എക്സിറ്റ് പോളുകൾ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഏഴ് വ്യത്യസ്ത യോഗങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുക. യോഗങ്ങളിൽ അടുത്ത സർക്കാരിന്റെ ആദ്യത്തെ 100 ദിന പരിപാടികൾ ചർച്ചയാകുമെന്നും സൂചനകളുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം, റേമൽ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടം എന്നിവയും യോഗങ്ങളിൽ വിലയിരുത്തും.
എക്സിറ്റ് പോളുകളെ തള്ളി രാഹുൽ ഗാന്ധി. എക്സിറ്റ് പോളുകൾ അല്ല, ഇത് മോദി പോളെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഇന്ത്യ മുന്നണിക്ക് 295 സീറ്റുകൾ ലഭിക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. എന്‍ഡിഎ 365, ഇന്ത്യ സഖ്യം 146, മറ്റുള്ളവര്‍ 32 ഇങ്ങനെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളുടെ ദേശീയ ശരാശരി.
എക്സിറ്റ് പോള്‍ ഫലം വന്നതിന് പിന്നാലെ സ്ഥാനാര്‍ത്ഥികള്‍, പിസിസി അധ്യക്ഷൻമാര്, പ്രതിപക്ഷ നേതാക്കള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിച്ചു. ആത്മവിശ്വാസം കൈവിടരുതെന്നും സംസ്ഥാനങ്ങളിലെ സാഹചര്യമല്ല എക്സിറ്റ് പോളുകളില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും അതെവിടെയെന്ന് ഫലം വരട്ടെയെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. അതോടൊപ്പം കേരളത്തിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തി വെട്ടുന്ന വിജയം ബിജെപി നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം കേരളാ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലത്തിൽ വിശ്വസിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. എല്ലാ ഏജൻസികളും ഒരുപോലെ ഫലം നൽകിയത് ദുരൂഹതയുണ്ടെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
നാളെ ബിജെപി വരില്ല എന്നൊന്നും പറയുന്നില്ല. പക്ഷേ ഇത്തവണ അവർക്ക് കേരളത്തില്‍ സീറ്റ് ഉണ്ടാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും, ബിജെപി അക്കൗണ്ട് തുറക്കും എന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. എക്സിറ്റ് പോൾ പ്രകാരം തന്നെയാണ് തരംഗം എങ്കിൽ ഇലക്ഷൻ കമ്മീഷന്റെയും ഇവിഎമ്മിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുമെന്നും ബെന്നി ബെഹ്നാൻ പറഞ്ഞു. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് യുഡിഎഫ് കൺവീനര്‍ എം എം ഹസനും വ്യക്തമാക്കി.
എക്സിറ്റ് പോളുകള്‍ സംശയാസ്പദമാണെന്നും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. ശാസ്ത്രീയമായ നിഗമനത്തിന്റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോളെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും വ്യക്തമാക്കി. എക്സിറ്റ് പോളിനുശേഷം രണ്ടുദിവസത്തേക്ക് മാത്രം ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാർ ഉണ്ടാകും. അത് വോട്ട് എണ്ണിയാൽ തീരുമെന്നും മന്ത്രി പറഞ്ഞു.
കാത്തിരിക്കുന്നത് യഥാർത്ഥ ജനവിധിയെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന സർവ്വേ ശരിയല്ല. കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടും. ഇരുപതിൽ ഇരുപതും കിട്ടാവുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫിന് കണ്ണഞ്ചിപ്പിക്കുന്ന ജയം ഉണ്ടാകുമെന്ന് എ.കെ.ബാലന്. എല്ലാ സീറ്റുകളും ഇന്ത്യ സഖ്യത്തിന് ലഭിക്കുമെന്നും കേരളത്തില്‍ ബി.ജെ.പി മുന്നേറ്റമെന്നത് പച്ചനുണയാണെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളുകളില്‍ പറയുന്ന മൂന്ന് സീറ്റുകളിലും ബി.ജെ.പി തോല്‍ക്കുമെന്നും, തൃശൂരില്‍ ബി.ജെ.പി ജയിച്ചാല്‍ ഉത്തരവാദിത്തം യു.ഡി.എഫിനാണെന്നും ബാലന് കൂട്ടിച്ചേര്‍ത്തു.
എക്സിറ്റ് പോളുകള്‍ എൻഡിഎയുടെ കണക്കുകള്‍ ശരിവയ്ക്കുന്നതാണെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ ജയിക്കുമെന്നതായിരുന്നു കണക്ക്. ബിഡിജെഎസ് കൂടി വിജയം തീരുമാനിക്കും. ഇത്തവണ കേന്ദ്ര മന്ത്രി സ്ഥാനമോ രാജ്യസഭാംഗത്വമോ വാഗ്ദാനം വന്നാൽ അത് ആലോചിച്ചു തീരുമാനിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ എല്ലാ എക്സിറ്റ് പോളുകളും തെറ്റാണെന്ന് തെളിയുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്നും ദില്ലി ലോക്സഭാ സീറ്റിലെ ഇന്ത്യൻ സഖ്യത്തിൻ്റെ സ്ഥാനാർഥി കൂടിയായ എംഎൽഎ സോംനാഥ് ഭാരതി പറഞ്ഞു.
മഹാരാഷ്ട്രയിൽ എക്സിറ്റ് പോൾ ഫലങ്ങളെ തളളി ഇരു മുന്നണികളും. സർവേ ഫലങ്ങൾ കോർപ്പറേറ്റ് കളിയെന്ന് പരിഹസിച്ച ഉദ്ദവ് പക്ഷ ശിവസേന, മഹാവികാസ് അഘാഡി 35 സീറ്റ് നേടുമെന്നും അവകാശപ്പെട്ടു. എന്നാൽ മഹായുതി സഖ്യത്തിന് കോട്ടമുണ്ടാകില്ലെന്നും കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകൾ ഇത്തവണയും നേടുമെന്നും ശിവസേന ഷിൻഡേ വിഭാഗം പറഞ്ഞു.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് . 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർവരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ച മാത്രമാണ് ജീവാനന്ദം പദ്ധതിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സംസ്ഥാനത്തിന്റെ മോശം സാമ്പത്തികസ്ഥിതി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ ഭരണത്തിന് ഭൂഷണമല്ലെന്നും, പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് നിരവധി ആശങ്കകളുണ്ടെന്നും സുധാകരൻ പറഞ്ഞു.
ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കാനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്. പിടിഎ ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മുസ്ലീം ലീഗ് നേതാക്കള്‍ അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ഐ എന്‍ എല്‍ നേതാവ് മുസ്ലീം ലീഗിലേക്ക് വരുന്നതിനായി അനൗദ്യോഗിക ചര്‍ച്ച നടന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആകെ കുറച്ചു ആളുകൾ അല്ലേ ഐ എൻ എല്ലിൽ ഉള്ളുവെന്നും ആരു പാർട്ടിയിലേക്ക് വന്നാലും സന്തോഷമെന്നും സലാം കൂട്ടിച്ചേർത്തു. പി എം എ സലാമുമായി അഹമ്മദ് ദേവർകോവിൽ ചർച്ച നടത്തിയെന്നും കെ എം ഷാജിയാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നതെന്നുമാണ് റിപ്പോർട്ട്.
സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ സോഷ്യല്‍മീഡിയ പോസ്റ്റര്‍ വിമര്‍ശനത്തിന് പിന്നാലെ പിന്‍വലിച്ചു. ആവേശം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായ രംഗണ്ണനും അമ്പാനും കുട്ടികളുടെ കൈപിടിച്ച് സ്കൂളിലേക്ക് നടത്തുന്ന കോമിക് ചിത്രമാണ് പോസ്റ്റില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പോസ്റ്റിലെ അനൗചിത്യം മനോരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. സി.ജെ. ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. വേളൂര്‍ സെന്റ് ജോണ്‍ എല്‍.പി.എസ്, പുളിനാക്കല്‍ സെന്റ് ജോണ്‍ യു.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്മെന്റ് എല്‍.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്മെന്റ് യു.പി.എസ് എന്നീ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ അറിയിച്ചു.
സംസ്ഥാന സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ കുറവ് . 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ പ്രവേശനം നേടിയത്. ഒരു ലക്ഷത്തലധികം കുട്ടികളാണ് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത്. ഇത്തവണ സംസ്ഥാനത്ത്സര്ക്കാര് സ്കൂളുകളില്‍ 11.19 ലക്ഷം പേരും എയ്ഡഡ് സ്കൂളുകളില്‍ 20.30 ലക്ഷം പേരും അണ്‍എയ്ഡഡ് സ്കൂളുകളില്‍ 2.99 ലക്ഷം പേരും പ്രവേശനം നേടി. സമ്പൂർണ്ണ കണക്ക് ആറാം പ്രവൃത്തി ദിനത്തിന് ശേഷം ലഭിക്കും.
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് കൂടും. സ്കൂൾ വാഹനങ്ങൾക്കും ടോൾ നൽകണം. ടോൾ നിരക്ക് വർധനക്കെതിരെ ടോൾ പ്ലാസയിൽ ജനകീയ കൂട്ടായ്മ പ്രതിഷേധ സമരം നടത്തും. പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇപ്പോഴും നടപ്പായിട്ടില്ല.
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിറ്റി മുൻപാകെ കുടുംബം ഹാജരായി മൊഴി നൽകി. സിദ്ധാർത്ഥിന്റെ അച്ഛൻ പ്രകാശ്, അമ്മ ഷീബ, അമ്മാവൻ ഷിജു എന്നിവരാണ് റിട്ട. ജസ്റ്റിസ് എ ഹരിപ്രസാദ് മുൻപാകെ ഹാജരായി രേഖകൾ കൈമാറിയത്. കൊച്ചി കുസാറ്റ് ക്യാംപസിലാണ് ജുഡീഷ്യൽ കമ്മിറ്റി സിറ്റിങ് നടത്തുന്നത്. ഇത് വരെ കൈമാറാതിരുന്ന പല രേഖകളും വിവരങ്ങളും കമ്മിറ്റി മുൻപാകെ ബോദ്ധ്യപ്പെടുത്തിയെന്ന് സിദ്ധാർത്ഥന്റെ അമ്മ ഷീബ പറഞ്ഞു.
കോഴിക്കോട് ഐസിയു പീഡന കേസില്‍ മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ അതിജീവിതയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നർക്കോട്ടിക് ഡിവൈഎസ്പി ആണ് അന്വേഷണ റിപ്പോർട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയത്.
വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാതായത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മുത്തച്ഛനെ പേരക്കുട്ടി വെട്ടിപ്പരുക്കേല്‍പ്പിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട എടക്കുളത്താണ് സംഭവം. കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. പേരക്കുട്ടി ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട അടൂർ കിളിവയൽ ഓർത്തഡോക്സ് പള്ളിയിൽ പ്രാർത്ഥന സമയത്ത് കാട്ടുപന്നി പാഞ്ഞുകയറി. പള്ളിയുടെ വരാന്തയിൽ നിന്ന സ്ത്രീയെ ഇടിച്ചിട്ടു. സിനി സുനിൽ എന്ന യുവതിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
കോട്ടയം മണിമല സ്വദേശിയായ വയോധിക മണിമലയറ്റിൽ മുങ്ങി മരിച്ചു. മണിമല മൂങ്ങാനി കളത്തിപ്ലാക്കൽ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. കാൽ വഴുതി പുഴയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
യുഎഇയില്‍ താപനില ഉയരുന്നു. വെള്ളിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് അരികെയാണ് താപനില രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും താപനില ഉയരുകയാണ്. 45 ഡിഗി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് മറ്റ് പ്രദേശങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് താപനില രേഖപ്പെടുത്തിയത്.
അരുണാചല്‍പ്രദേശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്ത്രികാരി മോർച്ചക്കും മികച്ച ഭൂരിപക്ഷത്തോടെ തുടർഭരണം. അരുണാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 45 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ 32ല്‍ 31 സീറ്റുകളിലും ലീഡ് നേടി വൻ വിജയമാണ് സിക്കിം ക്രാന്തികാരി മോർച്ച നേടിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജില്ലാ കലക്ടര്‍മാരെ വിളിപ്പിച്ചെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനോടാണ് വസ്തുതകള്‍ തേടി. ആരോപിക്കപ്പെട്ടതു പോലെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ജില്ലാ വരണാധികാരികള്‍ അറിയിച്ചിട്ടില്ലെന്നും അതുകൊണ്ട് ബോധ്യമുള്ള വസ്തുതകള്‍ അറിയിക്കണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ നോട്ടിസില്‍ പറയുന്നത്. 150 ജില്ലാവരണാധികളെ അമിത് ഷാ വിളിപ്പിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്.
ജാമ്യകാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക് തിരിച്ചു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമായിരുന്നു മടക്കം. എക്സിറ്റ് പോളുകള്‍ തട്ടിപ്പാണെന്നും, ജൂൺ നാലിന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ മനോവിഷമത്തിലാക്കാനാണ് ഈ തട്ടിപ്പെന്നും അദ്ദേഹം വിമര്‍ശിച്ചു. ജയിൽ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. സംഭവിക്കുന്നത് സംഭവിക്കട്ടെ എനിക്ക് ഭയമില്ല. എൻ്റെ ശരീരവും മനസും ഈ രാജ്യത്തിന് വേണ്ടിയാണെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. തെരഞ്ഞെടുപ്പ് ഫലത്തെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും കമ്മീഷനിലെത്തി.പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണം, അതിന് ശേഷം മാത്രമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാവൂയെന്ന് നേതാക്കള്‍ കമ്മീഷനോടാവശ്യപ്പെട്ടു. ഫോം 17 സിയില്‍ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യന്‍ ബോക്സിങ് താരം അമിത് പംഗല്‍. ബാങ്കോക്കില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റ് ക്വാര്‍ട്ടറില്‍ ചൈനയുടെ ചുവാങ് ലിയുവിനെ കീഴടക്കി സെമിയില്‍ കടന്നതോടെയാണ് അമിത് ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കിയത്. 51 കിലോ വിഭാഗത്തിലാണ് താരം മത്സരിക്കുന്നത്.