വിവരശേഖരണത്തിന് പുത്തന്‍ ഫീച്ചറുകളുമായി പുതിയ സംവിധാനങ്ങള്‍ ടെക്നോളജി രംഗത്ത് വന്നുകൊണ്ടേയിരിക്കുകയാണ്. ഗൂഗ്ളിന് ശേഷം ചാറ്റ്ജിപിടി ആയിരുന്നു വന്‍ എ.ഐ തരംഗമുണ്ടാക്കി കടന്നുവന്നതെങ്കില്‍ ഇപ്പോള്‍ മറ്റൊരു എ.ഐ ടൂള്‍ തരംഗം സൃഷ്ടിക്കുകയാണ്. പെര്‍പ്ലെക്സിറ്റി എ.ഐ, അതാണ് താരം.
ഗൂഗ്ളില്‍നിന്നും ചാറ്റ്ജിപിടിയില് നിന്നുമെല്ലാം വ്യത്യസ്തമായി പുതിയൊരു തിരയല്‍ രീതിക്ക് ഇന്റര്‍നെറ്റില്‍ സാധ്യതയുണ്ടെന്ന് തെളിയിക്കുകയാണ് പെര്‍പ്ലെക്സിറ്റി എ.ഐ. ഏത് വിഷയത്തിലെ ഏത് ചോദ്യത്തിനും പെര്‍പ്ലെക്സിറ്റിയില്‍ ഉത്തരമുണ്ട്. ചാറ്റ്ജിപിടിയിലെ സംവിധാനം പോലെ തന്നെ ചോദ്യത്തിന്റെ ഉത്തരങ്ങളെല്ലാം എഴുതിത്തന്നെ ലഭിക്കും. അതുമാത്രമല്ല, ഈ വിവരം ശേഖരിച്ച ലിങ്കുകള്പോലും നിങ്ങക്ക് ലഭിക്കും. ചോദ്യത്തിന്റെ ഉത്തരത്തില്‍ നിങ്ങള്‍ തൃപ്തരായില്ലെങ്കില്‍ ഓരോ ലിങ്കും എടുത്ത് പരിശോധിക്കാനും അവസരമുണ്ട്. സൗജന്യമായിത്തന്നെയാണ് നിലവില്‍ ഈ സേവനം ലഭിക്കുന്നത്. അരവിന്ദ് ശ്രീനിവാസന് എന്ന ഇന്ത്യന്‍ വംശജനാണ് പെര്‍പ്ലെക്സിറ്റി മേധാവി എന്നതാണ് മറ്റൊരു കാര്യം. ജെഫ് ബേസോസ് അടക്കമുള്ളവര്‍ക്ക് പെര്‍പ്ലെക്സിറ്റിയില്‍ നിക്ഷേപമുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.