Screenshot 2024 02 27 20 21 14 990 com.android.chrome edit 3

 

കേരള തീരത്തിന് അരികെ തെക്ക് – കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/മിന്നൽ/കാറ്റ് എന്നിവയോട് കൂടിയ മഴയ്ക്ക് സാധ്യത. ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം മുതൽ വടക്കോട്ട് കാസര്‍കോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.മെയ്‌ 31 മുതൽ ജൂൺ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ബിജെപിക്ക്  ലോക്സഭാ തെരഞ്ഞെടുപ്പിൽ  വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ. ഡികെ ശിവകുമാറിന് ഭ്രാന്താണെന്നും കേരളത്തിലെ സാംസ്കാരിക ജീവിതത്തെ പരിഹസിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. രാജരാജേശ്വര ക്ഷേത്രം അത്തരം മന്ത്രവാദ പൂജകൾ നടക്കുന്ന ഇടമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്സാലോജിക് വിവാദത്തിൽ മുഖ്യമന്ത്രിയെയും മകൾ വീണയെയും  അദ്ദേഹം പൂർണമായി പിന്തുണച്ചു. മാധ്യമങ്ങൾ കള്ള പ്രചാരണം നടത്തിയാൽ അതിനെ ആശയം കൊണ്ട് നേരിടുമെന്നും എം വി ഗോവിന്ദൻ  പറഞ്ഞു. രാഷ്ട്രീയം ഇതുപോലെ അധ:പതിപ്പിച്ച മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം  പറഞ്ഞു.

കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം കർണാടക സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ആരോപണം തള്ളി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഡികെ ശിവകുമാർ പറഞ്ഞതുപോലെ മൃ​ഗബലി നടന്നതിന് തെളിവില്ല. ക്ഷേത്രങ്ങളും പൂജാരികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തി സ്പെഷൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകി. കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നാണ് ഡികെയുടെ ആരോപണം.

​കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ആരോപണം തളളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഡി കെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്നും, കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഡികെ ശിവകുമാറിന്റെ മൃഗബലി ആരോപണം തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വം. മൃഗബലി ആരോപണം വസ്തുതാവിരുദ്ധo. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മൃഗബലി പൂജയുള്ള ക്ഷേത്രമല്ല. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ടിടികെ ദേവസ്വം ബോർഡ് അംഗം ടിടി മാധവൻ പറഞ്ഞു.

പൂക്കോട് വെറ്റിനറി സർവകലാശാലയിൽ സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക്ജാമ്യം നൽകിയ നടപടി സങ്കടകരമെന്ന് സിദ്ധാർത്ഥന്റെ മാതാപിതാക്കൾ. സിബിഐ അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചത്.  പ്രതികൾക്ക്  ജാമ്യം ലഭിച്ചത് നിരാശാജനകമാണ് എന്ന് സിദ്ധാർത്ഥന്റെ മാതാപിതാക്കൾ പ്രതികരിച്ചു . പ്രതികൾക്ക് ഇനി ഫോൺ ഉപയോഗിക്കാം,തെളിവ് നശിപ്പിക്കാം,സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യാം. സിബിഐ കേസ് ഏറ്റെടുക്കാതിരിക്കാനടക്കം സർക്കാർ നീക്കം നടത്തി. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ വേണ്ടിയുളള നടപടികളുമായി മുന്നോട്ട് പോകുമെന്നും സിദ്ധാർത്ഥന്റെ രക്ഷിതാക്കൾ വിശദീകരിച്ചു.

യൂട്യൂബർ സ‍ഞ്ജു ടെക്കി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ സംഭവത്തിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.മോട്ടോർ വാഹന ചട്ടം ലംഘിക്കുന്ന വ്ളോഗർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാമെന്നും കോടതി സർക്കാരിനെ അറിയിച്ചു.  ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്ലോഗർമാർ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണം . സഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ മോട്ടോർ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് യൂട്യൂബർ സഞ്ജു ടെക്കി. കേസെടുത്തതിന് ശേഷം തന്‍റെ യുട്യൂബ് ചാനലിന് ലോകം മുഴുവന് റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാല് പോലും കിട്ടാത്ത പ്രശസ്തി എല്ലാവരും ചേർന്ന് നേടിത്തന്നുവെന്നുമാണ് യൂട്യൂബ് വീഡിയോയിലുളളത്. യുട്യൂബ് വീഡിയോ മോട്ടോർ  വാഹനവകുപ്പ് വളരെ ഗൗരവത്തിലെടുത്തിട്ടുണ്ട്. സഞ്ജുവിനെതിരെ കൂടുതൽ ശക്തമായ നടപടിക്കാണ് സാധ്യത.

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിൽ. യൂണിഫോം  വിതരണം ഉടൻ തന്നെ പൂർത്തിയാക്കും എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സർക്കാർ വിഭാഗത്തിൽ ഒന്ന് മുതൽ നാലു വരെ ക്ളാസുകളുള്ള എൽ പി സ്കൂൾ, ഒന്ന് മുതൽ അഞ്ച് വരെയുള്ള എൽ പി സ്കൂൾ, ഒന്ന് മുതൽ ഏഴ് വരെയുള്ള യു പി സ്കൂൾ, അഞ്ച് മുതൽ ഏഴ് വരെയുള്ള യു പി സ്കൂൾ, ഒന്ന് മുതൽ നാലു വരെയുള്ള എയിഡഡ് എൽ പി സ്കൂൾ എന്നിവയിലെ വിദ്യാർത്ഥിൾക്കാണ് കൈത്തറി യൂണിഫോം നൽകുന്നത്.

തെക്ക് – കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ കടൽ പ്രക്ഷുബ്ധമാകുമെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ മെയ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മൂന്ന് സുപ്രധാന കമ്പനികളാണെന്ന് മന്ത്രി പി രാജീവ്. ഇറ്റലി ആസ്ഥാനമായ ഡൈനിമേറ്റഡ്, ജര്‍മ്മനി ആസ്ഥാനമായ ഡി സ്‌പേസ്, നോര്‍വേ ആസ്ഥാനമായുള്ള കോങ്ങ്‌സ്‌ബെര്‍ഗ് എന്നീ കമ്പനികളാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം . ദില്ലി – സാൻഫ്രാൻസിസ്കോ വിമാന സർവീസ് 24 മണിക്കൂറായിട്ടും പുറപ്പെടാതെ ഇരുന്നതോടെയാണ് നോട്ടീസ്. ഇന്നലെ 8 മണിക്കൂറോളം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷം ഇവരെയെല്ലാം പുറത്തിറക്കിയിരുന്നു. എസി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു കാരണം പറഞ്ഞത്. പല യാത്രക്കാരും കുഴഞ്ഞുവീണിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് വിമാനക്കമ്പനി മറുപടി നൽകും.

മുളകിന്റെ സബ്സിഡി വില സപ്ലൈകോ വിൽപനശാലകളിൽ അരക്കിലോയ്ക്ക് 86. 10 രൂപയിൽ നിന്നും 78.75 രൂപയായി പുതുക്കി നിശ്ചയിച്ചു. നാളെ മുതലാണ് കുറഞ്ഞ വില നിലവിൽ വരിക. വെളിച്ചെണ്ണ അര ലിറ്റർ സബ്സിഡി ഉൾപ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു. അഞ്ച് ശതമാനം ജിഎസ്ടി ഉൾപ്പെടെയുള്ള വിലയാണിത്. പൊതു വിപണിയിൽ നിന്നും 10 മുതൽ 30 ശതമാനം വരെ വിലകുറച്ച് സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കളും സപ്ലൈകോയിൽ ലഭ്യമാക്കുന്നുണ്ട്.

ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയർ കഴുത്തിൽ കരുങ്ങി ബൈക്ക് യാത്രക്കാരൻ കുന്നുകര സ്വദേശി ഫഹദിന് ദാരുണാന്ത്യം. ആലുവ അമ്പാട്ടുകാവിനടുത്താണ് അപകടം നടന്നത്. സംഭവത്തിൽ ഓട്ടോ റിക്ഷാ ഡ്രൈവർക്കെതിരെ ആലുവ പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക്  കേസ് എടുത്തു.

പേവിഷബാധയേറ്റ് എട്ടുവയസുകാരന്‍ മരിച്ചതില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. ആശുപത്രിയിലെത്തിച്ചപ്പോള്‍ വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും വാക്സീന്‍ എടുക്കാന്‍ നിര്‍ദേശിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഒരുമാസം മുന്‍പാണ് ആക്രമിക്കാന്‍ വന്ന നായയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നായയ്ക്കൊപ്പം ഓടയില്‍ വീണത്. ഇതേതുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ വീണുപരുക്കേറ്റതിന് മാത്രം ചികില്‍സ നല്‍കി ആശുപത്രിയില്‍ നിന്ന് മടക്കി അയയ്ക്കുകയായിരുന്നുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

കോവൂരിൽ ഹോട്ടൽ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു.  റിനീഷ് കൂരാച്ചുണ്ട്,അശോകൻ കിനാലൂർ എന്നിവരാണ് മരിച്ചത്. കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്. അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്.

കർണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ മൃഗബലി ആരോപണം തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വം. മൃഗബലി ആരോപണം വസ്തുതാവിരുദ്ധമാണെന്നും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മൃഗബലി പൂജയുള്ള ക്ഷേത്രമല്ല. ക്ഷേത്ര പരിസരത്തും മൃഗബലി പൂജകൾ നടന്നിട്ടില്ല. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ദേവസ്വം വ്യക്തമാക്കി. എന്നാൽ ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു. ജനങ്ങൾ തന്നെ അനുഗ്രഹിക്കാൻ ഉണ്ട്. അവരുടെ പ്രാർത്ഥന കൂടെയുണ്ടെന്നും ശിവകുമാർ പ്രതികരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്ക്കരിക്കുമെന്ന് കോണ്‍ഗ്രസ്. നാളെ ദൃശ്യമാധ്യമങ്ങളിൽ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കില്ല. തെരഞ്ഞെടുപ്പ് ഫലം  വന്ന ശേഷം ചര്‍ച്ചകളില്‍  പങ്കെടുക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. ജനവിധിയോട് പ്രതികരിക്കാമെന്നും, ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി.

പ്രജ്വൽ രേവണ്ണയെ പ്രത്യേക കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് പുലർച്ചെ മ്യൂണിക്കിൽ നിന്ന് ബെംഗളുരുവിൽ വന്നിറങ്ങിയ പ്രജ്വലിനെ അന്വേഷണസംഘം വിമാനത്താവളത്തിൽ വച്ച് തന്നെ കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമദൃശ്യങ്ങൾ പകർത്തിയ ഫോൺ പ്രജ്വൽ നശിപ്പിച്ചെന്ന സംശയത്തിലാണ് അന്വേഷണസംഘം.ഉച്ചയോടെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് പ്രജ്വലിനെ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേകകോടതിയിൽ ഹാജരാക്കിയത്.

എച്ച് ഡി രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവിൽ തെറ്റുകളുണ്ടെന്ന് ബോധ്യപ്പെട്ടെന്ന് കർണാടക ഹൈക്കോടതി. എച്ച് ഡി രേവണ്ണയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു. എത്രയും പെട്ടെന്ന് മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഇത്രയും സ്വാധീനമുള്ളയാൾക്ക് ജാമ്യം നൽകുന്നത് ഇരകളെ ഭയപ്പെടുത്തുമെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ബി.ജെ.പി മൂന്നാം തവണയും അധികാരത്തില്‍ എത്തുന്നത് തടയുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർ​ഗെ. കോൺ​ഗ്രസിന് 128 സീറ്റുകൾ വരെ നേടാനാകും. രാഹുൽ ​ഗാന്ധി പ്രധാനമന്ത്രിയാകുന്നതാണ് ഉചിതമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *