മൂലധന സമാഹരണത്തിനായി ഐപിഒ ഇറക്കിയ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒലയ്ക്ക് ഓഹരി വിപണിയില്‍ മികച്ച തുടക്കം. വിപണിയില്‍ ലിസ്റ്റ് ചെയ്ത് ഉടനെ തന്നെ ഐപിഒ അലോട്ട്മെന്റ് വിലയേക്കാള്‍ 16 ശതമാനം മുന്നേറ്റമാണ് ഒല നടത്തിയത്. പബ്ലിക് ഇഷ്യുവില്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്ന് വലിയ തോതില്‍ പങ്കാളിത്തം ഉണ്ടായതിന് പിന്നാലെയാണ് വിപണിയില്‍ ഉണ്ടായ മുന്നേറ്റം. പുതിയ ഇഷ്യുവും ഓഫര്‍ ഫോര്‍ സെയിലും ചേര്‍ത്താണ് പബ്ലിക് ഇഷ്യു നടത്തിയത്. വ്യാപാരം ആരംഭിച്ച് രണ്ടുമണിക്കൂറിനകം ഐപിഒ വിലയായ 76 രൂപയില്‍ നിന്ന് 88 രൂപയിലേക്കാണ് ഒല കുതിച്ചത്. ഏകദേശം 16.45 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്. 6,154 കോടി രൂപയുടെ ഐപിഒയില്‍ ഇഷ്യു ചെയ്തതിനേക്കാള്‍ 4.27 മടങ്ങ് സബ്ക്രിപ്ഷനാണ് നിക്ഷേപകരില്‍ നിന്ന് ലഭിച്ചത്. നിക്ഷേപ സ്ഥാപനങ്ങളും ചില്ലറ നിക്ഷേപകരും ഓഹരി വാങ്ങിക്കൂട്ടാന്‍ വലിയ താത്പര്യമാണ് കാഴ്ചവെച്ചത്. സെല്‍ നിര്‍മാണ പ്ലാന്റിന്റെ ശേഷി 5 ജിഗാവാട്ട്അവറില്‍ നിന്ന് 6.4 ജിഗാവാട്ട്അവര്‍ ആയി വികസിപ്പിക്കാന്‍ 1,227.64 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കൂടാതെ, കടം തിരിച്ചടയ്ക്കുന്നതിന് 800 കോടി രൂപയും ഗവേഷണത്തിനും ഉല്‍പ്പന്ന വികസനത്തിനും 1,600 കോടി രൂപയും അടക്കം വിവിധ ആവശ്യങ്ങള്‍ക്കായി ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് പബ്ലിക് ഇഷ്യു നടത്തിയത്.