സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ അടുത്ത ആഴ്ച വിതരണം ചെയ്യും. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരനത്തിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ ലഭിക്കും . അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്.

9 ലക്ഷം രൂപയ്ക്ക് വൃക്ക വിൽക്കാൻ നിർബന്ധിച്ചെന്ന് യുവതിയുടെ പരാതി. നെടുംപൊയിലിലെ ആദിവാസി യുവതിയുടേതാണ്പരാതി. സംഭവത്തില്‍ ഭര്‍ത്താവിനും, പെരുന്തോടി സ്വദേശി ബെന്നിക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയത്. വൃക്ക നല്‍കാനാകില്ലെന്ന് പറഞ്ഞ് പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

പക്ഷിപ്പനിയെത്തുടർന്ന് 9691 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്. രണ്ടു ദ്രുതകർമസംഘങ്ങളാണ് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശപ്രകാരമുള്ള നടപടികൾ നിർവഹിച്ചത്.

സ്‌പൈനല്‍ മസ്‌ക്യുലാര്‍ അട്രോഫി ബാധിച്ച 12 വയസിന് താഴെ അപേക്ഷ സമർപ്പിച്ച എല്ലാ കുട്ടികള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ക്കുള്ള തുടര്‍ ചികിത്സയും സൗജന്യ മരുന്നുകളും നല്‍കുo. 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് മാത്രം നല്‍കിയിരുന്ന മരുന്ന് അടുത്തിടെ 12 വയസ് വരെയാക്കിയിരുന്നു. ഒരു ഡോസിന് 6 ലക്ഷത്തോളം വിലയുള്ള മരുന്നുകള്‍ സൗജന്യമായി ആണ്നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് അപൂര്‍വ രോഗത്തിനുള്ള മരുന്നുകള്‍ സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി നല്‍കാനാരംഭിച്ചത്.

പെരിയാർ മത്സ്യക്കുരുതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുഫോസിന്‍റെ പഠന സമിതി നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ അപകടകരമായ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. വെള്ളത്തില്‍ അപകടകരമായ അളവില്‍ അമോണിയയും സല്‍ഫൈഡും ഉണ്ടായിരുന്നു. ഇത്രയധികം അളവില്‍ രാസവസ്തുക്കള്‍ എങ്ങനെ എവിടെ നിന്ന് എത്തിയെന്നും അറിയാൻ വിശദമായ രാസ പരിശോധന ഫലം വരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അവയവ കച്ചവടക്കേസില്‍ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി . കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുo. കഴിഞ്ഞ ദിവസം അറസ്റ്റിലായ സജിത്തില്‍ നിന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വഷണസംഘത്തിന് ലഭിച്ചു എന്ന് എറണാകുളം റൂറൽ എസ്പി അറിയിച്ചു. രണ്ടു പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. അവയവ കടത്തിനു സാമ്പത്തിക ഇടപാടിന് നേതൃത്വം നല്‍കിയതിനാണ് സജിത്ത് ശ്യാം പിടിയിലാകുന്നത്. എന്നാല്‍ ഇവര്‍ക്ക് മുകളില്‍ ഒരാളുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

മദ്യനയത്തിലെ ഇളവിന് 25കോടി പിരിവെന്ന ബാര്‍ ഉടമയുടെ ശബ്ദരേഖ സംബന്ധിച്ച് എക്സൈസ് മന്ത്രി കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മദ്യനയം സംബന്ധിച്ച് പ്രാഥമികമായി യാതൊരു ചർച്ചയും നടന്നിട്ടില്ല. യുഡിഎഫ് നേതാക്കന്മാർ എട്ടു വർഷമായി അധികാരത്തിൽ ഇല്ലാത്തതിന്‍റെ പ്രശ്നമാണ്. അവർക്ക് ചികിത്സ നൽകാൻ ഞങ്ങൾക്ക് കഴിയില്ല എന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം ബാർ കോഴ വിവാദത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന എക്സൈസ് മന്ത്രിയുടെ പരാതിയിൽ ക്രൈം ബ്രാ‍ഞ്ച് പ്രാഥമിക പരിശോധന തുടങ്ങി.

ബാർ കോഴയുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാർക്ക് പങ്കുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും യു ഡി എഫ് കൺവീനർ എം എം ഹസൻ ആവശ്യപ്പെട്ടു. എക്സൈസ് മന്ത്രി എം ബി രാജേഷിനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും ബാർ കോഴയിൽ പങ്കുണ്ടെന്നും, ഇരുവരും രാജിവക്കണമെന്നും ആവശ്യപ്പെട്ടു. ബാർ കോഴ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പോരെന്നും, ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ യഥാർത്ഥ വസ്തുത പുറത്തുവരില്ലെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ പക്ഷം ജുഡീഷ്യൽ അന്വേഷണമെങ്കിലും സർക്കാർ പ്രഖ്യാപിക്കണമെന്നും ഹസൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സ്മാര്‍ട് സിറ്റി പണി നടക്കുന്നതിനാൽ നഗരത്തിൽ പല റോഡുകളിലൂടെയുമുള്ള ഗതാഗതം ബുദ്ധിമുട്ടേറിയതാണ്. ഈ സാഹചര്യത്തിൽ കോര്‍പ്പറേഷൻ ഭരണത്തിലുണ്ടായ വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണം എന്നാരോപിച്ചാണ് ബിജെപി കോര്‍പറേഷൻ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

ബാര്‍ കോഴ വിവാദത്തിൽ മലക്കം മറിഞ്ഞ് ബാര്‍ ഉടമസംഘടനാ നേതാവ് അനിമോൻ. പണം പിരിക്കാൻ ആവശ്യപ്പെട്ടത്, സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് അനിമോൻ പറയുന്നത്. സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തിൽ തുടങ്ങുന്ന ദീര്‍ഘമായ വാട്സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. താൻ ഒളിവിലല്ലെന്നും അനിമോൻ വ്യക്തമാക്കി.

തൃശ്ശൂര്‍ കൊടകരയില്‍ പൊലീസ് പരിശോധനയ്ക്കിടെ നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി അജി, ആലത്തൂര്‍ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. കേസിന്‍റെ നടത്തിപ്പിന് പണം കണ്ടെത്തുന്നതിനാണ് താന്‍ കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.പൊലീസിനെ വെട്ടിച്ച് കടന്നുകളായാന്‍ ശ്രമിച്ചെങ്കിലും പ്രതികലെ അന്വേഷണ സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

പിണറായി സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ യുഡിഎഫ് തീരുമാനം.തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി ഇന്നലെ കന്റോൺമെന്റ് ഹൗസിൽ ചേർന്ന യുഡിഎഫ് ഏകോപന സമിതി യോ​ഗത്തിലാണ് ബാർ കോഴയിൽ അടിയന്തരമായി പ്രക്ഷോഭത്തിനിറങ്ങാൻ  തീരുമാനിച്ചത്. മദ്യനയം ബാറുടമകൾക്ക് അനുകൂലമാക്കാൻ കോടികളുടെ കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണ് ഈ തീരുമാനം എന്ന് വാർത്താസമ്മേളനത്തിൽ കൺവീനർ എംഎം ഹസൻ വ്യക്തമാക്കി.

മഴക്കെടുതിയിൽ ​ഗുരുതരപരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അട്ടപ്പാടിയിലെ യുവാവിന് ചികിത്സ നൽകാൻ വൈകി. അട്ടപ്പാടി ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ച ഫൈസലിനെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ഇല്ലാത്തതിനാലാണ് രോ​ഗിയെ മറ്റൊരു ഹോസ്പിറ്റലിൽ എത്തിക്കാൻ മണിക്കൂറുകൾ താമസം നേരിട്ടത്.

ഒമാനിൽ നമ്പി രാജേഷിന്‍റെ കുടുംബത്തിന്‍റെ ആവശ്യത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. നമ്പി രാജേഷിന്‍റെ കുടുംബം ആവശ്യപ്പെട്ട കാര്യം പരിശോധിക്കുകയാണെന്നും തീരുമാനമെടുക്കാൻ കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചത്. ഒമാനിലെ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിനടുത്തെത്താൻ ശ്രമിച്ച ഭാര്യക്ക് അതിന് സാധിക്കാതിരുന്നത് എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

വയോജനങ്ങളെ മക്കള്‍ സംരക്ഷിക്കുന്നില്ല എന്ന പരാതിയില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ . ചങ്ങനാശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷനംഗം.

മദ്യനയ അഴിമതിയിൽ മന്ത്രി എം ബി രാജേഷിനെ മാറ്റി നിര്‍ത്തി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇത് വരെ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് മന്ത്രി പറയുന്നത് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

എക്സ്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി വി.പി.പി. മുസ്തഫക്കെതിരെ ചെറിയാൻ ഫിലിപ്പ്.  ഏതാനും മാസം മുൻപുള്ള   മുസ്തഫയുടെ രാജിയുടെ കാരണം സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്നും രാജിയിൽ ദുരൂഹതയുണ്ടെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

ഗാസയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയിൽ റഫയിലെ ഇസ്രയേൽ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കി. എന്നാൽ കോടതി തീരുമാനത്തിന് ശേഷം മിനിട്ടുകൾക്കുള്ളിൽ തന്നെ റഫ നഗരത്തിൽ ഇസ്രായേൽ വീണ്ടും വ്യോമാക്രമണം നടത്തിയിരുന്നു. ഹമാസിനെ ഇല്ലാതാക്കും വരെ നടപടി തുടരുമെന്നാണ് ഇസ്രയേൽ നിലപാട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *