ഓണനാളുകളില്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രണം ഒരു വലിയ വെല്ലുവിളിയായിരിക്കും, പ്രത്യേകിച്ച് പ്രമേഹ രോഗികളില്‍. ഭക്ഷണം കഴിച്ചാല്‍ ഉടന്‍ ഷുഗര്‍ സ്‌പൈക്ക് ഉണ്ടാകുമോ എന്ന ഉള്‍ഭയം ഇവയെല്ലാം അകറ്റി നിര്‍ത്താന്‍ കാരണമാകും. എന്നാല്‍ ഭക്ഷണശേഷമുള്ള ഷുഗര്‍ സ്‌പൈക്ക് കുറയ്ക്കാന്‍ സിംപിളായ ഒരു ടെക്‌നിക് വെളിപ്പെടുത്തുകയാണ് ഫ്രഞ്ച് ബയോകെമിസ്റ്റ് ആയ ജെസ്സി ഇന്‍ചൗസ്പെ. ‘കാഫ് റൈസ്’ എന്ന ലളിതമായ വ്യായാമത്തിലൂടെ ഭക്ഷണ ശേഷമുള്ള ഷുഗര്‍ സ്പൈക്ക് കുറയ്ക്കാനും ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ ജെസ്സി പറയുന്നു. നല്ല മധുരമുള്ള പായസം കഴിച്ച ശേഷം, ഇതൊന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. കാല്‍ പാദങ്ങള്‍ നിലത്ത് വിശ്രമിക്കാന്‍ അനുവദിക്കുക. ശേഷം കാലുകളുടെ ഉപ്പൂറ്റി മാത്രം പൊക്കുകയും താഴ്ത്തുകയും ചെയ്യുക. ഉപ്പൂറ്റിയില്‍ ഉള്ള സോളിയസ് പേശികള്‍ ചുരുങ്ങുകയും ഇത് രക്തത്തില്‍ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഷുഗര്‍ സ്പൈക്ക് വലിയെ രീതിയില്‍ ഉണ്ടാകാതെ സംരക്ഷിക്കും. 5 മുതല്‍ 10 മിനിറ്റ് വരെ ഈ വ്യയാമം ആവര്‍ത്തിക്കാവുന്നതാണ്. വീട്ടിലിരുന്നോ ജോലി സ്ഥലത്തിരുന്നോ കാല്‍ഫ് റൈസ് എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. ഒരു പഠനത്തില്‍ ഭക്ഷണ ശേഷം അഞ്ച് മണിക്കൂര്‍ കാല്‍ഫ് റൈസ് ചെയ്തിലൂടെ ആളുകളില്‍ ഷുഗര്‍ സ്പൈക്ക് 52 ശതമാനമായും എക്സ്ട്രാ ഇന്‍സുലിന്‍ നില 60 ശതമാനമായും കുറഞ്ഞതായി കണ്ടെത്തി. എന്നാല്‍ അഞ്ച് മണിക്കൂറിന്റെ ആവശ്യമൊന്നുമില്ല, വെറും പത്ത് മിനിറ്റ് ചെയ്താല്‍ പോലും വ്യായാമം ഫലപ്രദമാണ്. ആര്‍ക്കും എവിടെയിരുന്നും പരീക്ഷിക്കാവുന്ന ഒരു ലളിതമായ ഒരു വ്യായാമമാണിതെന്നും ജെസ്സി പറയുന്നു.