അടിയന്തര പ്രമേയം തള്ളിയതിന് പിന്നാലെ നിയമസഭയില്‍നിന്ന് പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട്. ശക്തമായ വാക്പോരാട്ടങ്ങൾക്കൊടുവിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സംസ്ഥാന സർക്കാരിന്റെ ധൂർത്താണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമെന്ന് പ്രതിപക്ഷം പറഞ്ഞു. മാത്രമല്ല നികുതി പിരിവിലും കൃത്യത വരുത്താൻ സംസ്ഥാന സർക്കാരിന്കഴിഞ്ഞില്ല. കേന്ദ്രം കൃത്യമായി ഫണ്ട് നൽകാത്തത് കൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സഭ നിർത്തിയുള്ള ചർച്ചയിൽ രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് നടന്നത്.
32000 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്നും കിട്ടാനുണ്ടെന്നാണ് കേന്ദ്രത്തിന് അയച്ച കത്തിൽ സർക്കാർ പറയുന്നത്. നവ കേരള സദസിനെ കുറിച്ചും, കേരളീയത്തെക്കുറിച്ചും എല്ലാം പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷം സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയെന്ന് പ്രതിപക്ഷം ആരോപിച്ചു.സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്രിയാത്മക നിർദ്ദേശങ്ങൾ സർക്കാരിനില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. തുടര്‍ന്ന് റോജി എം ജോൺ അവതരിപ്പിച്ച പ്രമേയം സ്പീക്കർ തള്ളി. ഇതിനുപിന്നാലെ സഭ പിരിയുകയായിരുന്നു.