സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ പുനഃപരിശോധിച്ച് പരിഷ്കരിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിശാൽ തീവാരി എന്ന അഭിഭാഷകൻ നല്കിയ ഹർജി സുപ്രീം കോടതി തള്ളി. കഴിഞ്ഞ ദിവസം ബംഗളുരുവിൽ ഭാര്യയും ഭാര്യ വീട്ടുകാരും നൽകിയ വ്യാജ പരാതിയെ തുടർന്ന് ആത്മഹത്യ ചെയ്ത ടെക്കി അതുൽ സുഭാഷിന്റെ മരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹർജി. എന്നാൽ സുപ്രീം കോടതി ഹർജി കേൾക്കാൻ വിസമ്മതം അറിയിച്ചു. സമൂഹമാണ് മാറേണ്ടത്, അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിലവിലെ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കണം. വിവാഹ സമയത്ത് നൽകുന്ന സമ്മാനങ്ങൾ, പണം തുടങ്ങിയവയുടെ പട്ടിക കൃത്യമായി രേഖപ്പെടുത്തി അത് വിവാഹ സർട്ടിഫിക്കറ്റിനൊപ്പം സൂക്ഷിക്കുവാനും സർക്കാർ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി സമറപ്പിച്ചത് .