പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. സ്വമേധയാ പൊലീസ് കേസെടുക്കുകയായിരുന്നു. ഡിജിപിക്ക് ലഭിച്ച പരാതികളിൽ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് ശ്രമം ആരംഭിച്ചിട്ടുണ്ട്. രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
തന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും യുവ നടി റിനി ആൻ ജോര്‍ജ്. രാഹുൽ രാജി വെക്കണോ എന്ന് പ്രസ്ഥാനം തീരുമാനിക്കട്ടെയെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.വി ഡി സതീശൻ മനസാ വാചാ കർമണ അറിയാത്ത കാര്യത്തെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നി അതുകൊണ്ടാണ് ഫേസ് ബുക്കിലൂടെ പ്രതികരിച്ചതെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.
ഷാഫി പറമ്പിൽ എംപിയെ വടകരയിൽ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡിവൈഎഫ്ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. എന്നാൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബലംപ്രയോഗിച്ചാണ് സ്ഥലത്ത് നിന്ന് നീക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്.
കോണ്‍ഗ്രസിന്റെ നേതാക്കളെ വഴിയില്‍ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഎമ്മിന്റെ ഗുണ്ടകള്‍ കരുതുന്നുണ്ടെങ്കില്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു…സിപിഎമ്മിന്റെ ഗുണ്ടാ സംഘത്തെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി അടിയന്തര നടപടികള്‍ എടുക്കണം എന്നും – രമേശ് ചെന്നിത്തല പറഞ്ഞു.
ഷാഫി പറമ്പിൽ എം.പിയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഡിവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ഡിവൈഎഫ്ഐ പ്രവർത്തകരോട് സ്വാഭാവിക പ്രതികരണം ആണെന്നും തീരുമാനിച്ച് നടപ്പാക്കിയത് അല്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വസീഫ് പറഞ്ഞു. രാഹുലിനെ സംരക്ഷിക്കുന്നതിന്‍റെ പേരിലുള്ള സ്വാഭാവിക പ്രതികരണമാണ് ഷാഫിക്കെതിരെ വടകരയിൽ ഉണ്ടായത്. വടകരയിൽ വൻ ഷോ ആണ് ഷാഫി നടത്തിയത് എന്നും കൂട്ടിച്ചേർത്തു .
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക് ശേഷം വിശദമായ വാദം കേൾക്കും. കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസിലാണ് നടി ലക്ഷ്മി മേനോനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നത്. നടിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
തൃശ്ശൂരിൽ ലുലു മാളിനെതിരെ ഹർജി നൽകിയ ടി എൻ മുകുന്ദനെ പിന്തുണച്ച് സിപിഐ. ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗം വിലയിരുത്തി. നെൽവയൽ സംരക്ഷണം പാർട്ടി നയമെന്നും നെൽവയൽ സംരക്ഷണ നിയമ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത് സിപിഐാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.തൃശ്ശൂരിൽ വയൽ നികത്തി ലുലു മാൾ തുടങ്ങുന്നതിനെതിരെ സിപിഐ ലോക്കൽ കമ്മിറ്റി അംഗം ടി എൻ മുകുന്ദൻ നൽകിയ ഹർജി വൻ വിവാദമായതിന് പിന്നാലെയാണ് പ്രതികരണം.
തൃശ്ശൂർ ലുലുമാൾ പദ്ധതിയിൽ ഭൂമി തരംമാറ്റിയ ആർഡിഒയുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിൻറെ അപേക്ഷ വീണ്ടും പരിഗണിക്കാനും കോടതി നിർദ്ദേശം നൽകി. വിഷയത്തിൽ നാലു മാസത്തിനകം ആർഡിഒ തീരുമാനമെടുക്കണം. കൃഷി ഓഫീസറുടെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മലയാള സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ ഉന്നതാധികാര സമിതിയായ ഫിലിം ചേംബറിന്‍റെ ജനറൽ സെക്രട്ടറിയായി മമ്മി സെഞ്ച്വറി തെരഞ്ഞെടുക്കപ്പെട്ടു.സാബു ചെറിയാൻ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു. ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം സജി നന്ത്യാട്ട് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.
ഡിജിപി റാങ്കിൽ നിന്ന് വിരമിച്ച ടോമിൻ തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2007ൽ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ടോമിൻ തച്ചങ്കരിക്ക് തിരിച്ചടി. പ്രതിയായ മുൻ ഉന്നത ഉദ്യോഗസ്ഥൻ നടപടികൾ താമസിപ്പിക്കാൻ പല മാർഗങ്ങളും സ്വീകരിച്ചുവെന്ന് വിലയിരുത്തിയ കോടതി പ്രതിക്കനുകൂലമായി സംസ്ഥാന സർക്കാർ പ്രവർത്തിച്ചതിലും ആശങ്ക രേഖപ്പെടുത്തി.
തൊട്ടപ്പള്ളിയിൽ തനിച്ച് താമസിച്ചിരുന്ന 60 കാരിയുടെ കൊലപാതകത്തിൽ പൊലീസ് തെറ്റായി പ്രതി ചേർത്ത അബൂബക്കർ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങി. തന്നെ ഭീഷണിപ്പെടുത്തി പൊലീസ് കുറ്റം സമ്മതിപ്പിച്ചതാണെന്ന് അബൂബക്കർ പറഞ്ഞു. മകന്റെ ജോലി കളയിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയപ്പോഴാണ് താൻ കുറ്റം സമ്മതിച്ചതെന്നാണ് അബൂബക്കറിന്റെ വാക്കുകൾ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കുറ്റ്യാടിയില്‍ ക്യാന്‍സര്‍ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഇവരെ ചികിത്സിച്ച അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ ഗുരുതര പരാതിയുമായി കുടുംബം. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഹാജറയെ മരണത്തിലേക്ക് നയിച്ചത് കുറ്റ്യാടി കെഎംസി ആശുപത്രിക്ക് മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ആത്മഹത്യ ചെയ്ത ആര്യനാട് പഞ്ചായത്തംഗം ശ്രീജയുടെ മരണം സിപിഎം സ്പോണ്‍സേര്‍ഡ് കൊലപാതകമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. വാക്കുകള്‍ കൊണ്ട് ആരെയും കൊലപ്പെടുത്തുന്ന സിപിഎം ശൈലിയാണ് ശ്രീജയുടെയും ജീവനെടുത്തത്. നവീന്‍ ബാബുവിന്റെ ദാരുണ മരണത്തിന് ശേഷവും കേരളത്തിലെ സിപിഎം നേതാക്കള്‍ മനുഷ്യജീവന് വിലകല്‍പ്പിക്കാനോ പാഠം പഠിക്കാനോ തയ്യാറാകുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ. ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ചംഗ കമ്മീഷനാണ് നിലവിൽ വന്നത്. മുൻ രാജ്യസഭാംഗം അഡ്വ കെ സോമപ്രസാദ് ആണ് കമ്മീഷൻ ചെയർപേഴ്സൺ.
ശബരിമലയിലെ ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എം നന്ദകുമാര്‍, വിസി അജികുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്‍റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വം കടമകളില്‍ നിന്ന് മാറുന്നുവെന്നും ഹർജിക്കാർ പറയുന്നു. ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവർത്തിക്കുന്നതായും ഹര്‍ജിയിൽ പറയുന്നുണ്ട്. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യൻ സംഗമവും നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹർജികൾ സെപ്റ്റംബര്‍ 3ന് അവധിക്കാല ബെഞ്ച് പരിഗണിക്കും.
സംഘപരിവാറിന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കാനും ഭൂരിപക്ഷ വർഗീയത വളർത്താനുമാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഘാടക സമിതിയിൽ തന്‍റെ പേരും വച്ചിട്ടുണ്ട് എന്നാല്‍ അത് അനുവാദമില്ലാതെയാണെന്നും ഞങ്ങള്‍ ആ പരിപാടിയുമായി സഹകരിക്കില്ല, ശബരിമല പ്രക്ഷോഭ കാലത്ത് സമരം ചെയ്ത വിശ്വാസികൾക്കെതിരായ കേസുകൾ പിൻവലിക്കും എന്ന് പറഞ്ഞ സർക്കാർ വാക്കുപാലിച്ചിട്ടില്ല എന്നും വിഡി സതീശന്‍ പ്രതികരിച്ചു.
രാജ്യത്ത് ജി.എസ്.ടി നിരക്ക് ഘടനയുടെ പരിഷ്ക്കരണം നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി വലിയ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജി.എസ്.ടി നിരക്ക് ഘടന പുനഃപരിശോധിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്.
താമരശ്ശേരി ചുരത്തിൽ (വയനാട് ചുരം) വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞത്. നേരിയ തോതിലാണ് മണ്ണിടിഞ്ഞതെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് ഇത് വെല്ലുവിളിയായി മാറുകയാണ്. വീണ്ടും ഇടിഞ്ഞതോടെ ചുരം ഗതാഗത യോഗ്യമാക്കുന്നത് ഇനിയും വൈകുമെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകുകയാണ്.
ഓണാഘോഷങ്ങളിൽ നിന്ന് ഒരു വിഭാഗം കുട്ടികളെ ഒഴിവാക്കാനുള്ള ശ്രമത്തിനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻ കുട്ടി. ഇത് വളരെ ഗുരുതരമായ പ്രശ്നമാണെന്നും ജാതിയും മതവും നോക്കിയല്ല കുട്ടികളെ പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാ ആഘോഷങ്ങളും അവർക്ക് സന്തോഷിക്കാനുള്ള അവസരമാണ്. കുട്ടികളുടെ മനസ്സിൽ വേർതിരിവുകൾ ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കോട്ടയം നഗരസഭയിലെ കോടികളുടെ പെൻഷൻ തട്ടിപ്പിൽ പ്രതി പിടിയിൽ. പ്രതി അഖിൽ സി വര്‍ഗീസിനെ കൊല്ലത്ത് നിന്നാണ് വിജിലന്‍സ് സംഘം പിടികൂടിയത്. രണ്ടരക്കോടിയിലധികം രൂപ തട്ടിയ കേസിലെ പ്രതി ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. കൊല്ലത്തെ ലോഡ്ജിൽ നിന്നാണ് വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത് വ്യാജ രേഖകൾ ഉണ്ടാക്കി പെൻഷൻ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്.
ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025-ലെ ഗോള്‍ഡ് അവാര്‍ഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി….ഏഷ്യ-പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാനാണ് ഈ പുരസ്‌കാരം നല്‍കുന്നത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാറിനെതിരായ പീഡന പരാതിയിൽ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ലൈംഗിക പീഡന കേസുകളിൽ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താൻ പാടില്ലെന്നും എന്നാൽ, കൃഷ്ണകുമാര്‍ ആ നിയമം ലംഘിച്ചുവെന്നും ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് കൃഷ്ണകുമാര്‍ വിശദാംശങ്ങൾ പുറത്തു പറഞ്ഞത്. പൊലീസ് ക്രിമിനൽ കേസ് എടുക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലന്‍സ് ഓപ്പറേറ്റ് ചെയ്യാനുള്ള പദ്ധതിയില്‍ 250 കോടിയില്‍ പരം കോടി രൂപയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നതായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യ മന്ത്രിക്കും ഈ ഇടപാടില്‍ പങ്കുണ്ട്. – ഇതുസംബന്ധിച്ച രേഖകള്‍ പുറത്തു വിട്ട് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യ – പാക് വെടിനിർത്തലുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉന്നയിച്ച വാദങ്ങൾ ഏറ്റെടുത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്ക ആവശ്യപ്പെട്ടത് പ്രകാരം അഞ്ച് മണിക്കൂറിൽ പാകിസ്ഥാനെതിരായ ആക്രമണം കേന്ദ്രസർക്കാർ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. ബിഹാറിലെ വോട്ടർ അധികാർ യാത്രയുടെ ഭാഗമായി റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടൽ അമേരിക്ക വ്യാപാര രംഗത്ത് നിസഹകരണമെന്ന ഭീഷണിയിലൂടെ അവസാനിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉറ്റ ബന്ധുവുമായി തർക്കം. യുവതിയുടെ മൂന്ന് വയസുള്ള മകനെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തി ട്രെയിനിലെ ശുചിമുറിയിൽ ഉപേക്ഷിച്ച 25കാരൻ അറസ്റ്റിൽ. ഖുശിനഗർ എക്സ്പ്രസിലെ ശുചിമുറിയിൽ നിന്നാണ് 3 വയസ് പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയത്.മുംബൈ ലോകമാന്യതിലക് ടെർമിനലിൽ ട്രെയിൻ എത്തിയപ്പോഴായിരുന്നു ഇത്. സംഭവത്തിൽ ബാന്ദ്രയിൽ നിന്നാണ് സൂറത്ത് സ്വദേശി അറസ്റ്റിലായത്.
സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെയെയും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. കൊളിജീയത്തിലെ തർക്കത്തിനിടെയാണ് നിയമനം നടത്താൻ രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്.
അമേരിക്കയിൽ പലസ്‌തീൻ വംശജനെ വിമാനത്തിൽ വച്ച് ജീവനക്കാരി മർദ്ദിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്. ഡെൽറ്റ എയർലൈൻസിനെതിരെ യാത്രക്കാരനായ മുഹമ്മദ് ഷിബ്‌ലിയാണ് ഹർജി നൽകിയത്. 20 ദശലക്ഷം ഡോളർ (ഏതാണ്ട് 175 കോടി രൂപ) ആണ് നഷ്‌ചപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 29 ന് അറ്റ്ലാന്റയിൽ നിന്ന് കാലിഫോർണിയയിലെ ഫ്രെസ്‌നോയിലേക്കുള്ള വിമാനത്തിൽ വച്ച് യാത്രക്കിടെ ജീവനക്കാരി മർദിച്ചുവെന്നാണ് കേസ്.
ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയെന്ന വാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സംഘർഷം രൂക്ഷമായി തുടർന്നാൽ ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തന്റെ ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ സംഘർഷത്തിൽ നിന്ന് പിന്മാറാൻ കാരണം. നാല് ദിവസത്തെ ഇന്ത്യാ – പാക് സംഘർഷത്തിൽ സംഘർഷത്തിൽ ഏഴോ അതിലധികമോ യുദ്ധ വിമാനങ്ങൾ വെടിവച്ചിട്ടുവെന്നും അദ്ദേഹം പറഞ്ഞെങ്കിലും ഏത് രാജ്യത്തിൻ്റെ യുദ്ധ വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
വടക്കേ ഇന്ത്യയിൽ തുടരുന്ന അതിരൂക്ഷമായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നൽകി. രവി, ചെനാബ്, സത്‌ലജ് നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നും അണക്കെട്ടുകൾ തുറന്ന് നദികളിലേക്ക് അധിക ജലം ഒഴുക്കി വിടേണ്ട സാഹചര്യമാണെന്നും അറിയിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വഴിയാണ് പാകിസ്ഥാനോട് വലിയ നാശനഷ്ടമുണ്ടാകാതിരിക്കാനുള്ള നടപടിയെടുക്കുന്നതിനായി മുന്നറിയിപ്പ് നൽകിയത്.