തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലൊരാളാണ് പൂജ ഹെഗ്‌ഡെ. ഇതിനോടകം തന്നെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു പൂജ. ഇപ്പോഴിതാ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ്യുടെ നായികയാകാനൊരുങ്ങുകയാണ് പൂജ. ദളപതി 69ല്‍ വിജയ്യുടെ നായിക പൂജ ഹെഗ്‌ഡെയാണെന്ന് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുകയാണ്. അതേസമയം വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയില്‍ വന്‍ ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണ് ദളപതി 69. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ നിന്ന് നടി മമിത ബൈജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബോബി ഡിയോളും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 2025 ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യും.