സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്‍റെ മുന്നറിയിപ്പ്. ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും കാളയുമായി വൈകാതെ ബിജെപി അധ്യക്ഷന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്നാണ് ബിജെപിയെ സതീശന്‍ വെല്ലുവിളിക്കുന്നത്. സിപിഎമ്മുകാർ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിവാദം അടഞ്ഞ അധ്യായമെന്നും സതീശന്‍ പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ വന്നാൽ സംരക്ഷണം നൽകുമോ എന്ന് ചോദ്യത്തോട് പ്രതികരണവുമായി ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. ഇപ്പോൾ രാഹുൽ കോൺഗ്രസിന്റെ ഭാഗം അല്ലല്ലോ, തത്കാലം അതിനെകുറിച്ച് അഭിപ്രായം പറയുന്നില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റിൻ്റെ മറുപടി. രാഹുൽ മണ്ഡലത്തിൽ എത്തിയാൽ സംരക്ഷിക്കുന്ന കാര്യം കെപിസിസി തീരുമാനിക്കും. നിലവിൽ സംരക്ഷണം കൊടുക്കാൻ രാഹുൽ കോൺഗ്രസുകാരൻ അല്ലല്ലോ. രാഹുൽ എന്ന് മണ്ഡലത്തിൽ വരുമെന്ന കാര്യവും കെപിസിസി തീരുമാനിക്കുമെന്നും എ തങ്കപ്പൻ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കിയാല്‍ വിഷയം അവസാനിച്ചുവെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്ന് മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍. .കോണ്‍ഗ്രസില്‍ പ്രാഥമിക അംഗത്വത്തില്‍ പോലും തുടരാന്‍ അര്‍ഹതയില്ലാത്ത ആളെ ജനം ചുമക്കണമെന്ന പറയുന്നതിലെ അവസരവാദ സമീപനം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ എംഎല്‍എയായി നിലനിര്‍ത്താനുള്ള രാഷ്ട്രീയനാടകം മതിയാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ തർക്കം ഒഴിവാക്കണമെന്ന് കോൺഗ്രസിൽ ആവശ്യം. ഇക്കാര്യം കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും പാർട്ടി യോഗത്തിൽ നിർദേശം നൽകി. ഓൺലൈനായി ചേർന്ന യോഗത്തിലായിരുന്നു നിർദേശങ്ങൾ ഉന്നയിച്ചത്. യോഗത്തിൽ പാർട്ടി എടുത്ത നടപടി നേതാക്കൾ ശരിവച്ചു.
പൂജപ്പുര സെന്‍ട്രൽ ജയിലിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയായ ഫുഡ് ഫോര്‍ ഫ്രീഡം കഫറ്റീരിയയിൽ നിന്നും പണം കവർന്ന പ്രതി അറസ്റ്റിൽ. അന്തർ സംസ്ഥാനങ്ങളിലടക്കം മോഷണം നടത്തിവന്ന പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഹാദി(26)യെയാണ് തിരുവല്ലയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയത്. തടവുകാര്‍ ഉള്‍പ്പെടെ നടത്തുന്ന കഫറ്റീരിയിൽ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്.
കാസർകോട്ടെ കരിയോയിൽ കമ്പനിയിൽ നിന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ ഇടനിലക്കാരൻ വഴി കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. പരാതി പരിശോധിക്കുമെന്നും ആരോപണം ശരിയെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പരാതി താൻ കണ്ടിട്ടില്ല. വകുപ്പിന് കിട്ടിയിട്ടുണ്ടാകാം. കിട്ടിയിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവനും മോദി അരിയാണെന്ന വാദവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഒരു മണി അരി പോലും പിണറായി വിജയന്റെ ഇല്ലെന്നും ജനങ്ങളുടെ അവകാശമാണ് നൽകുന്നത്. കേരളത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും കേന്ദ്രസർക്കാരും പങ്കാളികളാണ്. ഉത്സവാന്തരീക്ഷങ്ങളിലെങ്കിലും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്. ഇത് നേതാക്കളോടുള്ള അഭ്യർത്ഥനയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും മിന്നല്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 7 ജില്ലകളില്‍ നിന്നായി ആകെ 4513 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. ഒന്നര ആഴ്ച മുമ്പ് നടത്തിയ പരിശോധനകളില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു. പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
വീണ്ടും ടോള്‍ പിരിക്കാന്‍ മണ്ണുത്തി-ഇടപ്പള്ളി പാതയില്‍ ദേശീയ പാത അതോറിറ്റിയും ടോള്‍ കമ്പനിയും തട്ടിക്കൂട്ട് പണി നടത്തിയെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍.ഹൈക്കോടതിയില്‍. ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവരോടൊപ്പം പരിശോധന നടത്തിയാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ വിജിലിനെ സരോവാരത്ത് ചതുപ്പിൽ കെട്ടിതാഴ്ത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സുഹൃത്തുക്കളായ നിജില്‍, ദീപേഷ് എന്നിവരെയാണ് കൊയിലാണ്ടി കോടതി 3 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകുന്നേരം റെയിൽവെ സ്റ്റേഷൻ പരിസരത്ത് പ്രതികളെയെത്തിച്ച് തെളിവെടുക്കും. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് സുഹൃത്തുക്കൾ കൂടിയായ പ്രതികളുടെ മൊഴി.
പെരുമ്പാവൂരിൽ മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തിയ നവജാത ശിശു പ്രസവത്തോടെ മരിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജീവനില്ലാത്ത കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തില്‍ മാതാപിതാക്കൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ, മൃതദേഹത്തോട് അനാദരവ് എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. നിലവില്‍ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്.
ഷൊർണൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഫയിക്കിനാണ് (9) കടിയേറ്റത്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ തെരുവുനായ കടിക്കുകായിരുന്നു. കുട്ടിയുടെ കയ്യിലാണ് ഗുരുതരമായി പരിക്കേറ്റത്.
സാമ്പത്തിക ബാധ്യതയുള്ളവരെയെല്ലാം പൊതുയോഗം നടത്തി സി പി എം അധിക്ഷേപിക്കുമോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ചോദ്യം. ആര്യനാട് പഞ്ചായത്തംഗത്തിന്റെ മരണത്തില്‍ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ദല്ലാള്‍മാരെ ഉപയോഗച്ച് ജി എസ് ടി ഇന്റലിജന്‍സ് നടത്തുന്നത് കോടികളുടെ അഴിമതിയെന്നും അദ്ദേഹം ആരോപിച്ചു. എം വി ഗോവിന്ദന്റെ മകനെതിരായ ആരോപണവും മന്ത്രിമാര്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളും മറച്ചുവയ്ക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും ആഗസ്റ്റ് 29നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിന്‍റെ തീരങ്ങളിലെ ചുവന്ന കടൽത്തിര (റെഡ് ടൈഡ്) പ്രതിഭാസത്തിന്‍റെ കാരണം വിശദീകരിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). തുടർച്ചയായ മൺസൂൺ മഴയിൽ കരയിൽ നിന്നുള്ള വെള്ളത്തിന്‍റെ ഒഴുക്കും പാരിസ്ഥിതിക വ്യതിയാനങ്ങളുമാണ് ചുവന്ന കടൽത്തിര പ്രതിഭാസത്തിന് കാരണമാകുന്നതെന്ന് സിഎംഎഫ്ആർഐ വ്യക്തമാക്കി. കനത്ത മൺസൂൺ നീരൊഴുക്ക് തീരക്കടലുകളെ പോഷക സമ്പുഷ്ടമാക്കുന്നു.
കർണാടക നിയമസഭയിൽ ആർഎസ്‌എസിന്റെ പ്രാർത്ഥനാ ഗാനം ആലപിച്ചതിന് കോണ്‍ഗ്രസിനുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്ന സാഹചര്യത്തിൽ, മാപ്പ് പറയാൻ തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. അടിയുറച്ച കോൺഗ്രസുകാരൻ എന്ന നിലയിൽ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാർക്കും ഇന്ത്യ സഖ്യത്തിലെ നിരവധി രാഷ്ട്രീയ പാർട്ടി സുഹൃത്തുക്കൾക്കും തന്‍റെ നടപടി കാരണം വേദനിച്ചെന്ന് അറിയുന്നു. മാപ്പ് പറയാനും താൻ തയ്യാറാണെന്ന് ശിവകുമാർ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യൻ നാവികസേനയുടെ സമുദ്രകരുത്തിന് ശക്തി പകരാൻ ഐഎൻഎസ് ഹിമഗിരിയും ഐഎൻഎസ് ഉദയഗിരിയും. ഇരു യുദ്ധക്കപ്പലുകളും നാവികസേനയുടെ ഭാഗമായി. തദ്ദേശീയമായി വികസിപ്പിച്ച പടക്കപ്പലുകൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കമ്മീഷൻ ചെയ്തു. 2050 ഓടെ ഇരുന്നൂറ് യുദ്ധക്കപ്പലുകളുള്ള രാജ്യമായി ഇന്ത്യമാറുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
എല്ലാ ഭക്ഷ്യ വസ്തുക്കളുടെയും തുണിത്തരങ്ങളുടെയും വില അടുത്തയാഴ്ച കുറയാൻ സാധ്യത. സിമൻ്റ് വില കുറയ്ക്കുന്നതും അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ചർച്ച ചെയ്യും. ലൈഫ് ഇൻഷുറൻസിനും, മെഡിക്കൽ ഇൻഷുറൻസിനുമുള്ള ജിഎസ്ടി എടുത്തു കളയാനും സാധ്യതയുണ്ട്.ബീഹാർ തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ ഉത്പന്നങ്ങളുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും ഉന്നത വൃത്തങ്ങൾ പറയുന്നു.
ജമ്മു കാശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ക്ഷേത്രത്തിലേക്കുള്ള യാത്ര നേരത്തെ നിർത്തിവച്ചിരുന്നു. ജമ്മുകശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്. നിയമത്തിന്റെ ഇത്തരം വ്യാഖ്യാനത്തിൽ ആശങ്കയുണ്ടെന്നും അങ്ങനെയെങ്കിൽ മണി ബില്ലുകൾ പോലും തടഞ്ഞുവെക്കാവുന്ന സ്ഥിതിയല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് ബിൽ തിരിച്ചയക്കാതെ പിടിച്ച് വെക്കാനുള്ള അധികാരമുണ്ട്. ഈ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയാണെങ്കിൽ മണി ബിൽ പോലും ഗവർണർക്ക് തടഞ്ഞ് വെക്കാമെന്ന സ്ഥിതിയുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യക്കെതിരെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവ നടപടിയിൽ കടുത്ത നിലപാട് തുടർന്ന് അമേരിക്ക. തിരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസും പുറത്തിറക്കി. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തിൽ വരുമെന്നാണ് നോട്ടീസിൽ പറയുന്നത്.
ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കൊളംബോ ഫോർട്ട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സർക്കാർ പണം ദുരുപയോഗം ചെയ്‌തെന്ന കേസിൽ റനിൽ വിക്രമസിംഗെ അറസ്റ്റിലായത്.
സ്വദേശി എല്ലാവരുടെയും ജീവിതമന്ത്രമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങളായിരിക്കും ലോകം ഇനി ഓടിക്കുക. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി ആഗോള, ആഭ്യന്തര നിർമ്മാതാക്കൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തയാഴ്ച ചൈനയില്‍ നടക്കുന്ന ഉച്ചകോടിയില്‍, ഇരുപതിലധികം ലോകനേതാക്കളെ ഒരുമിപ്പിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ കാരണം നേരിട്ടും അല്ലാതെയും ബുദ്ധിമുട്ടുന്ന രാജ്യങ്ങളും പങ്കെടുക്കുന്ന പരിപാടി ഈ രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യംവിളിച്ചോതുന്നതായിരിക്കും. അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യയെ മറ്റൊരു നയതന്ത്ര വിജയം നേടാനും ഇത് സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
യൂറോപ്യന്‍ നേതാക്കള്‍ തന്നെ തമാശയായി ‘യൂറോപ്പിന്റെ പ്രസിഡന്റ്’എന്ന് വിളിക്കാറുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത്തരത്തില്‍ വിളിക്കപ്പെടുന്നത് ബഹുമതിയാണെന്നും തനിക്ക് യൂറോപ്യന്‍ നേതാക്കളെ ഇഷ്ടമാണെന്നും അവര്‍ നല്ല മനുഷ്യരും മഹാന്‍മാരാണെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയുടെ തന്ത്രപ്രധാനവും ദേശീയ പ്രാധാന്യമുള്ളതുമായ സ്ഥലങ്ങളെയും സാധാരണക്കാരെയും സംരക്ഷിക്കാനുമുള്ള സംവിധാനം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട സുദര്‍ശന്‍ ചക്ര ഒരു പരിചയായും വാളായും പ്രവര്‍ത്തിക്കുമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം സുദര്‍ശന്‍ ചക്ര ദൗത്യത്തിന് കീഴില്‍ ‘അയണ്‍ ഡോമി’ന്റെ ഇന്ത്യന്‍ പതിപ്പ് .നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് സംയുക്ത സേനാ മേധാവി രൂപരേഖ സമര്‍പ്പിച്ചു.