Untitled design 20250112 193040 0000

 

 

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി. അടിയന്തിരാവസ്ഥക്കാലത്ത് സ്വന്തം നിലയ്ക്കാണ് സിപിഎം പോരാടിയത്. ആർഎസ്എസുമായി ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയുമായാണ് സി പി എം സഹകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നപ്പോൾ എംവി ഗോവിന്ദൻ തന്നെ വിശദീകരിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആർഎസ്എസുമായി ഇന്നോ ഇന്നലെയോ ഐക്യപ്പെട്ടില്ലെന്നും നാളെയും യോജിക്കില്ലെന്നും വ്യക്തമാക്കി.

 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ നിശബ്ദ പ്രചരണ സമയത്ത് യുഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നുവെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. മണ്ഡലത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫിൻ്റെ ശ്രമം. യുഡിഎഫിൻ്റേത് രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്ത പ്രചാരണ രീതിയാണ്.തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയേതരമാക്കുന്നതാണ് യുഡിഎഫ് രീതിയെന്നും അദ്ദേഹം വിമർശിച്ചു.

 

കേരളം ലഹരിക്കെതിരായ പോരാട്ടത്തിലാണെന്നും സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജൂൺ 10 മുതൽ 16 വരെ 730 ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

 

കേരള തീരത്തിനടുത്തായുണ്ടായ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്തുക്കളും അതിന്‍റെ അനുബന്ധ വിവരശേഖരണത്തിനുമായി ഒരു വെബ് ആപ്ലിക്കേഷന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വസ്തു കണ്ടെത്തിയ വ്യക്തിയുടെ പേര്, മൊബൈല്‍ നമ്പര്‍, കാണപ്പെട്ട വസ്തുവിന്‍റെ അടിസ്ഥാന വിവരങ്ങള്‍, വസ്തു കാണപ്പെട്ട ലൈവ് ലൊക്കേഷന്‍ അല്ലെങ്കില്‍ അടുത്ത ലാന്‍ഡ്മാര്‍ക്ക്, ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഈ ആപ്ലിക്കേഷന്‍ വഴി ശേഖരിക്കുന്നത്.

 

സംസ്ഥാന പിആർഡി വകുപ്പ് ഉദ്യോഗസ്ഥർക്ക് സർക്കാർ ചെലവിൽ പാർട്ടി ക്ലാസ്. പബ്ലിക് റിലേഷൻസ് മെച്ചപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥർക്ക് പിആ‍ർഡി ചെലവിൽ നടത്തിയ ക്ലാസിലാണ് സിപിഎം നേതാവും ഇടത് അനുകൂല നിലപാടുള്ള മാധ്യമപ്രവർത്തകരും ക്ലാസെടുത്തത്. തിരുവനന്തപുരത്ത് നടന്ന ദ്വിദിന പഠന ക്ലാസിൽ ജോൺ ബ്രിട്ടാസ്, ഡോ. അരുൺ കുമാർ, എംഎസ് ശ്രീകല എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.

 

സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറി സൗകര്യം പൊതുജനങ്ങൾക്കുള്ളതല്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വ്യാപക വിമർശനം. ഉത്തരവ് നിരാശപ്പെടുത്തുന്നതാണെന്ന് സ്ത്രീകൾക്കും ദീർഘദൂര യാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാകുമെന്നുമാണ് പൊതുജനാഭിപ്രായം. ഉത്തരവ് കോടതി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർ എല്ലാ പൊതു ഇടങ്ങളിലും വൃത്തിയുള്ള ശുചിമുറികൾ ഉറപ്പാക്കണമെന്നും ജനങ്ങൾ പറയുന്നു.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ വെള്ളക്കെട്ടിലകപ്പെട്ട കുട്ടനാട് താലൂക്കിൽ നാളെയും അവധി പ്രഖ്യാപിച്ചു. കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഈ അധ്യയന വർഷം ഇതുവരെ ഏറ്റവും കൂടുതൽ പ്രവർത്തി ദിനങ്ങൾ നഷ്ടമായ താലൂക്കാണ് കുട്ടനാട്. പ്രവേശനോത്സവം നടന്ന ആദ്യ ആഴ്ചയിലും രണ്ടാമത്തെ ആഴ്ചയിലും ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നില്ല.

 

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടായി. മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

 

വയനാട് തുരങ്കപാത പദ്ധതിക്കുള്ള  കേന്ദ്ര പരിസ്ഥിതിക അനുമതി സംബന്ധിച്ച അന്തിമ വിജ്ഞപനം പുറത്തിറങ്ങി.വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നൽകിയിരിക്കുന്നത്.മെയ് 14–15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു.വിജ്ഞപനം വന്നതോടെ ഇനി കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും.

 

മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ പർവതത്തിൽ കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണി വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി. അമേരിക്കയിലെ എംബസിയുമായും ബന്ധപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം എംപിയുടെ കത്തിന് മറുപടി നൽകി.

സംസ്ഥാനത്ത് കനത്ത മഴക്ക് ശമനമുണ്ടെങ്കിലും അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനാൽ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. പ്രളയ സാധ്യത മുന്നറിയിപ്പ് പുതുക്കിക്കൊണ്ടാണ് നദി തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.പത്തനംതിട്ട മണിമലയിൽ ഓറഞ്ച് അലർട്ടും കരമന, അച്ചൻകോവിൽ, കാവേരി, ഭാരതപ്പുഴ, കോരപ്പുഴ, പെരുമ്പ, മൊഗ്രാൽ തുടങ്ങിയ നദികളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. താഴെ പറയുന്ന നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

 

ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിന് നിലവിൽ ലഭ്യമായ സ്പെയർ ബസുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കെഎസ്ആർടിസി.കല്ല്യാണങ്ങൾക്കും സ്വകാര്യപരി പാടികൾക്കുമായുള്ള ചാർട്ടേർഡ് ട്രിപ്പുകൾക്ക് നിരക്ക് കുറച്ച് നൽകാനാണ് തീരുമാനമെന്ന് കെഎസ്ആർടിസി അറിയിച്ചു. എ, ബി, സി, ഡി എന്നിങ്ങനെ 4 വിഭാഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഓർഡിനറി മുതൽ വോൾവോ വരെ ഈ നിരക്ക് ബാധകമാണ്.

 

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനാണ് പേവിഷബാധയുണ്ടായത്. മെയ് 31ന് പയ്യാമ്പലത്ത് വച്ച് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. വലത് കണ്ണിനും ഇടതുകാലിലുമാണ് കുട്ടിക്ക് കടിയേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിലെത്തി വാക്സിനെടുത്തു. കുട്ടി ഇപ്പോൾ പരിയാരത്ത് ചികിത്സയിലാണ്.

 

സ്കൂൾ സമയമാറ്റം വിഷയത്തിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കെതിരെ സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്കെഎസ്എസ്എഫ്. വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് തയ്യാറാകണമെന്നും പരാതി കിട്ടിയില്ല എന്ന് മന്ത്രി പറഞ്ഞത് തെറ്റിദ്ധാരണജനകമാണെന്നും സംഘടന വ്യക്തമാക്കി. ജൂൺ 11ന് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി.

 

2023-ലെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മേഘവിസ്ഫോടനം എന്നിവയെത്തുടർന്ന് കനത്ത നാശനഷ്ടമുണ്ടായ ഹിമാചൽ പ്രദേശിന് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി 2,006.40 കോടി രൂപയുടെ കേന്ദ്ര സഹായം അംഗീകരിച്ചു. കേന്ദ്ര ധനകാര്യ, കൃഷി മന്ത്രിമാരും നീതി ആയോഗ് വൈസ് ചെയർമാനും അംഗങ്ങളായ സമിതിയാണ് ദേശീയ ദുരന്ത പ്രതികരണ നിധി (NDRF) പ്രകാരം സംസ്ഥാനത്തിന് സാമ്പത്തിക സഹായം നൽകുന്നതിനുള്ള നിർദ്ദേശം പരിഗണിച്ചത്.

 

വോട്ടർ ഐഡി കാർഡുകൾ 15 ദിവസത്തിനുള്ളിൽ ലഭിക്കുന്ന പുതിയ സംവിധാനത്തിന് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പുതിയ പേര് ചേർക്കൽ നിലവിലെ വിവരങ്ങളുടെ പുതുക്കൽ തുടങ്ങിയവയ്ക്കുശേഷം പുതിയ വോട്ടർ ഐഡി കാർഡുകൾ ഇനി 15 ദിവസത്തിനുള്ളിൽ വിതരണം ചെയ്യും.വോട്ടർമാർക്ക് മെച്ചപ്പെട്ട സേവനവും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യതയും ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയത്.

 

അഹമ്മദാബാദ് വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേഷ് സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിശ്വാസിന്റെ സഹോദരനായ അജയ് കുമാറും അപകടത്തിലാണ് മരിച്ചത്. എയര്‍ ഇന്ത്യയുടെ അപകടത്തിൽപ്പെട്ട എഐ 171 ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരൻ വിശ്വാസ് മാത്രമായിരുന്നു.

ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേലിനെതിരെയുള്ള യുദ്ധപ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് ഇന്ത്യ വെച്ചുപുലര്‍ത്തിപോരുന്ന അടിസ്ഥാനമൂല്യങ്ങളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60,000 കവിഞ്ഞിരിക്കുന്നു. മഹാത്മാഗാന്ധിയുടെ ആശയങ്ങളില്‍ വേരൂന്നി രൂപപ്പെട്ട ഇന്ത്യ അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് അക്ഷന്തവ്യമായ അപരാധമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഇറാനെതിരെയുള്ള യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അക്രമോത്സുകമായ പ്രസ്താവനകളെ ശക്തമായി അപലപിച്ച് സി പി എം. ഇത്തരം വാചാടോപങ്ങൾ സംഘർഷങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുകയും പശ്ചിമേഷ്യൻ മേഖലയെ മുഴുവൻ യുദ്ധത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുകയും ചെയ്യുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവനയിലൂടെ പറഞ്ഞു.

 

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരിച്ച 202 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതുവരെ 158 മൃതദേഹങ്ങളാണ് കുടുംബങ്ങൾക്ക് കൈമാറിയത്. 242 പേ‍‌ർ സഞ്ചരിച്ച വിമാനത്തിലെ 241 പേരും കൊല്ലപ്പെട്ടിരുന്നു.10 മൃതദേഹങ്ങൾ കൂടി കുടുംബങ്ങളിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

 

ഇസ്രായേലുമായി സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ സ്മാർട്ട് ഫോണുകളിൽ നിന്ന് വാട്സ് ആപ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഇറാൻ സർക്കാർ. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് വാട്സ് ആപ് നീക്കം ചെയ്യണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടത്. ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് വാട്ട്‌സ്ആപ്പ്.

 

ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് സൈനിക സഹായം നൽകരുതെന്ന് അമേരിക്കയോട് റഷ്യ. ഇസ്രയേലിനുള്ള യുഎസ് സഹായം മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് മുന്നറിയിപ്പ് നൽകി. ഇറാനും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം ആറ് ദിവസമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം.

 

ഇസ്രയേലുമായുള്ള സംഘർഷത്തിൽ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ് ഇറാൻ. പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്നും ഇറാൻ കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വ്യക്തമാക്കി. ഇറാൻ ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ആയത്തുള്ള അലി ഖമനേയി ഇക്കാര്യം വ്യക്തമാക്കിയത്.

 

ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാരുമായുള്ള ആദ്യവിമാനം പുലര്‍ച്ചെയോടെ എത്തുമെന്ന് വിവരം. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നാണ് വിമാനം പുറപ്പെടുന്നത്. 110 ഇന്ത്യാക്കാരുമായാണ് ആദ്യ വിമാനം വരുന്നത്. ജമ്മു കാശ്മീർ സ്വദേശികളാണ് ഇവരിൽ കൂടുതലും. മലയാളികൾ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരമെന്ന് നോർക്ക വ്യക്തമാക്കി.

അമർനാഥ് ക്ഷേത്രത്തിലേക്കുള്ള വഴികൾ നോ ഫ്ലൈ സോണ്‍ (പറക്കൽ നിരോധിത മേഖല) ആയി പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ. യാത്രാ കാലയളവിൽ ഡ്രോണുകളും ബലൂണുകളും ഉൾപ്പെടെ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.അമർനാഥ് തീർത്ഥാടനം ഈ വർഷം ജൂലൈ 3 ന് ആരംഭിച്ച് ഓഗസ്റ്റ് 8 ന് അവസാനിക്കും.

 

ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടും സാധാരണ​ഗതിയിലാകുന്നു. കാനഡയിലെ ആൽബെർട്ടയിൽ നടന്ന ജി7 വേദിയിൽ ഇരു രാജ്യങ്ങളും തങ്ങളുടെ ഉന്നത നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണത്തെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായത്. കോമൺ‌വെൽത്ത് രാജ്യങ്ങൾക്കിടയിൽ അംബാസഡർമാർ നിർണായകമായതിനാൽ ഇരു രാജ്യങ്ങളും പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കാനഡയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും പരസ്പരം ഹസ്തദാനം നൽകി അഭിവാദ്യം ചെയ്തു. കൂടിക്കാഴ്ച്ചക്കിടെ ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതൽ ശക്തമാകുമെന്ന് നരേന്ദ്രമോദി ഇറ്റാലിയൻ പ്രധാനമന്ത്രിയോട് പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ കാരണം യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കുവൈത്ത് എയർവേയ്‌സ് ശനിയാഴ്ച നിരവധി ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കി. അമ്മാനിലേക്കും തിരിച്ചുമുള്ള KU563/4 എന്ന വിമാനവും ബെയ്‌റൂട്ടിലേക്കും തിരിച്ചുമുള്ള KU503/4 എന്ന വിമാനവുമാണ് റദ്ദാക്കിയതെന്ന് ദേശീയ വിമാനക്കമ്പനി ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധൂനദീജലക്കരാർ താൽക്കാലികമായി നിർത്തിവച്ചതിനെത്തുടർന്ന് സിന്ധു നദിയിൽ നിന്ന് പാകിസ്ഥാനിലേക്ക് വെള്ളം തുറന്നുവിടുന്നതിൽ കുറവെന്ന് റിപ്പോർട്ട്. ജലദൗർലഭ്യം പാകിസ്ഥാനിൽ ഖാരിഫ് വിളകളുടെ വിതയ്ക്കലിനെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാൻ സർക്കാരിന്റെ സിന്ധു നദീതട അതോറിറ്റി (IRSA) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

 

ഇസ്രയേലുമായുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഖത്തര്‍ അമീറിന് നിര്‍ണായക സന്ദേശം കൈമാറി ഇറാൻ പ്രസിഡന്‍റ് ഡോ. മസൂദ് പെഷേഷ്കിയാൻ. ഇറാൻ അംബാസഡർ ഖത്തർ വിദേശകാര്യ സഹമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കത്ത് കൈമാറിയത്. കത്ത് ലഭിച്ചെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും കത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല.

 

അമേരിക്കയിൽ സന്ദർശനം നടത്തുന്ന പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിലെ പാക് പ്രവാസികളുടെ പ്രതിഷേധം. അസിം മുനീർ താമസിച്ചിരുന്ന ഫോർ സീസൺസ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയ പാകിസ്ഥാൻ പ്രവാസികൾ മുദ്രാവാക്യം വിളികളുമായി രം​ഗത്തെത്തി. ‘ഭീരു, കൂട്ടക്കൊലപാതകി, പാകിസ്ഥാനികളുടെ കൊലയാളി’ എന്നും പ്രതിഷേധക്കാർ മുനീറിനെ വിശേഷിപ്പിച്ചു.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *