പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളത്തില്‍ ചെയ്ത രണ്ട് സിരീസുകളുടെയും ആദ്യ സീസണുകള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കേരള ക്രൈം ഫയല്‍സും മാസ്റ്റര്‍പീസും ആയിരുന്നു അത്. ഇപ്പോഴിതാ മലയാളത്തിലെ തങ്ങളുടെ മൂന്നാമത്തെ സിരീസുമായി എത്തുകയാണ് അവര്‍. ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ എന്ന് പേരിട്ടിരിക്കുന്ന സിരീസിന്റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തിറക്കി. പേരില്ലൂര്‍ എന്ന കൊച്ച് ഗ്രാമത്തിലെ സാധാരണക്കാരിലൂടെ വികസിക്കുന്ന അസാധാരണ സംഭവങ്ങള്‍ കോര്‍ത്തിണക്കി ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുന്ന സിരീസ് ആയിരിക്കും പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന് അണിയറക്കാര്‍ പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന മാളവികയെ ചുറ്റിപറ്റിയാണ് ഈ സീരീസിന്റ കഥ പുരോഗമിക്കുന്നത്. നിഖില വിമല്‍ ആണ് മാളവികയെ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം സണ്ണി വെയ്ന്‍, വിജയരാഘവന്‍, അശോകന്‍, അജു വര്‍ഗീസ് തുടങ്ങി നിരവധി ജനപ്രിയ താരങ്ങള്‍ ഈ സിരീസില്‍ അണിനിരക്കുന്നു. പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിരീസിന്റെ രചന ദീപു പ്രദീപ് ആണ്.