ രോഹിത് ശര്‍മയ്ക്ക് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ കളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബുംറ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്. അതേസമയം ഇംഗ്ലണ്ടിനെിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ തന്നെ നയിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ ട്വന്റി20 മത്സരത്തിനുള്ള ടീമില്‍ മാത്രമാണ് ഇടം നേടിയത്.

ഇംഗ്ലണ്ട് ഏകദിന, ടി20 ടീമുകളുടെ നായകനായി ജോസ് ബട്‌ലറെ തെരഞ്ഞെടുത്തു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ഓയിന്‍ മോര്‍ഗന് പകരമാണ് ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമുകളുടെ നായകനാവുന്നത്. മോര്‍ഗന് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്നു ജോസ് ബട്‌ലര്‍.

വിംബിള്‍ഡണ്‍ ടെന്നീസില്‍ വമ്പന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. ബ്രിട്ടന്റെ ആന്‍ഡി മറെ, പത്താം സീഡും യു.എസ് ഓപ്പണ്‍ ജേതാവുമായ ബ്രിട്ടീഷ് താരം എമ്മ റാഡുകാനു, സ്‌പെയ്‌നിന്റെ ഗാര്‍ബിന്‍ മുഗുരുസ എന്നിവര്‍ തോറ്റ് പുറത്തായി.

ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഏഴു സംസ്ഥാനങ്ങളായി ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഹരിയാന, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട് എന്നിവ നേട്ടം കരസ്ഥമാക്കി. ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ 2020ല്‍ രൂപം നല്‍കിയ കര്‍മ്മ പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക. ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഉള്‍പ്പെടുന്നത്. അസം, ഗോവ തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അതിവേഗം വളരുന്ന 11 സ്ഥാനങ്ങളുടെ പട്ടികയിലാണ് ഡല്‍ഹിയും പുതുച്ചേരിയും ത്രിപുരയും ഉള്‍പ്പെടുന്നു.

യാത്രക്കാരുടെ സംതൃപ്തി സര്‍വേയില്‍ ചരിത്ര നേട്ടവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളം. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍ (എസിഐ) നടത്തിയ യാത്രക്കാരുടെ സംതൃപ്തി സംബന്ധിച്ച സര്‍വേയിലാണ് സിയാല്‍ 5ല്‍ 4.99 എന്ന മികച്ച സ്‌കോര്‍ നേടിയത്. വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ് ആണിത്. 2022 ആദ്യ പാദത്തില്‍ ലോകത്തിലെ 244 വിമാനത്താവളങ്ങളിലാണ് എസിഐ സര്‍വേ നടത്തിയത്. വിമാനത്താവളങ്ങളിലെ പുറപ്പെടല്‍ യാത്രക്കാര്‍ക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും വൃത്തിയുമായിരുന്നു സര്‍വേയിലെ പ്രധാന വിഷയങ്ങള്‍.

കൈതി, വിക്രം എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധനേടിയ അര്‍ജുന്‍ ദാസ് ബോളിവുഡിലേക്ക്. മലയാള ചലച്ചിത്രം അങ്കമാലി ഡയറീസിന്റെ ഹിന്ദി പതിപ്പില്‍ നായകനായാണ് അര്‍ജുന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ ആന്റണി വര്‍ഗീസ് അവതരിപ്പിച്ച പെപ്പെയുടെ വേഷത്തിലാകും അര്‍ജുന്‍ എത്തുക. മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ അങ്കമാലിയായിരുന്നു പശ്ചാത്തലമെങ്കില്‍ ഉള്‍നാടന്‍ ഗോവയായിരിക്കും ഹിന്ദി പതിപ്പിന്റെ കഥാപരിസരമെന്നാണ് വിവരം. റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവാഗതരായ ബിബിത- റിന്‍ ദമ്പതികള്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പ്യാലി’. അഞ്ചു വയസുകാരി ബാര്‍ബി ശര്‍മയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ബബിത- റിന്‍ ദമ്പതിമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഇപ്പോഴിതാ ‘പ്യാലി’ എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനം പുറത്തിട്ടിരിക്കുകയാണ്. ജൂലൈ എട്ടിന് ആണ് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിന് എത്തിക്കുക. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുക. ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആടുകളം മുരുഗദോസും ‘പ്യാലി’യില്‍ പ്രധാന കഥാപാത്രമായുണ്ട്.

ബജാജ് ഓട്ടോ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ പുതിയ പള്‍സര്‍ എന്‍160 അവതരിപ്പിച്ചത്. ഈ 160 സിസി നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ക്വാര്‍ട്ടര്‍ ലിറ്റര്‍ പള്‍സര്‍ മോട്ടോര്‍സൈക്കിളുകളുമായി അതിന്റെ പ്ലാറ്റ്‌ഫോമും മറ്റും പങ്കിടുന്നു. 1.22 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ആണ് 2022 ബജാജ് പള്‍സര്‍ എന്‍160 ഇന്ത്യയില്‍ എത്തുന്നത്. കരീബിയന്‍ ബ്ലൂ, റേസിംഗ് റെഡ്, ബ്രൂക്ലിന്‍ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഷെയ്ഡുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. സിംഗിള്‍-ചാനല്‍ എബിഎസ് വേരിയന്റിന് 1.22 ലക്ഷം രൂപയ്ക്കും ഡ്യുവല്‍-ചാനല്‍ എബിഎസ് വേരിയന്റിന് 1.27 ലക്ഷം രൂപയ്ക്കുമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ദൂരത്താല്‍ നഷ്ടമായാലും ഉള്ളിടങ്ങളില്‍ പച്ചകുത്തിയപോലെ നോവിയ്ക്കുന്ന ജീവിതവഴിയിലെ അക്ഷരനീറ്റലുകള്‍. രണ്ടിടങ്ങളില്‍ ഇരുന്ന് ഒരേ വേനല്‍ ഉണ്ണുന്നവരെ ഒന്നിച്ചുനനയിയ്ക്കുന്ന ഓര്‍മ്മപ്പെയ്ത്ത്, ഈ കവിതകള്‍! ‘വേനലുണ്ണുമ്പോള്‍’. ഹരിത ഉണ്ണിത്താന്‍. ഗ്രീന്‍ പെപ്പര്‍ പബ്ളിക്ക. വില 99 രൂപ.

പ്രതിദിനം 2-3 കപ്പ് കാപ്പി കുടിക്കുന്നത് വൃക്ക തകരാറിനുള്ള സാധ്യത 23% കുറയ്ക്കുമെന്ന് പുതിയ പഠനം. കിഡ്‌നി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കാപ്പി കുടിക്കുന്നത് അക്യൂട്ട് കിഡ്‌നി ക്ഷതത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. പ്രതിദിനം 2-3 കപ്പ് കാപ്പി കുടിക്കുന്നത് ഗുണം ചെയ്യും. കാപ്പിയില്‍ കഫീന്‍, ഡിറ്റര്‍പെന്‍സ്, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. കാപ്പിയിലെ മറ്റ് സംയുക്തങ്ങളായ ക്ലോറോജെനിക് ആസിഡ്, ട്രൈഗോനെലിന്‍ എന്നിവ വീക്കം, ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിന് അറിയപ്പെടുന്നു. കാപ്പി ഉപയോഗപ്രദമാകുമെന്ന് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇത് ഒരു ജനപ്രിയ പാനീയമായതിനാല്‍ ഇപ്പോള്‍ നിഗമനങ്ങളില്‍ എത്തിച്ചേരരുതെന്നും പഠനം പറയുന്നു. എന്നാല്‍ കാപ്പി കുടിക്കുന്നവര്‍ക്ക് വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും മുമ്പ് നടത്തിയ പഠനത്തില്‍ പറയുന്നു. ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

ശുഭദിനം
കവിത കണ്ണന്‍

ഈ സന്യാസി ഒരു കെട്ടിടത്തിന്റെ സമീപത്താണ് നിന്നിരുന്നത്. ആ സമയത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ഒരാള്‍ താഴേക്ക് ചാടി. അയാള്‍ വീണത് സന്യാസിയുടെ മേല്‍ ആയിരുന്നു. വീണയാള്‍ക്ക് വലിയ പരുക്കകളൊന്നും സംഭവിച്ചില്ല പക്ഷേ സന്യസിയുടെ നില ഗുരുതരമായി. ആളുകള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ കാണാനെത്തിയ ശിഷ്യന്മാര്‍ ചോദിച്ചു: വെറുതെ നിന്ന അങ്ങേക്കാണ് അപകടം സംഭവിച്ചത്. താഴേക്ക് ചാടിയ ആള്‍ക്ക് ഒന്നും സംഭവിച്ചുമില്ല. എന്താണ് ഈ ജീവിതം ഇങ്ങനെ? സന്യാസി പറഞ്ഞു: ഈ ലോകത്ത് നമ്മള്‍ വിചാരിക്കുന്നപോലെ എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല… മുന്‍കൂട്ടി തയ്യാറാക്കിയ വഴികളിലൂടെ നടന്നും, തീരുമാനിച്ചുറപ്പിച്ച സ്ഥലങ്ങളില്‍ കൃത്യസമയത്ത് മാത്രം വിശ്രമിച്ചും ഒരു പ്രയാണവും പൂര്‍ത്തിയാക്കാനാകില്ല. ജീവിത്തില്‍ ആകസ്മികതയും അത്യാഹിതവും അനുവാദം ചോദിക്കാതെയാണ് കടന്നുവരിക. എഴുതി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് മാത്രം സംഭവികാസങ്ങള്‍ ഉണ്ടാകുന്ന ജീവിതത്തിന് എന്ത് സാഹസികതയാണ് ഉള്ളത്. ആകസ്മികമായി സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ചില നേട്ടങ്ങള്‍ കൂടിയുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ മനഃസാന്നിധ്യം ശീലിക്കും. ഒരു മറുപദ്ധതിയെകുറിച്ച് ബോധവാനായിരിക്കും. നിരാശയില്‍ പതിക്കുമ്പോഴും തിരിച്ചുവരണമെന്ന് ആഗ്രഹിക്കും. ഓരോ അനുഭവത്തിനും അതിന്റേതായ കാരണങ്ങളുണ്ടാകും. അതനുഭവിക്കുന്നവര്‍ക്ക് അതിന്റെ മേല്‍ ഒരു നിയന്ത്രണങ്ങളും ഉണ്ടാകില്ല. വന്നുചേരുന്ന അനുഭവങ്ങളെ വിവേകപൂര്‍വ്വം സമീപിക്കുക എന്നതാണ് ജീവിതത്തിന്റെ അളവുകോല്‍ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *