ഹ്യുണ്ടേയ് ഇന്ത്യയില്‍ 11 ലക്ഷത്തിലേറെ ക്രേറ്റകള്‍ നിരത്തിലിറക്കി കഴിഞ്ഞു. ഇനി ക്രേറ്റ ഇവിയുടെ ഊഴമാണ്. ജനുവരി 17ന് ഔദ്യോഗികമായി അവതരിപ്പിക്കും. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് ക്രേറ്റ ഇവിക്ക് ഹ്യുണ്ടേയ് നല്‍കിയിരിക്കുന്നത്. ലൈന്‍ കീപ്പ് അസിസ്റ്റ്, മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിങ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ എന്നിവയെല്ലാം സുരക്ഷാ ഫീച്ചറുകളായെത്തുന്നു. 360 ഡിഗ്രി ക്യാമറയും മഴക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന വൈപ്പറുകളും മുന്നിലെ പാര്‍ക്കിങ് സെന്‍സറുകളും ക്രേറ്റ ഇവിയിലുണ്ട്. ക്രേറ്റ ഇവിയില്‍ 42 കിലോവാട്ട്അവര്‍ ബാറ്ററി മോഡലില്‍ ഫ്രണ്ട് ആക്സില്‍ 135എച്ച്പി മോട്ടോറും 51.4 കിലോവാട്ട്അവര്‍ ബാറ്ററി മോഡലില്‍ 171എച്ച്പി മോട്ടോറുമാണെന്ന് ഹ്യുണ്ടേയ് സ്ഥിരീകരിച്ചിരിക്കുന്നു. 51.4 കിലോവാട്ട്അവര്‍ ബാറ്ററി പാക്കില്‍ 0-100കിലോമീറ്റര്‍ വേഗതയിലെത്താന്‍ 7.9 സെക്കന്‍ഡ് മതി. 11 കിലോവാട്ട് എസി ചാര്‍ജറിന് 10-100 ശതമാനം ചാര്‍ജിലേക്കെത്താന്‍ നാലു മണിക്കൂര്‍ മതി. അതേസമയം ഡിസി ചാര്‍ജറാണെങ്കില്‍ 10-80 ശതമാനം ചാര്‍ജിന് 58 മിനുറ്റ് മതിയാവും. ചാര്‍ജിങ് തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും ഷെഡ്യൂള്‍ ചെയ്യുന്നതിനുമെല്ലാം മൈഹ്യുണ്ടേയ് ആപ്പ് ഉപയോഗിക്കാനാവും.