കൊച്ചി ആസ്ഥാനമായ വ്യാവസായിക കെമിക്കല്‍ അസംസ്‌കൃത വസ്തു നിര്‍മ്മാതാക്കളായ നിറ്റ ജെലാറ്റിന്‍ നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 28.15 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 12.96 കോടി രൂപയും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ 16.77 കോടി രൂപയുമായിരുന്നു ലാഭം. അതേസമയം, മൊത്ത വരുമാനം പാദാടിസ്ഥാനത്തില്‍ 145.96 കോടി രൂപയില്‍ നിന്നും വാര്‍ഷികാടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍പാദത്തിലെ 135.56 കോടി രൂപയില്‍ നിന്നും 131.28 കോടി രൂപയായി കുറഞ്ഞു. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്ന വിലയിലുണ്ടായ കുറവാണ് മൊത്ത വരുമാനം കുറഞ്ഞിട്ടും ലാഭത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ കമ്പനിക്ക് സഹായകമായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍പാദത്തില്‍ 51.3 ശതമാനവും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ 50 ശതമാനവുമായിരുന്ന അസംസ്‌കൃത വസ്തു വാങ്ങല്‍ച്ചെലവ് കഴിഞ്ഞപാദത്തില്‍ 35.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ നിറ്റ ജെലാറ്റിന്റെ ജെലാറ്റിന്‍ വിഭാഗത്തിലെ കൊളാഷെന്‍ പെപ്റ്റൈഡ് വാര്‍ഷിക ഉത്പാദനശേഷി 450 ടണ്‍ ആണ്. 106.83 കോടി രൂപയുടെ നിക്ഷേപത്തോടെ 1000 ടണ്‍ ഉത്പാദന ശേഷി അധികമായി ചേര്‍ക്കാന്‍ കഴിഞ്ഞ നവംബറില്‍ കമ്പനി പദ്ധതിയിട്ടിരുന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയുടെയും ജപ്പാനിലെ നിറ്റ ജെലാറ്റിന്റെയും സംയുക്ത കമ്പനിയാണ് നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ്. ഫാര്‍മ ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കാലിത്തീറ്റ, കൃഷിയുത്പന്നങ്ങള്‍ എന്നിവയ്ക്കായുള്ള അസംസ്‌കൃതവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. 60 ശതമാനത്തിലധികം ഉത്പന്നങ്ങളും ജപ്പാന്‍, അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്.