വടക്കേ ഇന്ത്യ ശൈത്യതരംഗത്തിൽ ഉറയുന്നു. കശ്മീരിൽ താപനില മൈനസ് ഏഴിലേക്കെത്തി. ദില്ലിയിലെ ചില മേഖലകളിൽ കഴിഞ്ഞ രാത്രിയിലും താപനില മൂന്ന് ഡിഗ്രിയിൽ താഴെയായിരുന്നു. അഞ്ച് ദിവസം കൂടി സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
ദില്ലിക്കൊപ്പം ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും അതിശൈത്യവും മൂടൽമഞ്ഞും കുറച്ചു ദിവസങ്ങൾ കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടുത്ത ശീതക്കാറ്റിനും സാധ്യതയുണ്ട്. ജമ്മു കശ്മീരിലാണ് അതിശൈത്യം ഏറ്റവും കഠിനമായിട്ടുള്ളത്. കശ്മീരിലെ ഏറെ പ്രശസ്തമായ ദൽ തടാകത്തിൽ വെള്ളം ഉറച്ചതോടെ കുടിവെള്ളവിതരണം താറുമാറായി.
അടുത്ത 24 മണിക്കൂറിനുള്ളിൽ പഞ്ചാബിന്റെ പല ഭാഗങ്ങളിലും ഹരിയാനയിലും ചണ്ഡീഗഡിലും ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പടിഞ്ഞാറൻ ഉത്തർപ്രദേശ്, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിലും ഇടതൂർന്ന മൂടൽമഞ്ഞിന് സാധ്യതുണ്ട്. . മുങ്കേഷ്പൂർ (13.4), ജാഫർപൂർ (13.7), പാലം (14.1) തുടങ്ങിയ ദില്ലിയിലെ വിവിധ കാലാവസ്ഥാ സ്റ്റേഷനുകളിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. മേഘാവൃതമായ ആകാശവും തണുത്ത കാറ്റും പകൽ സമയത്ത് താപനില താഴ്ന്ന നിലയിൽ തുടരാൻ കാരണമാകും.