സ്ഥിരമായി നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരിലും ജോലി സമയം തുടര്‍ച്ചയായി മാറുന്നവരിലും വിഷാദ രോഗത്തിനുള്ള സാധ്യത അധികമെന്ന് പഠനം. എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകര്‍ ഏഴായിരം അമേരിക്കക്കാരെ ഉള്‍പ്പെടുത്തി 30 വര്‍ഷം കൊണ്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. പഠനത്തില്‍ പങ്കെടുത്തവരില്‍ നാലിലൊന്ന് പേര്‍ക്ക് മാത്രമായിരുന്നു പകല്‍ സമയം ജോലിയുണ്ടായിരുന്നത്. രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നതും ജോലി സമയം തുടര്‍ച്ചയായി മാറുന്നതും ഉറക്കത്തെ ബാധിക്കുമെന്നും ഇത് 50 വയസാകുമ്പോഴേക്കും വിഷാദം ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവര്‍ക്ക് പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. അമേരിക്കയിലെ വെളുത്ത വംശജരെ അപേക്ഷിച്ച് കറുത്ത വംശജരാണ് ഉറക്കമില്ലായ്മ മൂലമുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ നേരിടുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. ജോലി മൂലം ശാരീരികവും മാനസികവുമായി അവശരാവുന്നവരെ പിന്തുണയ്ക്കാനുള്ള സാഹചര്യം മെച്ചപ്പെടുത്തി അത് മറികടക്കാന്‍ കഴിയണമെന്ന് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ശുപാര്‍ശ ചെയ്യുന്നു.