എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഈ മാസം 29 നു കോടതി വിധി പറയും. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എഡിഎമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കിയെന്നും വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്നമെന്നും വാദിച്ച കുടുംബത്തിൻ്റെ അഭിഭാഷകൻ, പെട്രോൾ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താത്പര്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാനായി മാറ്റിയത്.
പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാനായി മാറ്റി
