നിസാന്‍ എക്സ് എക്സ് ട്രെയില്‍ എസ്യുവി ഇന്ത്യന്‍ വിപണിയില്‍. 49.92 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന 150 എക്സ് ട്രെയില്‍ യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ നിസാന്‍ ഇന്ത്യയില്‍ വില്‍ക്കുക. മൂന്നു വര്‍ഷം/ഒരു ലക്ഷം കി.മീ വാറണ്ടിയുമായാണ് എക്സ് ട്രെയില്‍ നിസാന്‍ പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന് മൂന്നു വര്‍ഷം സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും നല്‍കും. ഒറ്റ എന്ജിന് ഓപ്ഷനിലാണ് എക്സ് ട്രെയില്‍ എത്തുന്നത്. 1.5 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് ഷിഫ്റ്റ് ബൈ വയര്‍ സിവിടി ഓട്ടോ ഗിയര്‍ബോക്സുമായാണ് ബന്ധിപ്പിക്കുക. 12 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും വാഹനത്തിന്റെ കരുത്തും കാര്യക്ഷമതയും വര്‍ധിപ്പിക്കും. രണ്ടും ചേര്‍ന്ന് 163 എച്ച്പി കരുത്തും പരമാവധി 300 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമായിരിക്കും നിസാന്‍ എക്സ് ട്രെയില്‍. രാജ്യാന്തര വിപണിയില്‍ 2021 മുതല്‍ വില്പനയിലുള്ള നാലാം തലമുറ നിസാന്‍ എക്സ് ട്രെയിലാണ് ഇന്ത്യയില്‍ എത്തുക. മൂന്നു നിരകളിലായി ഇരിപ്പിടങ്ങളുമുള്ള 7 സീറ്റര്‍ വാഹനമായിരിക്കും ഇന്ത്യയിലെ എക്സ് ട്രെയില്‍. ഡയമണ്ട് ബ്ലാക്ക്, ഷാംപെയിന് സില്‍വര്‍, പേള്‍ വൈറ്റ് എന്നീ നിറങ്ങളില്‍ എക്സ് ട്രെയില്‍ എത്തും.