കഴിഞ്ഞ വര്‍ഷം ടോളിവുഡില്‍ നിന്നും വന്ന് അപ്രതീക്ഷിത ഹിറ്റായ ചിത്രമായിരുന്നു കാര്‍ത്തികേയ 2. ഭാരതീയ മിത്തിനെ അടിസ്ഥാനമാക്കിയ ഈ ചിത്രം 200 കോടിയോളം നേടി. ഇതിലെ നായകന്‍ നിഖില്‍ വീണ്ടും ഒരു പീരിയിഡ് ആക്ഷന്‍ ത്രില്ലറുമായി എത്തുന്നു. ‘സ്വയംഭൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു യോദ്ധാവിന്റെ റോളാണ് നിഖിലിന് എന്നാണ് സൂചന. നിഖിലിന്റെ ജന്മദിനത്തിലാണ് സിനിമയുടെ ഫസ്റ്റലുക്ക് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. ഒരു യുദ്ധകളത്തില്‍ കുന്തവും, പരിചയുമായി യുദ്ധ സന്നദ്ധനായി നില്‍ക്കുന്ന പോര്‍വീരനായി നിഖിലിനെ ഇതില്‍ കാണാം. കടുവയുടെ ചിഹ്നമുള്ള കൊടിയും പാശ്ചാത്തലത്തിലുണ്ട്. ഭരത് കൃഷ്ണമാചാരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സ്വയംഭൂ എന്നാല്‍ ‘സ്വയം ജനിച്ചത്’ അല്ലെങ്കില്‍ ‘ബാഹ്യ ശക്തിയില്ലാതെ ജനിച്ചത്’ എന്നാണ് അര്‍ത്ഥമാക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. അതേ സമയം നിഖില്‍ ഇപ്പോള്‍ സ്‌പൈ എന്ന ഒരു ചിത്രം ചെയ്യുകയാണ്. അതിനൊപ്പം തന്നെ രാം ചരണ്‍ പ്രധാന വേഷത്തില്‍ എത്തുന്ന ദ ഇന്ത്യ ഹൌസില്‍ ഒരു പ്രധാന വേഷത്തില്‍ നിഖില്‍ എത്തുന്നുണ്ട്.