Untitled design 20250112 193040 0000 2

 

 

പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ഈ മാസം 15 മുതൽ ഒരു വര്‍ഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി രാവും പകലും വാങ്ങാൻ ടെൻഡര്‍ വിളിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോര്‍ കമ്മിറ്റി നിര്‍ദേശം അടുത്ത ബോര്‍ഡ് യോഗത്തിൽ അവതരിപ്പിക്കും.

 

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച കാര്യത്തിൽ ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച് മന്ത്രി കെ എം ഷാജി. എന്നാൽ, മന്ത്രിസഭാ തീരുമാനത്തിന് ഒപ്പം നിന്നു. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാടെന്നും ഷാജി ദില്ലിയിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചത്. ഏതെങ്കിലും പ്രതിഷേധത്തിൻ്റെ പേരിൽ പൊതു തീരുമാനം റദ്ദ് ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

കേരളത്തിന്റെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ ശേഷാദ്രിനാഥനെ നിയമിച്ചതിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. തദ്ദേശ സ്ഥാപന തെരഞ്ഞുടുപ്പുകൾ നടത്താൻ ചുമതലപ്പെട്ട പ്രധാന പോസ്റ്റിൽ ഒരു “സംഘി”യെ യുഡിഎഫ് സർക്കാർ നിയമിച്ചതിന്‍റെ ഔചിത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് ജലീൽ വിമർശിച്ചു.

 

നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ പരാജയത്തിൽ പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ച പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം. കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശൻ, കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്ക് എതിരെയാണ് നടപടി എടുത്തത്.

 

വിഴിഞ്ഞത്തെ എം എസ് സി – അ​ദാനി ഓഹരി കൈമാറ്റത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിൽ അദാനി ഗ്രൂപ്പിനെയാണ് അതൃപ്തി അറിയിച്ചത്. ഓഹരി ഘടനയിൽ മാറ്റം വേണമെങ്കിൽ സർക്കാർ അനുമതി വേണമെന്നും തുടർ തീരുമാനം കർശന പരിശോധനക്ക് ശേഷമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. മദ്യം വാങ്ങാന്‍ 23 വയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കർശനമാക്കാനാണ് ആലോചന. കർണാടക മോഡൽ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്. ‘നോ ഐഡി നോ എൻട്രി’ എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കാനാണ് ആലോചന.

 

സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഓ​ഗസ്റ്റ് അവസാനം വരെ നീട്ടി. നേരത്തേ ജൂലായ് അവസാനം വരെയും ഓ​ഗസ്റ്റ് ആദ്യവാരം വരെയും പ്രഖ്യാപിച്ചിരുന്ന സർവീസുകളാണ് ഒരുമാസത്തേക്ക് കൂടി നീട്ടിയത്.

 

 

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വികസന പ്രവർത്തനത്തിനിടെ പൈലിങ് യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചെരിഞ്ഞു. ഇതേത്തുടർന്ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യന്ത്രം ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

 

ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ നാളെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ ആറ് വരെ മഴ തുടരുമെന്നും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

അയോധ്യ ക്ഷേത്രക്കൊള്ള സിബിഐക്ക് വിടുന്നതും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പരിഗണനയില്‍. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അയോധ്യ ബാര്‍ അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കി.ചമ്പത് റായിയാണ് പണം തട്ടിയതെന്നും തന്‍റെ സഹോദരനെ ബലിയാടാക്കുകയായിരുന്നെന്നും കേസിലെ മുഖ്യ പ്രതി ടിന്നു യാദവിന്‍റെ സഹോദരന്‍ ആരോപിച്ചു.

 

ദില്ലിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തെ പിടികൂടി. നാല് പേരെയാണ് ദില്ലി പോലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്. പാക് ഐഎസ്ഐ ബന്ധമുള്ള അന്തർസംസ്ഥാന ഭീകര-ആയുധ കടത്ത് സംഘമാണ് വലയിലായിലായത്. പ്രതികളിൽ മൂന്ന് പേർ പഞ്ചാബിൽനിന്നും, ഒരാൾ ദില്ലിയിലുമാണ് പിടിയിലായത്. ഡ്രോൺ വഴി പാകിസ്ഥാനിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും സംഘം കടത്തിയതായി കണ്ടെത്തി.

 

അയോധ്യ രാമക്ഷേത്ര സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുകളിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. അയോധ്യയിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ അമ്പലക്കൊള്ളയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

 

ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദ്. വാർത്താ ഏജൻസിയായ എഎൻഐയോടാണ് പ്രതികരണം. ഇക്കഴിഞ്ഞ ദിവസം സൽമാൻ ഖുർഷിദ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ഇറാനിൽനിന്ന് ക്ഷണം ലഭിച്ചിരുന്നു.

 

തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏഴ് മണ്ഡലങ്ങളിലെ ഒഴിവ് വിജ്ഞാപനം ഇറക്കിയെങ്കിലും തമിഴ്നാടിനെ പരിഗണിച്ചില്ല. ബിഹാർ, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലത്തിൽ വീതം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ഗവർണർക്ക് മുന്നിൽ കുതിരക്കച്ചവട ആരോപണം പ്രതിപക്ഷം ഉയർത്തിയിരുന്നു.

 

മുംബൈയിൽ കനത്ത മഴയ്ക്കിടെ റോഡിലെ മാൻഹോളിൽ വീണ് കാൽനടയാത്രക്കാരൻ മരിച്ചു. 60 വയസ്സുള്ള അസ്ലം ഇസാഖ് ഷെയ്ഖിനാണ് ദാരുണാന്ത്യം. നിർമ്മാണപ്രവൃത്തിയുടെ ഭാഗമായി തുറന്നുകിടന്ന മാൻഹോളിൽ വീണാണ് അപകടം ഉണ്ടായത്.

 

തൃണമൂൽ പിടിക്കാൻ വിമതരുടെ നിർണായക നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ എംഎൽഎമാർ. പാർട്ടി ചിഹ്നവും ആസ്തിയും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും , യഥാർത്ഥ ടിഎംസി തങ്ങളാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമുന്നിൽ അവകാശപ്പെട്ടതായി ഋതബ്രത ബാനർജി കമ്മീഷനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

 

ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഓഫീസുകളിൽ നിന്ന് ഒഴിപ്പിച്ചു. പരിശോധന നടത്തിവരികയാണ്. ഉച്ചയോട് കൂടിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആസ്ഥാനത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും സ്ഥാപനം തകർക്കുമെന്നും പറഞ്ഞുകൊണ്ടുള്ള മെയിൽ സന്ദേശമാണ് എത്തിയത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും നടത്തിയ ചർച്ചയെ തുടർന്ന് ജപ്പാനിൽ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലെത്തും. ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനും പ്രതിരോധം, ഊർജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി.

 

രണ്ടരമാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയിൽ വൻ ​ഗർത്തങ്ങൾ. 12,000 കോടി രൂപ ചെലവിട്ട് നിർമിച്ച ഹൈവേയിലെ ചില ഭാ​ഗങ്ങളിലാണ് റോഡ് തകർന്ന് വൻ ​ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ അഴിമതി ആരോപിച്ച് കേന്ദ്രസർക്കാരിനെതിരേ കോൺ​ഗ്രസ് രം​ഗത്തെത്തി.

 

ഇന്തോനേഷ്യയിലെ പാപ്പുവയിൽ അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നും യാത്രാ വിമാനത്തിന് തീയിട്ടും വിമതരുടെ പ്രകോപനം. പ്രാദേശിക വിഘടനവാദ സംഘടനയായ വെസ്റ്റ് പാപ്പുവ നാഷണൽ ലിബറേഷൻ ആർമി (ടിപിഎൻപിബി) ആണ് ആക്രമണം നടത്തിയത്. ആക്രമണത്തെ അമേരിക്കൻ, ഇന്തോനേഷ്യൽ ഭരണകൂടങ്ങൾക്കുള്ള സന്ദേശമെന്ന് സംഘടനാ വക്താവ് വിശേഷിപ്പിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

 

ദുബായിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനും വിതരണം ചെയ്യാനുമുള്ള അന്താരാഷ്ട്ര സംഘത്തിന്റെ നീക്കം തകർത്ത് ദുബായ് അധികൃതർ. പരിശോധനയിൽ ഏകദേശം 200 കിലോഗ്രാം തൂക്കം വരുന്ന 2,78,850 പ്രിഗബാലിൻ ലഹരിഗുളികകൾ പിടിച്ചെടുക്കുകയും നാലംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അധികൃതർ വ്യാഴാഴ്ച അറിയിച്ചു.

 

​അമേരിക്കയിലെ ഒഹിയോയിൽ ഹോട്ടൽ കെട്ടിടത്തിന് തീപ്പിടിച്ച് ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ​ഗുജറാത്തിലെ ഖേഡ സ്വദേശികളായ ഹിതേഷ്ഭായ് സുതാർ, ഭാര്യ ഹിനാബെൻ, മകൾ ഇഷാനി(20) എന്നിവരാണ് മരിച്ചത്.

 

മാര്‍പാപ്പയുടെം നിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിച്ച് പുതിയ ബിഷപ്പുമാരെ വാഴിച്ച തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍ സഭയില്‍ നിന്ന് പുറത്താക്കി. വത്തിക്കാന്റെ അനുമതിയില്ലാതെ നാല് പുതിയ ബിഷപ്പുമാരെ വാഴിച്ച ‘സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍ത്’ എന്ന വിമത വിഭാഗം കത്തോലിക്കാ സഭയില്‍ വലിയ ഭിന്നത ഉണ്ടാക്കിയതായി വത്തിക്കാന്‍ പ്രഖ്യാപിച്ചു.

 

ഖത്തര്‍ ഭരണകൂടം സമ്മാനമായി നല്‍കിയ അത്യാധുനിക ആഡംബര ബോയിംഗ് വിമാനത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ കന്നി യാത്ര നടത്തി. അമേരിക്കയുടെ പുതിയ ഔദ്യോഗിക പ്രസിഡന്‍ഷ്യല്‍ വിമാനമായ ‘എയര്‍ ഫോഴ്‌സ് വണ്‍’ ആദ്യ യാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ വിമാനത്തിന്റെ വിദേശ നിര്‍മാതാക്കളെയും ഖത്തറിനെയും ട്രംപ് വാനോളം പുകഴ്ത്തി.

 

അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ വരുമാന കണക്കുകൾ പ്രകാരം, അദ്ദേഹത്തിന്റെ കോടികളുടെ ക്രിപ്‌റ്റോ വരുമാനത്തിന് പാകിസ്ഥാനുമായി ഔദ്യോഗിക ബിസിനസ് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്നു. മുൻപ് കടുത്ത നിലപാടെടുത്തിരുന്ന പാകിസ്ഥാനുമായി ട്രംപിന്റെ കുടുംബ ബിസിനസ് സഹകരിക്കുന്നത് അമേരിക്കൻ നയതന്ത്രത്തിൽ പുതിയ ചോദ്യങ്ങൾ ഉയർത്തുകയാണ്.

 

ഉറക്കത്തിനിടയില്‍ മുഖത്ത് വവ്വാല്‍ വന്നിരുന്ന് ദിവസങ്ങള്‍ക്കു ശേഷം, 11 വയസ്സുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു. കാനഡയിലെ ഒന്റാറിയോയില്‍ 2024-ല്‍ നടന്ന ഈ ഞെട്ടിക്കുന്ന സംഭവം കഴിഞ്ഞ ദിവസം കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലൂടെയാണ് പുറത്തുവന്നത്.

 

ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുക്കും. ജൂലൈ 4 മുതൽ 9 വരെ ഇറാനിലെയും ഇറാഖിലെയും വിവിധ നഗരങ്ങളിലായി നടക്കുന്ന വിപുലമായ ചടങ്ങുകൾക്ക് ശേഷം മഷാദിൽ ഭൗതികശരീരം സംസ്കരിക്കും.

 

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ 13 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. യുക്രൈന്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുള്ള കടുത്ത തിരിച്ചടിയാണിതെന്ന് റഷ്യ വ്യക്തമാക്കി.

 

പതിനൊന്ന് വയസ്സുകാരൻ ഓടിച്ച ട്രക്ക് സന്ന്യാസിമാർക്കിടയിലേക്ക് പാഞ്ഞുകയറി എട്ട് സന്ന്യാസിമാർ മരിച്ചു. വടക്കുകിഴക്കൻ തായ്ലാൻഡിലെ മുക്ദാഹാൻ ​പ്രവിശ്യയിലാണ് സംഭവം. ട്രക്ക് ഓടിച്ച 11 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ഹോർമുസ് കടലിടുക്കിൽ വെടിവെയ്പ്പിനിരയായ ‘എം.ടി സൻമാർ ഹെറാൾഡ്’ എന്ന എണ്ണക്കപ്പൽ സുരക്ഷിതമായി ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തെത്തി. ഇറാഖിൽ നിന്നുള്ള 20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി വന്ന കപ്പലിലെ 22 ജീവനക്കാരും സുരക്ഷിതരാണ്. ആക്രമണത്തെ തുടർന്ന് റൂട്ട് മാറ്റി ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെയാണ് കപ്പൽ യാത്ര പൂർത്തിയാക്കിയത്.

 

സെയ്ഷെം ട്രോഫി അണ്ടർ 19 അന്തർ സംസ്ഥാന ടൂർണ്ണമെൻ്റിൽ ഹിമാചൽപ്രദേശിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. 110 റൺസിനാണ് കേരളം ജയിച്ചത്. ദ്വിദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 353 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശിൻ്റെ ഇന്നിങ്സ് 243 റൺസിന് അവസാനിച്ചു.

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *