ഥാര്‍ ജീപ്പില്‍ പാനീപൂരി വാലി
തെരുവോരത്തു പാനിപൂരി വില്‍ക്കുന്ന ഉന്തുവണ്ടി മഹീന്ദ്രയുടെ ഥാര്‍ ജീപ്പ് ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകുന്ന 21 കാരിയും ബിടെക്കുകാരിയുമായ വഴിയോര കച്ചവടക്കാരി. ‘ബിടെക് പാനി പുരി വാലി’ എന്നറിയപ്പെടുന്ന തപ്‌സി ഉപാധ്യായ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മഹീന്ദ്രയുടെ ഥാര്‍ ജീപ്പ് ഉപയോഗിച്ച് പാനിപൂരി വണ്ടി കെട്ടിവലിക്കുന്ന ചിത്രം മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റു ചെയ്തതോടെ തപ്‌സി ഉപാധ്യായ സൂപ്പര്‍ താരമായി. പാനിപ്പൂരി സ്റ്റാള്‍ വലിച്ചുകൊണ്ടുപോകാന്‍ മഹീന്ദ്ര ഥാര്‍ ഉപയോഗിച്ചതിന് യുവതിയെ ചിലര്‍ പരിഹസിച്ചതിനു പിറകേയാണ് മഹീന്ദ്ര ചെയര്‍മാന്‍ തന്നെ പെണ്‍കുട്ടിയെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിനിയാണ് തപ്‌സി ഉപാധ്യായ. ഒരു ചെറിയ പാനിപുരി സ്റ്റാളില്‍ നിന്നുമാരംഭിച്ച തപ്സിയുടെ ബിസിനസ് ഇന്ന് നാല്‍പതോളം സ്റ്റാളുകളിലേയ്ക്ക് വളര്‍ന്നു. തുടക്കത്തില്‍ തപ്‌സി ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിലായിരുന്നു സഞ്ചരിച്ചിരുന്നത്. തന്റെ 40 സ്റ്റാളുകളിലേക്കു പാനി പൂരി അടക്കമുള്ള സാധനങ്ങള്‍ എത്തിക്കാനാണ് മഹീന്ദ്രയുടെ ഥാര്‍ ഉപയോഗിക്കുന്നത്. ഥാര്‍ ഓഫ് റോഡ് റൈഡിനു മാത്രമുള്ളതല്ലെന്നും ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതാണെന്നും കുറിച്ചുകൊണ്ടാണ് ആനന്ദ മഹീന്ദ്ര വീഡിയോ എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റു ചെയ്തത്. ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് തനിക്കു വലിയ പ്രചോദനമായെന്ന് തപ്‌സി പറഞ്ഞു.