പ്രഭാതഭക്ഷണത്തിന് വൈറ്റ് ബ്രഡ് തിരഞ്ഞെടുക്കരുതെന്ന് പഠനം. വെറും വയറ്റില്‍ കഴിക്കാവുന്ന ഒന്നല്ല വൈറ്റ് ബ്രഡെന്നും അത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് വളരെപ്പെട്ടെന്ന് ഉയര്‍ത്തുന്ന ഹൈ ഗ്ലൈസിമിക് ഇന്‍ഡെക്സ് ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നതാണ് വൈറ്റ് ബ്രഡ്. ഇത്തരത്തില്‍ ദിവസവും പഞ്ചസാരയുടെ തോത് അതിവേഗം ഉയര്‍ത്തുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. ഗ്ലൈസിമിക് ഇന്‍ഡെക്സ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരനില ഉയരുന്നതിനൊപ്പം കൂടുതല്‍ ഇന്‍സുലിനും ഉല്പാദിപ്പിക്കപ്പെടും. ഇന്‍സുലിന്‍ ഗ്ലൂക്കോസിനെ കോശങ്ങളിലെത്തിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയുകയും ഊര്‍ജം നഷ്ടപ്പെടുകയും ചെയ്യും. ഇത് വളരെ വേഗം വീണ്ടും വിശക്കാനും അമിതമായി ഭക്ഷണം കഴിക്കാനും കാരണമാകും. ഇതു മൂലം അമിതവണ്ണത്തിനു സാധ്യത കൂടുന്നു. വൈറ്റ്ബ്രഡില് സോഡിയത്തിന്റെ അളവ് കൂടിയിരിക്കുന്നത് വയര്‍ വീര്‍ക്കുന്നത് അടക്കമുള്ള ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. വെറും വയറ്റില്‍ അമിതമായി സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തിനും നല്ലതല്ല. വൈറ്റ് ബ്രഡില്‍ അടങ്ങിയിരിക്കുന്ന സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ്സ് കുടലിലൂടെയുള്ള ഭക്ഷണ നീക്കത്തിനു നല്ലതല്ല. ഇത് മലബന്ധം പോലെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വൈറ്റ് ബ്രഡിനു പകരം ബ്രൗണ്‍ ബ്രഡോ മള്‍ട്ടിഗ്രെയ്ന്‍ ബ്രഡോ കഴിക്കാം. പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്റെയും ഫൈബറിന്റെയും തോത് വര്‍ധിപ്പിക്കാനും ശ്രമിക്കണം.
പ്രഭാതഭക്ഷണത്തിന് വൈറ്റ് ബ്രഡ് വേണ്ട!
