ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ തന്നെ വിവിധ ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ ഡാറ്റ ബാഹ്യ സെര്‍വറുകളിലേക്ക് അയയ്ക്കുന്നില്ലെന്നും ഗൂഗിളിന്റെ തത്സമയ വിവര്‍ത്തന സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയാണ് ഫീച്ചര്‍ എത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ആന്‍ഡ്രോയിഡിന്റെ വാട്‌സ്ആപ്പ് ബീറ്റ പതിപ്പായ 2.24.15.8-ല്‍ ഫീച്ചര്‍ ലഭ്യമാകും. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ ഭാഷാ പായ്ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇംഗ്ലീഷും ഹിന്ദിയും ഫീച്ചര്‍ പിന്തുണയ്ക്കുന്ന ആദ്യ ഭാഷകളാണ്. ഭാവിയില്‍ കൂടുതല്‍ ഭാഷകളും എത്തിയേക്കും. ഫീച്ചര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും എല്ലാ ബീറ്റാ ടെസ്റ്റര്‍മാര്‍ക്കും ഫീച്ചര്‍ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ശബ്ദസന്ദേശങ്ങളെ എഴുത്താക്കിമാറ്റാന്‍ സാധിക്കുന്ന ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറും പരീക്ഷണ ഘട്ടത്തിലാണ്. വോയ്‌സ് മെസേജുകള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ അവ വായിച്ചറിയാന്‍ ഈ ഫീച്ചര്‍ സഹായകമാവും. ചില രാജ്യങ്ങളിലെ ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായുള്ള വളരെ കുറച്ച് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വാട്‌സാപ്പ് ഈ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.24.15.55 പതിപ്പിലാണ് ഇത് വന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.