https://www.youtube.com/watch?v=TdlMHhZ4riY
തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’ സെപ്റ്റംബര്‍ 30ന് തിയറ്ററുകളില്‍ എത്താനിരിക്കേ കൗതുകമുണര്‍ത്തുന്ന വീഡിയോകളും പോസ്റ്ററുകളുമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. ഇപ്പോഴിതാ മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോ വീഡിയോകളാണ് റിലീസ് ചെയ്തിരിക്കുന്നത്. വിക്രം, ജയംരവി, കാര്‍ത്തി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ഒറ്റ ഫ്രെയിമില്‍ ആദ്യമായി എത്തിയ പ്രമോ ഇതിനോടകം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്.
ചെറിയ ബജറ്റില്‍ ഒരുങ്ങി അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രമാണ് ‘കാര്‍ത്തികേയ 2’. നൂറ്റിയിരുപത് കോടിയലധികം കളക്റ്റ് ചെയ്തിട്ടുണ്ട് ‘കാര്‍ത്തികേയ 2’ ഇതുവരെ. തിയറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. വിജയദശമി ദിവസമായ ഒക്ടോബര്‍ അഞ്ച് മുതലാണ് ‘കാര്‍ത്തികേയ 2’ ഒടിടിയില്‍ സ്ട്രീം ചെയ്യുക. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ സീ 5ലാണ് ചിത്രം ലഭ്യമാകുക. ചന്ദു മൊണ്ടെട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. നിഖില്‍ സിദ്ധാര്‍ഥ നായകനായ ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ചന്ദു മൊണ്ടെട്ടി തന്നെ സംവിധാനം ചെയ്ത് 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ ‘കാര്‍ത്തികേയ’യുടെ രണ്ടാം ഭാഗമാണ് ചിത്രം.
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക കരാര്‍ (സെപ) നിലവില്‍ വന്നു 3 മാസത്തിനകം എണ്ണ ഇതര ഉല്‍പന്നങ്ങളുടെ കയറ്റുമതി 14.5% വര്‍ധിച്ചു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്ത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 592 കോടി ഡോളറായി ഉയര്‍ന്നു. 2021ല്‍ ഇതേ കാലയളവില്‍ 517 കോടി ഡോളറായിരുന്നു. കരാര്‍ നിലവില്‍ വന്ന മേയിലെ കണക്ക് ഉള്‍പ്പെടുത്താതെയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ ആഗോള ഉഭയകക്ഷി വ്യാപാരത്തിലും സ്വാധീനം ചെലുത്തി. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയുടെ ആഗോള എണ്ണ ഇതര കയറ്റുമതി 3% വര്‍ധിച്ചിട്ടുണ്ട്. ഇതിനേക്കാള്‍ അഞ്ചിരട്ടിയാണ് യുഎഇയിലേക്കുള്ള കയറ്റുമതി. ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ യുഎഇയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 556 കോടിയില്‍നിന്ന് 561 കോടി ഡോളറായി ഉയര്‍ന്നിട്ടുമുണ്ട്.
ആപ്പിള്‍ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 14 ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിച്ചു. ചെന്നൈയ്ക്കു സമീപം ശ്രീപെരുംപുത്തൂരിലെ ഫോക്സ്‌കോണ്‍ പ്ലാന്റില്‍ നിര്‍മിക്കുന്ന ഫോണുകള്‍ താമസിയാതെ ആഭ്യന്തര വിപണിയിലെത്തും. ഇവ വിദേശ വിപണിയിലും എത്തിക്കും. എന്നാല്‍, ആഭ്യന്തര ഉല്‍പാദനം ആരംഭിച്ചെങ്കിലും ഇന്ത്യയിലെ വിലയില്‍ വ്യത്യാസമുണ്ടാകില്ലെന്നാണു സൂചന. ഐഫോണ്‍ 11, 12, 13 എന്നിവ ഇതിനകം തന്നെ ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ നിര്‍മിക്കുന്നുണ്ട്. ഐഫോണ്‍ 12, എസ്ഇ, എസ്ഇ1 മോഡലുകള്‍ ബെംഗളൂരുവിലെ വിസ്‌ട്രോണിലാണ് നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഐഫോണ്‍ 14 ഉല്‍പാദനത്തിന്റെ 5 ശതമാനം ഇന്ത്യയിലേക്ക് മാറ്റാനും 2025നുള്ളില്‍ 25 ശതമാനത്തില്‍ എത്തിക്കാനുമാണ് പദ്ധതി.
പ്രീമിയം മിഡ്-സൈസ് എസ്.യു.വി ശ്രേണിയില്‍ ഫോക്സ്വാഗന്‍ അവതരിപ്പിച്ച് വന്‍ വിജയമായ ടൈഗൂണ്‍ ഒന്നാംവാര്‍ഷികാഘോഷത്തില്‍. ഇതോടനുബന്ധിച്ച് പ്രത്യേക ആനിവേഴ്സറി എഡിഷനും ഫോക്സ്വാഗന്‍ പുറത്തിറക്കി. കുര്‍ക്കുമ യെല്ലോ, വൈല്‍ഡ് ചെറി റെഡ് എന്നിവയ്‌ക്കൊപ്പം പുത്തന്‍ നിറഭേദമായ റൈസിംഗ് ബ്‌ളൂവിലും സ്പെഷ്യല്‍ എഡിഷന്‍ ലഭിക്കും. 6-സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ഓപ്ഷനോട് കൂടിയ 1.0 ലിറ്റര്‍ ടി.എസ്.ഐ എന്‍ജിന്‍, 6 സ്പീഡ് മാനുവല്‍/ 7സ്പീഡ് ഡി.എസ്.ജിയോട് കൂടിയ 1.5 ലിറ്റര്‍ ടി.എസ്.ഐ ഇവോ എന്‍ജിന്‍ എന്നിവയാണുള്ളത്. 17.23 മുതല്‍ 19.20 കിലോമീറ്റര്‍ വരെ മൈലേജ് പുത്തന്‍ ടൈഗൂണ്‍ അവകാശപ്പെടുന്നു. അകത്തളത്തിലും പുറംമോടിയിലും ഉടനീളം ഒന്നാംവാര്‍ഷിക ബാഡ്ജിംഗ് കാണാം.
മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ ഇടയില്‍ ജീവിച്ച് ജീവിതം അവര്‍ക്കുവേണ്ടിയുള്ള പോരാട്ടമാക്കിമാറ്റിയ ദയാബായിയുടെ ആത്മകഥ. പാലായിലെ പൂവരണിയില്‍ ജനിച്ച മേഴ്‌സി മാത്യുവെന്ന മലയാൡപെണ്‍കുട്ടി കന്യാമഠത്തില്‍ നിന്ന് കാഴാളമണ്ണിലെത്തി ജൈവികമായ പച്ചപ്പിനായി നിലകൊണ്ട സംഭവബഹുലമായ കഥ. ‘പച്ചവീരന്‍’. 13-ാം പതിപ്പ്. ഡിസി ബുക്‌സ്. വില 171 രൂപ.
ടൈപ്പ് 2 പ്രമേഹം സ്ത്രീകളിലെ അകാല മരണ സാധ്യത 96 ശതമാനവും പുരുഷന്മാരിലെ അകാല മരണ സാധ്യത 74 ശതമാനവും വര്‍ധിപ്പിക്കുമെന്ന് പഠനം. ഇംഗ്ലണ്ടിലെ സാല്‍ഫോര്‍ഡ് റോയല്‍ ഹോസ്പിറ്റലിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. സാധാരണക്കാരെ അപേക്ഷിച്ച് പ്രമേഹമുള്ളവര്‍ അകാലത്തില്‍ മരിക്കാനുള്ള സാധ്യത 84 ശതമാനം അധികമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹമുള്ള ഒരു സ്ത്രീ അതില്ലാത്ത ഒരു സ്ത്രീയെ അപേക്ഷിച്ച് അഞ്ച് വര്‍ഷം കുറച്ച് ജീവിക്കാനേ സാധ്യതയുള്ളൂ എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. വളരെ ചെറുപ്പത്തില്‍ തന്നെ പ്രമേഹബാധിതരാകുന്നവരുടെ ആയുര്‍ദൈര്‍ഘ്യം എട്ട് വര്‍ഷത്തോളം കുറയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രമേഹം മരണസാധ്യത മാത്രമല്ല മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളുടെയും സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. അതില്‍ മുഖ്യമായ ഒന്നാണ് ഹൃദ്രോഗം. നെഞ്ച് വേദനയ്ക്കും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും രക്തധമനികള്‍ ചുരുങ്ങുന്നതിനുമുള്ള സാധ്യത പ്രമേഹം വര്‍ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത് നാഡീവ്യൂഹത്തെ പരിപോഷിപ്പിക്കുന്ന രക്തധമനികളുടെ ഭിത്തികളെയും ശോഷിപ്പിക്കുന്നു. ഇത് നാഡികളുടെ നാശത്തിലേക്കും നയിക്കാം. കൈകാലുകള്‍ക്ക് മരവിപ്പ്, തരിപ്പ്, വേദന, പുകച്ചില്‍ എന്നിവ ഇത് മൂലം ഉണ്ടാകാം. പ്രമേഹമുള്ളവര്‍ക്ക് ദഹനപ്രശ്‌നങ്ങള്‍, വൃക്കനാശം, കണ്ണുകള്‍ക്കും ചര്‍മത്തിനും വായ്ക്കും പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകരമായ ജീവിതശൈലി വഴി പ്രമേഹസാധ്യത കുറയ്ക്കാനും ഇതുമായി ബന്ധപ്പെട്ട രോഗസങ്കീര്‍ണതകള്‍ ഇല്ലാതാക്കാനും സാധിക്കും. ഹാര്‍വഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ പഠനങ്ങള്‍ അനുസരിച്ച് അമിതവണ്ണമാണ് ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. അമിതഭാരം ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത ഏഴ് മടങ്ങ് വര്‍ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ശരീരത്തിന്റെ ഉയരത്തിനും പ്രായത്തിനും ലിംഗപദവിക്കും അനുസൃതമായി ഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കണം. ശരീരഭാരം ഏഴ് മുതല്‍ 10 ശതമാനം വരെ കുറയ്ക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത പകുതിയായി കുറയ്ക്കും. നിത്യവുമുള്ള വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും ഭാരം കുറയ്ക്കാന്‍ സഹായകമാണ്. ദിവസവും അരമണിക്കൂര്‍ വേഗത്തിലുള്ള നടത്തം പ്രമേഹം സാധ്യത 30 ശതമാനം കുറയ്ക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.