അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘പാരഡൈസ്’ ട്രെയിലര്‍ പുറത്ത്. ദര്‍ശന രാജേന്ദ്രനും റോഷന്‍ മാത്യുവും പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരുക്കിയത് ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാഗെയാണ്. ചിത്രം ഈ മാസം 28ന് തിയറ്ററിലെത്തും. ശ്രീലങ്ക പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെയെത്തുന്ന മലയാളി ദമ്പതികളിലൂടെയാണ് ചിത്രം പോകുന്നത്. ശ്രീലങ്കന്‍ ഭൂമികയുടെ ഗാംഭീര്യം ഒട്ടും ചോരാതെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് രാജീവ് രവിയാണ്. ശ്രീകര്‍ പ്രസാദ് ഈ ദൃശ്യങ്ങളുടെ ചിത്രസംയോജനവും ലിജു പ്രഭാകര്‍ കളറിംഗും നിര്‍വഹിച്ചിരിക്കുന്നു. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വലിയ രീതിയിലുള്ള നിരൂപക പ്രശംസ നേടിയിരുന്നു. ഇരുപത്തിയെട്ടാമത് ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്‌കാരവും സ്‌പെയിനിലെ 23-ാമത് ലാസ് പല്‍മാസ് ദേ ഗ്രാന്‍ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയില്‍ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും ഫ്രാന്‍സിലെ മുപ്പതാമത് വെസൂല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രീ ദു ജൂറി ലീസിയന്‍ പുരസ്‌കാരവും പതിനേഴാമത് ഏഷ്യന്‍ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളില്‍ നാമനിര്‍ദേശവും പാരഡൈസിന് ലഭിച്ചിരുന്നു.