ഉറക്കമില്ലായ്മയെ ഒരു സാധാരണ ആരോഗ്യപ്രശ്‌നമായി കാണരുതെന്നാണ് യുഎസിലെ ക്ലിനിക്കല്‍ കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നത്. ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, വിഷാദം എന്നിവയുള്‍പ്പെടെയുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളുടെ ഒരു നീണ്ടനിര തന്നെ ഉറക്കമില്ലായ്മക്കൊപ്പം ഉണ്ട്. ഇതിന് പുറമേ ഉറക്കമില്ലായ്മ അനുഭവിക്കുന്ന ആളുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 69% കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. അഞ്ചോ അതില്‍ താഴെയോ മണിക്കൂറുകള്‍ ഉറങ്ങുന്ന ആളുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള ഏറ്റവും ഉയര്‍ന്ന സാധ്യതയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. പ്രമേഹം കൂടിയുണ്ടെങ്കില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത ഇരട്ടിയാണ്. 1,184,256 മുതിര്‍ന്നവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. ഇതില്‍ 43 ശതമാനം പേരും സ്ത്രീകളായിരുന്നു. ശരാശരി 52 വയസ് പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഉറങ്ങാനുള്ള ബുദ്ധിമുട്ട്, നേരത്തെ എഴുന്നേല്‍ക്കാനുള്ള ബുദ്ധിമുട്ട്, ഉണര്‍ന്നാല്‍ വീണ്ടും ഉറങ്ങാന്‍ കഴിയാത്തത് ഇങ്ങനെ ഏതെങ്കിലുമൊരു അവസ്ഥ നേരിടുന്നവരായിരുന്നു കൂടുതലും. ഇതില്‍ 2,406 രോഗികളിലും ഹൃദയാഘാതം സംഭവിച്ചിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പ്രത്യേകിച്ചും, രാത്രിയില്‍ ആറ് മുതല്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് അഞ്ച് മണിക്കൂറോ അതില്‍ താഴെയോ മണിക്കൂര്‍ ഉറങ്ങുന്നവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. എല്ലാ രാത്രിയിലും കുറഞ്ഞത് ഏഴ് മണിക്കൂര്‍ ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തെ വീണ്ടെടുക്കാന്‍ സഹായിക്കുകയും അടുത്ത ദിവസം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങളെ അനുവദിക്കുകയും ചെയ്യുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിന് ഉറങ്ങുന്നത് രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര, ഭാരം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കും.