ആഗോളതലത്തില്‍ ക്രൂഡ്ഓയില്‍ ആവശ്യകത കുറഞ്ഞ നിരക്കില്‍ തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയും. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഡിസംബറില്‍ ഒപെക് രാജ്യങ്ങളുടെ എണ്ണ ഉത്പാദനത്തില്‍ വലിയ കുറവു വന്നിട്ടുണ്ട്. യു.എ.ഇ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ റിഫൈനറികളില്‍ നവീകരണം നടക്കുന്നതും ഉത്പാദനത്തെ ബാധിച്ചു. റഷ്യയുടെ ഡിസംബറിലെ പ്രതിദിന ഉത്പാദനം 8.971 മില്യണ്‍ ബാരലാണ്. അവരുടെ പ്രതിദിന ലക്ഷ്യത്തില്‍ നിന്ന് താഴെയാണിത്. തുറമുഖങ്ങള്‍ വഴിയുള്ള എണ്ണ കയറ്റുമതി കുറഞ്ഞതാണ് ഉത്പാദനത്തിലും പ്രതിഫലിച്ചത്. റഷ്യയുടെ ക്രൂഡ് കയറ്റുമതി 2024 ഒക്ടോബര്‍ മുതല്‍ കുറയുകയാണ്. ഇന്ത്യയും ചൈനയും അടക്കം റഷ്യയുടെ ഇടപാടുകാര്‍ ഇറക്കുമതി കുറച്ചതാണ് കാരണം. ചൈനയില്‍ വൈദ്യുത വാഹനങ്ങളിലേക്ക് ആളുകള്‍ മാറുന്ന പ്രവണത തുടരുകയാണ്. ഇത് ചൈനയിലെ ഇന്ധന ഉപഭോഗത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഫിച്ച് ഗ്രൂപ്പിന്റെ ഭാഗമായ ബി.എം.ഐ, 2025-ല്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 76 ഡോളറായി തുടരുമെന്ന് പ്രവചിക്കുന്നു. ബാരലിന് ശരാശരി 80 ഡോളറായിരുന്നു 2024ല്‍.