എല്ലാ വര്‍ഷവും നവംബര്‍ 12 നാണ് ലോക ന്യുമോണിയ ദിനം ആചരിക്കുന്നത്. കൊച്ചുകുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്ന ഒരു ഗുരുതരമായ ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. തണുപ്പുകാലത്ത് കുട്ടികള്‍ക്ക് ന്യുമോണിയ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, തണുത്ത കാലാവസ്ഥയില്‍ രോഗ പ്രതിരോധശേഷി കുറയാന്‍ സാധ്യത ഉണ്ട്. ചുമ, കഫക്കെട്ട്, നെഞ്ചില്‍ പഴുപ്പ്, കഠിനമായ പനി, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് കുട്ടികളിലെ ന്യുമോണിയയുടെ പ്രധാന ലക്ഷണങ്ങള്‍. കുട്ടികളില്‍ ന്യുമോണിയ വരാനുള്ള സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വ്യക്തിശുചിത്വമാണ് ന്യുമോണിയ വരാനുള്ള സാധ്യത കുറയ്ക്കാന്‍ പ്രധാനമായി വേണ്ടത്. ഇതിനായി സോപ്പും വെള്ളവും ഉപയോഗിച്ച് എപ്പോഴും കൈ കഴുകേണ്ടതിന്റെ പ്രാധാന്യം കുട്ടിയെ പഠിപ്പിക്കുക. പുറത്തുപോയി വന്നാല്‍ കൈകള്‍ നല്ലതുപോലെ കഴുകാനും ഭക്ഷണത്തിന് മുമ്പും ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷവും കൈകള്‍ കഴുകാനും കുട്ടികളെ ശീലിപ്പിക്കുക. രോഗ പ്രതിരോധശേഷി കൂട്ടുക എന്നതും പ്രധാനമാണ്. സമീകൃതാഹാരം ഏറെ പ്രധാനമാണ്. വ്യായാമം, മതിയായ ഉറക്കം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും കുട്ടിയെ പ്രോത്സാഹിപ്പിക്കുക. പനി, ജലദോഷം, ചുമ, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തുടങ്ങിയവ ഉള്ളവരില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുക. അതുപോലെ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ടിഷ്യൂ അല്ലെങ്കില്‍ കൈകള്‍ കൊണ്ട് മറയ്ക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക. വീട് വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ്. പൊടിയും അലര്‍ജിയും അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ തറ, ഫര്‍ണിച്ചറുകള്‍, പ്രതലങ്ങള്‍ എന്നിവ പതിവായി വൃത്തിയാക്കുക.
