gov media 2

നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരല്ല, കേഡര്‍മാരാണ്. നിങ്ങളോടു സംസാരിക്കാനില്ലെ’ന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടു പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടാണ് ഗവര്‍ണര്‍ ഇങ്ങനെ പ്രതികരിച്ചത്. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ക്കു രാജ് ഭവനിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ദീപാവലി സന്ധ്യയായ ഇന്ന് സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയിക്കും. വൈകീട്ട് ആറരയ്ക്കാണ് ദീപം തെളിയിക്കുക.

വൈസ് ചാന്‍സലര്‍മാരോടു രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം ലംഘിച്ചാണ് നിയമിച്ചതെന്ന് ആരോപിച്ച ഗവര്‍ണര്‍തന്നെയാണ് അവരെ നിയമിച്ചത്. സര്‍വകലാശാലകളെ സഘപരിവാര്‍വത്കരിക്കാനാണു ഗവര്‍ണറുടെ ശ്രമം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാതെ നിയമസഭയേയും കേരളത്തേയും അപമാനിച്ചു. മന്ത്രിമാരെ പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തി. ഗവര്‍ണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം തള്ളി വൈസ് ചാന്‍സലര്‍മാര്‍. വൈസ് ചാന്‍സലര്‍മാര്‍ ആരും രാജിവച്ചില്ല. ആറു പേര്‍ ഗവര്‍ണര്‍ക്കു മറുപടി നല്‍കി. ഗവര്‍ണറുടെ നടപടിക്കെതിരേയുള്ള വൈസ് ചാന്‍സലര്‍മാരുടെ ഹര്‍ജി അവധിദിനമാണെങ്കിലും ഇന്നു നാലിനു ഹൈക്കോടതി പരിഗണിക്കും.

കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ ചാവേര്‍ സ്ഫോടനം. കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നിലുണ്ടായ കാര്‍ സ്ഫോടനത്തില്‍ യുവാവ് മരിച്ചു. ചാവേര്‍ ആക്രമണത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. ഉക്കടം ജിഎം നഗറില്‍ താമസിക്കുന്ന എന്‍ജിനീയറിംഗ് ബിരുദധാരിയായ ജമേഷാ മുബിന്‍ (25) ആണ് മരിച്ചത്. ഇയാളെ 2019 ല്‍ ഐഎസ് ബന്ധം സംശയിച്ച് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. വീട്ടില്‍നിന്നു സ്ഫോടക വസ്തു ശേഖരം കണ്ടെത്തി.

ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടനില്‍ പ്രധാനമന്ത്രി പദത്തിലേക്ക്. 157 എംപിമാരുടെ പിന്തുണ ഋഷി സുനക് ഉറപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് 57 പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ.

കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ സേവന കാലാവധി കഴിഞ്ഞതോടെ വൈസ് ചാന്‍സറുടെ ചുമതല ഏറ്റെടുക്കാന്‍ എത്തുന്നയാളെ അകത്തേക്കു പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍. സര്‍വ്വകലാശാലയുടെ കവാടത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തി. മലയാളം സര്‍വകലാശാലയിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരേ സമരം നടത്തി.

വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന ഗവര്‍ണറുടെ തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ഗവര്‍ണറുടെ നിലപാടിനെ എതിര്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഗവര്‍ണറുടെ നിലപാടിനെ പിന്തുണയ്ക്കുകയാണു ചെയ്തത്.

ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് മന്ത്രി ആര്‍. ബിന്ദു. കാലഹരണപ്പെട്ട ഫ്യൂഡല്‍ കാലത്താണ് അദ്ദേഹം ഇപ്പോഴും ജീവിക്കുന്നത്. മന്ത്രിമാരെ പുറത്താക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. മന്ത്രി പദവി കണ്ടിട്ടല്ല പൊതുരംഗത്തേക്ക് വന്നതെന്നും ബിന്ദു പറഞ്ഞു.

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന കാര്യം എല്‍ഡിഎഫ് ഗൗരവമായി ആലോചിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അധികാരമില്ലാത്ത കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഗവര്‍ണര്‍ ചെയ്യുന്നതെല്ലാം ജനം വച്ചുപൊറുപ്പിക്കില്ലെന്നും കാനം പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാന്റെ തൊഴുത്തില്‍ കെട്ടിയ പശുക്കളല്ല കേരളത്തിലെ സര്‍വകലാശാലകളെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ്. കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗോകുല്‍.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഭരണ പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും സ്പീക്കര്‍ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുപ്രീം കോടതി വിധി അടക്കമുള്ള നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ചാന്‍സലറുടെ അധികാരത്തില്‍ കടന്നുകയറുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎംകാരെ ഇറക്കി ഗവര്‍ണറെ നേരിടാനാണ് ശ്രമമെങ്കില്‍ പ്രതിരോധിക്കും. ഗവര്‍ണര്‍ അനാഥനല്ല. ഭീഷണി വേണ്ടെന്നും സുരേന്ദ്രന്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *