കഴിഞ്ഞ പത്ത് വര്‍ഷം പരിശോധിച്ചാല്‍ ഇന്ത്യക്കാരുടെ എണ്ണ ഉപയോഗത്തില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മുതിര്‍ന്ന ഒരു വ്യക്തി ഒരു വര്‍ഷത്തില്‍ 11 കിലോഗ്രാം എണ്ണ വരെ ഉപയോഗിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ഇന്ത്യയില്‍ അത് 19 കിലോഗ്രാം ആണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തില്‍ നിന്നല്ല ഇത്ര അധികം എണ്ണ എത്തുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വീട്ടിലെ ഭക്ഷണം കൂടാതെ പുറത്തു പോയി ഭക്ഷണം കഴിക്കുമ്പോഴും പായ്ക്ക് ചെയ്ത ഭക്ഷണം കഴിക്കുമ്പോഴും അതില്‍ അടങ്ങിയ അമിതമായ എണ്ണ നമ്മുടെ ശരീരത്തില്‍ കലോറിയുടെ അളവു വര്‍ധിപ്പിക്കുന്നു. ഓരോ ടേബിള്‍സ്പൂണ്‍ എണ്ണയിലും കുറഞ്ഞത് 100 കലോറി അടങ്ങിയിട്ടുണ്ട്. കൂടാതെ യുവാക്കളുടെ തൊഴിലിന്റെ സ്വഭാവവും ഇതിന്റെ ആഘാതം കൂട്ടുന്നു. ദീര്‍ഘനേരം ഇരുന്നുകൊണ്ടുള്ള ജോലി, നിര്‍ജ്ജലീകരണം എന്നിവ ആരോഗ്യസങ്കീര്‍ണതകള്‍ കൂട്ടുന്നു. ദക്ഷിണേഷ്യക്കാര്‍ക്ക് ശരീരഭാരം കൂടാനും വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ജനിതക പ്രവണതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരം അധിക എണ്ണയെയും കലോറികളെയും കൊഴുപ്പ് നിക്ഷേപങ്ങളാക്കി മാറ്റുന്നു, പ്രത്യേകിച്ച് വയറ്റില്‍. വയറിലെ കൊഴുപ്പ്, ഇന്‍സുലിന്‍ പ്രതിരോധത്തിനും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും സാധ്യത വര്‍ധിപ്പിക്കുന്നു. ഭക്ഷണത്തില്‍ എണ്ണ കുറയ്ക്കുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗം. എണ്ണയുടെ അളവ് 10 ശതമാനം വരെ കുറച്ചാലും വ്യത്യാസം ഉണ്ടാകും. ഭക്ഷണം ആവിയില്‍ വേവിച്ചോ ഗ്രില്‍ ചെയ്തു കഴിക്കുന്നതോ ആണ് മികച്ചത്. ഈ മാറ്റം രുചിയും പോഷകങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.