കോഴിക്കോട് കോർപ്പറേഷനിൽ പിഎൻബി തട്ടിപ്പിന് പിന്നാലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ അഴിമതിയെന്ന് കോൺഗ്രസ് .
ധനകാര്യ പരിശോധനയിൽ ഉൾപ്പെടാത്ത ബാങ്ക് അക്കൗണ്ടുകൾ വഴി വൻ തിരിമറി നടക്കുന്നുണ്ടെന്നാണ്
കോൺഗ്രസ് ആരോപിക്കുന്നത് . ഇതിനെക്കുറിച്ചന്വേഷിക്കുവാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇരുപത് കോടിയിലധികം രൂപയാണ് പതിമൂന്ന് അക്കൗണ്ടുകളിലായുള്ളത്.
പിഎൻബി തട്ടിപ്പിന് പിന്നാലെ കോർപറേഷനിലെ സകല കണക്കുകളും സംസ്ഥാന ഓഡിറ്റ് വിഭാഗം പരിശോധിച്ചിരുന്നു. ബാങ്കുകളിലും ട്രഷറിയിലുമായി 60 അക്കൗണ്ടുകൾ കോർപറേഷനുണ്ട്. എന്നാൽ കണക്കില്‍ പെടാത്ത 13 ബാങ്ക് അക്കൗണ്ടുകൾ കൂടികോര്‍പറേഷന്‍റെ പേരിലുണ്ടെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. 20 കോടിയോളം രൂപയാണ് ഈ അക്കൗണ്ടുകളിലുണ്ട്. ഇതത്രയും പഞ്ചാബ് നാഷണല്‍ ബാങ്കിലുമാണ്. കുടുംബശ്രീയുടെ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ പദ്ധതികൾക്കായി സർക്കാർ അനുവദിച്ചതും ഇതുവരെ ഉപയോഗിക്കാതെ കിടക്കുന്നതുമായ തുകയും കോര്‍പറേഷന്‍ ഈ അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നുണ്ട്. പണം യഥേഷ്ടം കൈകാര്യം ചെയ്യാനുളള ഭരണസമിതിയുടെ തന്ത്രമാണ് ഇതെന്നാണ് യുഡിഎഫ് ആരോപിച്ചു.
പ്രതിവർഷം 500 കോടിയുടെ വരവുചെലവുകൾ കോഴിക്കോട് കോർപറേഷനിൽ നടക്കുന്നുണ്ട്. ഇതെല്ലാം പരിശോധിക്കാനുളള അക്കൗണ്ട്സ് വിഭാഗം തീര്‍ത്തും ദുര്‍ബലമെന്നും യുഡിഎഫ് ആരോപിക്കുന്നു. എന്നാൽ തിരിമറി നടക്കുന്നുണ്ടെന്ന യുഡിഎഫ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് മേയർ പറഞ്ഞു. കണക്കിൽപ്പെടാത്തതെന്ന് പറയുന്ന 13 അക്കൗണ്ടുകളിൽ മൂന്നെണ്ണം ഇടപാടുകൾ ഒന്നും ഇല്ലാത്ത അക്കൗണ്ടുകളാണ്. മറ്റുള്ളവ കുടുംബശ്രീക്ക് കേന്ദ്ര സംസ്ഥാന ഫണ്ടുകൾ നേരിട്ട് വരുന്നവയുമാണ്. ഒരു തദ്ദേശ സ്ഥാപനവും കുടുംബശ്രീ അക്കൗണ്ടുകളെ വാർഷിക ധനകാര്യ പരിശോധനയുടെ ഭാഗമാക്കാറില്ലെന്നും മേയറുടെ ഓഫീസ് വിശദീകരിച്ചു.