രാഹുൽ ഗാന്ധിക്കും കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കും എതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ പ്രത്യയശാസ്ത്രം കോൺഗ്രസ് വലിയ രീതിയിൽ ഉൾക്കൊള്ളുന്നു എന്നതിന്റെ തെളിവാണ് ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിലെ സവർക്കറുടെ ചിത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്കെതിരെ കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ല എന്ന് മാത്രമല്ല ബിജെപിക്ക് കരുത്തുള്ളിടത്ത് കോൺഗ്രസ്സ് ഒന്നും ചെയ്യുന്നില്ല . കേരളത്തിൽ 19 ദിവസവും, യുപിയിൽ 4 ദിവസവും ആണ് യാത്രയുടെ ദൈർഘ്യം.എന്നാൽ ബിജെപിയെ തോൽപ്പിക്കാൻ താൽപ്പര്യം ഉള്ളവർ അതാത് സംസ്ഥാനങ്ങളിൽ ഒരുമിച്ചു നിൽക്കുകയാണ് വേണ്ടത് എന്നും പിണറായി വിജയൻ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന് ഗ്രൂപ്പ് 23 നേതാക്കൾ വ്യക്തമാക്കി. പകരം മനീഷ് തിവാരി മത്സരിച്ചേക്കുമെന്ന സൂചനയും പുറത്തു വരുന്നു. ശശി തരൂർ കൂട്ടായി ആലോചിച്ചുള്ള തീരുമാനമല്ല എടുത്തത് എന്ന് നേതാക്കൾ പറഞ്ഞു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതല്ലാതെ തരൂരിന്റെ സംഭാവനകൾ മറ്റൊന്നുമില്ലെന്ന് നേതാക്കൾ പ്രതികരിച്ചു. എന്നാൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് കോൺഗ്രസ് നേതൃത്വം നിര്‍ദേശിച്ചു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് എൻഐഎ റിപ്പോർട്ട് നല്കും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എൻഐഎ. മതമൗലികവാദം പ്രചരിപ്പിക്കുന്നതിന് തെളിവുകളും കിട്ടിയതായി എൻഐഎ അവകാശപ്പെട്ടു. ഇന്നലെ പോപ്പുലർ ഫ്രണ്ടിനെതിരേ നടത്തിയ റെയ്‌ഡിൽ 45 പേരാണ് ഇന്നലെ അറസ്റ്റിലായത്. ദില്ലിയിൽ എത്തിച്ച നേതാക്കളെ എൻഐഎ ആസ്ഥാനത്ത് ഇന്നലെ ചോദ്യം ചെയ്തു. ഡിജി ദിൻകർ ഗുപ്തയുടെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ.
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുവദിച്ചു. നേരത്തെ ഹര്‍ജി പിന്‍വലിക്കാനുളള കാരണം വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.നിയമപരമായ വിഷയങ്ങള്‍ മാത്രമേ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നുള്ളൂവെന്നും , സുപ്രീംകോടതി തന്നെ ഇക്കാര്യത്തില്‍ നേരത്തെ വ്യക്തത വരുത്തിയുണ്ടെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത വ്യക്തമാക്കി.
പരക്കെ അക്രം നടത്തിയ ഹർത്താൽ അനുകൂലികൾ കണ്ണൂരിൽ മിൽമ ടീസ്റ്റാൾ അടിച്ച് തകർത്തു. പലഹാരങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു. രണ്ട് പേരെത്തി ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർക്കുകയായിരുന്നു. കടയിൽ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്ക് പരിക്കേറ്റു. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയിലാണ് അക്രമം നടന്നത്. അതേ സമയം പയ്യന്നൂരിൽ അക്രമം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം വർക്കലയിൽ മകളുടെ സുഹൃത്തിനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു. മകൾ വിളിച്ചിട്ട് വീട്ടിൽ എത്തിയതെന്ന് പറയപ്പെടുന്ന ആൺ സുഹൃത്തിനെയാണ് അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചത്., വർക്കല ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ചരുവിള വീട്ടിൽ ബാലുവിനാണ് വെട്ടുകൊണ്ടത്. തലയിലും പുറത്തുമായി വെട്ടുകൊണ്ട 2019 ൽ ഈ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് ബാലു. അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.