സ്മാര്‍ട്ട്ഫോണുകളുടെ അമിത ഉപയോഗം കുട്ടികളില്‍ പല രോഗങ്ങള്‍ക്കും കാരണമായേക്കാം. ചില കുട്ടികള്‍ വിഷാദരോഗത്തിന് ഇരയാകുന്നു, ചിലര്‍ ഫോണ്‍ നല്‍കിയില്ലെങ്കില്‍ കഴിക്കാനോ കുടിക്കാനോ വിസമ്മതിക്കുന്നു. ഇത് അവരുടെ മാനസിക വളര്‍ച്ചയെയും ശാരീരിക വളര്‍ച്ചയെയും ബാധിക്കുന്നു. ഇതുമൂലം കുട്ടികളില്‍ ഉറക്കക്കുറവ്, ക്ഷോഭം, അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. തല വേദന, കാഴ്ചക്കുറവ്, കണ്ണിന് വേദന തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. ഇതുകൂടാതെ ചില കുട്ടികള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍, പൊണ്ണത്തടി, വിഷാദരോഗം തുടങ്ങിയ രോഗങ്ങളും ഉണ്ടാകാനിടയുണ്ട്. ഫോണ്‍ അഡിക്ഷനില്‍ നിന്ന് കുട്ടികളെ അകറ്റാന്‍ മാതാപിതാക്കള്‍ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇതിനായി മാതാപിതാക്കള്‍ സ്വയം ഫോണില്‍ നിന്ന് അകന്ന് നില്‍ക്കണം. രക്ഷിതാക്കള്‍ തന്നെ കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് കുട്ടികളിലും നേരിട്ട് സ്വാധീനം ചെലുത്തും. കൂടാതെ കുട്ടികളോട് സംസാരിക്കുകയും അവര്‍ക്കൊപ്പം കളിക്കുകയുമൊക്കെ വേണം. കുട്ടികളെ പുറത്ത് കൊണ്ടുപോയി ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കാനും ശ്രദ്ധിക്കണം. കുട്ടി ഫോണിനായി വീണ്ടും വീണ്ടും നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങള്‍ പറഞ്ഞ് കുട്ടികളുടെ മനസ് തിരിച്ചുവിടുകയും വേണം. ഫോണിനായി വാശിപിടിക്കുന്ന കുട്ടികളെ മിക്ക രക്ഷിതാക്കളും ശകാരിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ വഴക്ക് പറയുന്നതിലൂടെ കുട്ടികളില്‍ അക്രമവാസനയുണ്ടാകാം. അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളോട് വളരെ സ്നേഹത്തോടെ സംസാരിക്കണം. കുട്ടി ഫോണിനായി നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ ദോഷങ്ങള്‍ പറയുന്നതിനൊപ്പം അത് സ്നേഹത്തോടെ വിശദീകരിക്കുകയും വേണം. കാരണം കുട്ടി ഫോണിന് അടിമയായെങ്കില്‍ ഫോണ്‍ നല്‍കിയില്ലെങ്കില്‍ കുട്ടിയ്ക്ക് വിഷാദരോഗമുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, കുട്ടിയോട് കഴിയുന്നത്ര സ്നേഹത്തില്‍ സംസാരിക്കാന്‍ ശ്രമിക്കണം. അതുപോലെ, ആവശ്യമെങ്കില്‍, കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസിനും അസൈന്‍മെന്റുകള്‍ ചെയ്യാനും ഫോണ്‍ നല്‍കാവുന്നതാണ്. എന്നാല്‍ കുട്ടിയുടെ ഫോണിന്റെ സ്‌ക്രീന്‍ സമയം ശ്രദ്ധിക്കണം.