തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും സ്‌കൂള്‍ കായിക മേളയില്‍നിന്ന് വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്ത് നല്‍കി.പൊതുവിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് എത്രയോ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയ ആളാണ് എത്രയോ കാലം വിദ്യാര്‍ത്ഥി സംഘടനയെ നയിച്ചു പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് വരികയും ചെയ്ത അങ്ങ് മന്ത്രിയായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ലെന്നം പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ പതിവിന് വിപരീതമായി കായികമേളയിലെ ചാമ്പ്യന്‍ പട്ടത്തിന് ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്‌പോര്‍ട്സ് സ്‌കൂളുകളേയും പരിഗണിച്ചതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. ഇതേ തുടർന്ന് അടുത്ത കായിക മേളയില്‍നിന്ന് രണ്ട് സ്ക്കൂളുകളെ വിലക്കുകയായിരുന്നു.