സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. വർധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം. എസി, അലങ്കാര വിളക്കുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ടാറ്റാ ഗ്രൂപ്പ് കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ 10000 കോടി രൂപയുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചു. സർക്കാരിന് പ്രൊപ്പോസൽ ലഭിച്ചതായും ഒരു മാസത്തിനകം ചർച്ചകൾ പൂർത്തിയാക്കി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
ഹിന്ദു ഐക്യവേദി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ പിണറായി വിജയനെതിരായ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ. ആർഎസ്എസ് നേതാക്കളുടെ ചിത്രത്തിന് മുന്നിൽ കുമ്പിട്ട് നിന്ന് നിലവിളക്ക് കൊളുത്തിയ രാഷ്ട്രീയ പാരമ്പര്യമല്ല സഖാവ് പിണറായി വിജയന്റേത് എന്നാണ് പി എ മുഹമ്മദ് റിയാസിന്റെ മറുപടി.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാർ നിലപാട് ദുരൂഹമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. അദാനി ഗ്രൂപ്പിന് വഴിവിട്ട സഹായം നൽകരുതെന്നും കരാർ ലംഘനത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
സഭ തർക്കം പരിഹരിക്കാൻ കഴിയുക എന്നത് ഈ സർക്കാരിൻ്റെ ആഗ്രഹമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ആർക്കും ഒരു അഭിമാന പ്രശ്നം വരാതെ പരിഹരിക്കാൻ കഴിയണമെന്ന് ആഗ്രഹിക്കുന്നു. സഭ തർക്കം പരിഹരിക്കാൻ സർകാർ മുൻകൈ എടുക്കുമെന്നും തർക്കം പരിഹരിക്കാൻ കഴിയണമെന്നത് ഒരു സ്വപ്നമാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സോളാർ പീഡനക്കേസിൽ കോൺഗ്രസ് നേതാക്കളായ ബെന്നി ബെഹന്നാനും കെസി ജോസഫും കോടതിയിൽ മൊഴി നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ പീഡനക്കേസിൽ കുടുക്കാൻ കെബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തി എന്ന ഹർജിയിലാണ് മൊഴി നൽകിയത്.
ആലപ്പുഴ ഗവൺമെൻറ് പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ പരിഹാസത്തിനെതിരെ കെ.എസ്.യു പ്രതികരിച്ചു. പ്രതികരിക്കുമ്പോൾ മുഖ്യമന്ത്രി അൽപം കൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്ന് കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിലപാട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, വി.ഡി. സതീശന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ആരോപിച്ചു. പിണറായി വിജയൻ ഫോൺ എടുക്കുമായിരുന്നുവെന്നും എന്നാൽ തൃശൂർ എംപി സുരേഷ് ഗോപിയുടെ സന്ദർശനത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ് യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ. അധികാരം ലഭിച്ചാൽ പ്രവർത്തകരെ മറക്കുന്ന നിലപാട് ശരിയല്ലെന്നും, അത്തരം നേതാക്കൾക്ക് തിരിച്ചടിയുണ്ടാകുമെന്നും ഗോകുൽ ഓർമ്മിപ്പിച്ചു.
സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. വഖഫ് ബോർഡ് പ്രവർത്തനങ്ങൾക്കെതിരെ നൽകിയ നിരവധി ഹർജികൾ പരിഗണിച്ചാണ് കോടതി നടപടി.
കെബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗത വകുപ്പ് അടിയന്തര നടപടിക്ക് ഉത്തരവിട്ടു. ലൈസൻസിലെ പേരിനൊപ്പമുള്ള ‘MLA’ പദവി നീക്കം ചെയ്യാനും, പ്രായപൂർത്തിയാകും മുൻപ് ലൈസൻസ് നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും നിർദ്ദേശം.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ടിക്കറ്റ് നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. 500 രൂപ വിലയുള്ള ടിക്കറ്റുകളുടെ വിൽപ്പന തിങ്കളാഴ്ച മുതൽ ആരംഭിക്കും.
വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ യൂട്യൂബർക്കെതിരെ പരാതി നൽകി യൂത്ത് ലീഗ്. മലപ്പുറം പൊലീസിലാണ് പരാതി നൽകിയത്. BRAHMA COGNITION എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി.
ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ 20 കിലോഗ്രാമോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ-മൂർഷിദാബാദ് സ്വദേശികളായ ഫിറോജ് മിയ (44), ബാബർ അലി (32), മണിപ്പൂർ സ്വദേശി നരേഷ് ദാസ് ( 72) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും നെടുമ്പാശ്ശേരി പൊലീസും ചേർന്ന് പിടികൂടിയത്.
പത്തനംതിട്ട അടൂരിലെ ഷെഹനയുടെ തൂങ്ങിമരണത്തിൽ കാമുകൻ അരുൺ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. തൂങ്ങിമരിക്കും മുൻപ് ഷഹനയെ അരുൺ മർദിച്ചതായി പോലീസ് കണ്ടെത്തി.
പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണത്തില്‍ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും കുട്ടിക്ക് ജനറൽ അനസ്തേഷ്യ നൽകേണ്ടിയിരുന്നില്ലെന്നുമാണ് മെഡിക്കൽ ബോർഡ് വിലയിരുത്തുന്നത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പൻ്റെ ആരോപണം തള്ളി പൊലീസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രൻ. തൻ്റെ ഔദ്യോഗിക ജീവിതത്തിൽ ജോപ്പനെയെന്നല്ല ഒരു പ്രതിയെയും മർദ്ദിച്ചിട്ടില്ല. ഇക്കാര്യത്തിൽ താനൊരു പരസ്യ പ്രതികരണത്തിനില്ലെന്നും എ ഹേമചന്ദ്രൻ പറഞ്ഞു.
എൻസിപി ശരദ് പവാർ പക്ഷം എൻഡിഎയോടടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ നിബന്ധനകളോടെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് വർക്കിംങ് പ്രസിഡന്റ് സുപ്രിയ സുലെ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ, നിയമസഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുമെന്ന ഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവരികയാണെങ്കിൽ ബില്ലിനെ പിന്തുണയ്ക്കുമെന്ന് സുപ്രിയ സുലെ വ്യക്തമാക്കി.
സെമി കണ്ടക്ടര്‍ 2.0 പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭാ യോഗം. 1.27 ലക്ഷം കോടി രൂപയുടെ പദ്ധതിയില്‍ ചിപ്പ് രൂപകല്‍പന, കൂടുതല്‍ അസംബ്ലിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കല്‍, ഗവേഷണം തുടങ്ങിയ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1.64 ലക്ഷം കോടി രൂപ നീക്കി വച്ച ആദ്യ ഘട്ടം വിജയകരമായിരുന്നുവെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
കന്യാകുമാരിയിൽ കടയിൽ പാൻ മസാല വിറ്റതിന് പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് മരിച്ചത് കസ്റ്റഡി മർദനം കാരണമെന്ന് ആരോപണം. സംഭവത്തിൽ ടിവികെ സർക്കാരിനെതിരേ ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഡിഎംകെ അറിയിച്ചു.
യുകെയിലെ പീറ്റർബറോ നഗരസഭ, നഗരത്തിലെ ഏക ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്ന കെട്ടിടം ഒരു ഇസ്ലാമിക സംഘടനയ്ക്ക് വിറ്റു. കടബാധ്യത തീർക്കാനാണ് വിൽപ്പനയെന്ന് കൗൺസിൽ പറയുമ്പോൾ, ക്ഷേത്ര ട്രസ്റ്റ് നൽകിയ ഉയർന്ന തുക നിരസിച്ചാണ് ഈ തീരുമാനമെന്നത് വിവാദമായി. ഈ തീരുമാനത്തിനെതിരെ ഹിന്ദു സംഘടനകൾ നിയമപോരാട്ടത്തിലാണ്.
അന്താരാഷ്ട്ര വ്യോമയാന ചട്ടക്കൂടുകൾ കർശനമായി പാലിച്ചാണ് അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതെന്നും, വരാനിരിക്കുന്ന ഒക്ടോബറോടെ അന്തിമ അന്വേഷണ റിപ്പോർട്ടിന്‍റെ കരട് തയ്യാറാകുമെന്നും എയർക്രാഫ്റ്റ് ആക്‌സിഡന്‍റെ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സുപ്രീം കോടതിയെ അറിയിച്ചു.
തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവും മമതാ ബാനർജിയുടെ വിശ്വസ്തനുമായ മദൻ മിത്ര എം.എൽ.എ, ഋതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗത്തിലേക്ക് മാറി. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ച അദ്ദേഹം, തൃണമൂലിന്റെ തകർച്ചയ്ക്ക് കാരണം അഭിഷേക് ബാനർജിയാണെന്ന് വിമർശിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ ആശങ്കയിൽ. ഈ ആണവ നിലയവുമായി ബന്ധപ്പെട്ട അതീവ സുപ്രധാന വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. ഗുരുതരമായ ഭീഷണി ഉയർത്തുന്നതാണ് ഇതെന്ന് അന്താരാഷ്ട്ര സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ‘
കേന്ദ്രസർക്കാരിന്റെ വിവാദമായ മണ്ഡല പുനർനിർണയ ബില്ലിനെ എൻസിപി ശരദ് പവാർ വിഭാഗം പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ട്. ബില്ലിന്റെ അന്തിമരൂപത്തെ ആശ്രയിച്ചായിരിക്കും പാർട്ടി നിലപാട് സ്വീകരിക്കുകയെന്നായിരുന്നു സുപ്രിയ സുലേയുടെ പ്രതികരണം.
ധർമസ്ഥല കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ബെൽത്താങ്കടി കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 7005 പേജുള്ള റിപ്പോർട്ടാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. 2025 ഓഗസ്റ്റ് 28ന് ചിന്നയ്യയെ എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു.
അമേരിക്കൻ സൈനിക ആക്രമണത്തിന് പിന്നാലെ ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ സൈന്യത്തെ ആക്രമിച്ച് തീവ്രവാദി ഗ്രൂപ്പുകളെ ഇളക്കിവിടാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഇറാൻ ആരോപിച്ചു
പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും ഏറ്റുമുട്ടി 12 പേർ കൊല്ലപ്പെട്ടു. വൈദ്യുതി നിരക്ക് കുറയ്ക്കുക, ഗോതമ്പ് സബ്സിഡി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച പ്രക്ഷോഭത്തെ പാക് ഭരണകൂടം അടിച്ചമർത്തുകയാണ്. മേഖലയിൽ ഇന്റർനെറ്റ് വിച്ഛേദിച്ച് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
