ഈ റോസ് ഡേയില്‍ നിങ്ങളയച്ച ചുവന്ന റോസാപ്പൂക്കള്‍ക്ക് പണ്ട് ജയിലറകള്‍ക്കപ്പുറം നമ്മള്‍ സന്ധിക്കാറുണ്ടായിരുന്ന തോട്ടത്തിലെ അതേ റോസാപ്പൂക്കളുടെ ഗന്ധമാണ്. എന്നും ഓരോ പൂവുകള്‍ പൊട്ടിച്ച് നിങ്ങള്‍ എന്റെ മുടിയില്‍ ചൂടിക്കാറുള്ളത് ഓര്‍ത്തുപോയി. പ്രോമിസ് ഡേയില്‍ നിങ്ങള്‍ തുറന്നുവെച്ച ആ ചുവന്ന ഹൃദയം, ചോക്കലേറ്റ് ഡേയില്‍ എന്റെ പടിവാതിലിനരികില്‍ വെച്ചുപോയ ചോക്കലേറ്റ് ബോക്സ്, ടെഡി ഡേയില്‍ സമ്മാനിച്ച മഞ്ഞുപോലെ വെളുത്ത രോമങ്ങളുള്ള കരടിക്കുട്ടന്‍. എല്ലാം ഞാന്‍ എത്രമേല്‍ ആസ്വദിച്ചുവെന്നോ… ഈശോ, മൈക്കല്‍ ജാക്സന്‍, ബ്രൂസ് ലീ, രാജരാജ ചോഴന്‍, ഓഷോ, ആദം, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്, വാലന്റൈന്‍, പ്രണയബുദ്ധന്‍… പലരിലൂടെ, പല കാലങ്ങളിലൂടെ, പ്രണയത്തിന്റെ പല അവസ്ഥകളിലൂടെ പലപല അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍നിന്നും ചീന്തിയെടുത്ത അനുഭവച്ചൂടു വറ്റാത്ത ഏടുകള്‍. അവയോരോന്നിന്റെയും വക്കില്‍ പ്രണയം പൊടിഞ്ഞിരിക്കുന്നു. യൗവനത്തിന്റ തീത്തിരമാലകള്‍ ആടിത്തിമിര്‍ക്കുന്ന പ്രണയമഹാസമുദ്രമായിത്തീരുന്ന അനുഭവങ്ങളുടെ ആഖ്യാനം. മിനി പി.സിയുടെ ഏറ്റവും പുതിയ നോവല്‍. ‘പറയാതെ വയ്യെന്റെ പ്രണയമേ …’. മാതൃഭൂമി. വില 160 രൂപ.