പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഒക്ടാവിയ ആര്‍എസ് മോഡല്‍ ഒക്ടോബര്‍ 17ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് സ്പോര്‍ട്ടി സെഡാന്റെ പ്രീ ബുക്കിങ് തീയതി കമ്പനി പുറത്തുവിട്ടു. ഒക്ടോബര്‍ ആറിനാണ് പ്രീ ബുക്കിങ് ആരംഭിക്കുന്നത്. മുമ്പ് പ്രാദേശികമായി അസംബിള്‍ ചെയ്ത സ്റ്റാന്‍ഡേര്‍ഡ് ഒക്ടാവിയയില്‍ നിന്ന് വ്യത്യസ്തമായി, ആര്‍എസ് സെഡാന്‍ പൂര്‍ണ രൂപത്തിലാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, സ്‌കോഡ നാലാം തലമുറ ഒക്ടാവിയ ആര്‍എസിന്റെ 100 യൂണിറ്റുകള്‍ മാത്രമേ ഇറക്കുമതി ചെയ്യുകയുള്ളൂ. ഇവയെല്ലാം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമായി ബുക്ക് ചെയ്യാന്‍ കഴിയൂ. 2025 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഈ മോഡലിന്റെ ഡെലിവറികള്‍ നവംബര്‍ 6 ന് ആരംഭിക്കും. 261 ബിഎച്ച്പിയും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. കൂടാതെ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു. വെറും 6.6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്നതാണ് ഇതിന്റെ എന്‍ജിന്‍ കപാസിറ്റി. 250 കിലോമീറ്റര്‍ ആണ് പരമാവധി വേഗം.
