ഇലക്ട്രിക് ബൈക്ക് റോഡ്സ്റ്റര്‍ എക്സിന്റെ നിര്‍മാണം ആരംഭിച്ച വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഒല ഇലക്ട്രിക്. സിഇഒ ഭവീഷ് അഗര്‍വാള്‍ സോഷ്യല്‍മീഡിയ വഴിയാണ് റോഡ്സ്റ്റര്‍ എക്സിന്റെ നിര്‍മാണം ആരംഭിച്ചത് സ്ഥിരീകരിച്ചത്. ഒല ഇലക്ട്രിക്കിന്റെ നിര്‍മാണ ഫാക്ടറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഭവീഷ് പുറത്തുവിട്ടത്. ഡബിള്‍ ഡൗണ്‍ ട്യൂബ് ചേസിസാണ് റോഡ്സ്റ്റര്‍ എക്സിലെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. സാധാരണ മോട്ടോര്‍സൈക്കിളുകളില്‍ ഇന്ധന ടാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥാനത്താണ് റോഡ്സ്റ്റര്‍ എക്സിന്റെ ബാറ്ററിയുള്ളത്. അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കും ഡബിള്‍ കോയില്‍ റിയര്‍ സസ്പെന്‍ഷനും പരമ്പരാഗത ചെയിന്‍ ആന്റ് സ്പോക്കറ്റ് ഡ്രൈവുമുള്ള വാഹനമായിരിക്കും റോഡ്സ്റ്റര്‍ എക്സ്. മുന്നില്‍ ഡിസ്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണുള്ളത്. റോഡ്സ്റ്റര്‍ എക്സില്‍ 2.5 കിലോവാട്ട്, 3.5 കിലോവാട്ട്, 4.5 കിലോവാട്ട് എന്നിങ്ങനെ മൂന്നു ബാറ്ററി പാക്ക് ഓപ്ഷനുകള്‍. റോഡ്സ്റ്റര്‍ എക്സിന്റെ 2.5 കിലോവാട്ടിന് 74,999 രൂപയും 3.5 കിലോവാട്ടിന് 84,999 രൂപയും 4.5കിലോവാട്ടിന് 99,000 രൂപയുമാണ് ഒല വിലയിട്ടിരിക്കുന്നത്.