ചമ്പക്കുളം ജലമേളയിൽ കിരീടം ചൂടി അരോമ ചുണ്ടൻ. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും നടുവിലെ പറമ്പൻ മൂന്നാം സ്ഥാനവും നേടി. ചാമ്പ്യൻസ് ബോട്ട് ലീഗ് കൂടുതൽ മികച്ച രീതിയിൽ നടത്തുമെന്ന് ജലമേളയുടെ വേദിയിൽ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പ്രഖ്യാപിച്ചു.
അനിൽ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും. നാളെ രാജി സമർപ്പിക്കാനാണ് തീരുമാനം. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നീക്കം.
എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി യുഡിഎഫ് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് മുൻ ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ ആരോപിച്ചു.ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ നിന്ന് ഒരുവശത്ത് പിന്നോട്ട് പോവുകയും മറുവശത്ത് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അനുകൂല്യങ്ങൾ നിർത്തലാക്കുകയും ചെയ്യുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.
കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിലാണ് റിബേഷിന്‍റെ നീക്കം. മുൻകൂർ ജാമ്യഹര്‍ജി ജൂലൈ മൂന്നിന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യുമറേഷൻ സൗകര്യത്തിനുള്ള സമയപരിധി ജൂൺ 30-ന് അവസാനിക്കും. ജൂലൈ ഒന്ന് മുതൽ എന്യുമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം നടത്തും. ഇനിയും വിവരങ്ങൾ നൽകാത്തവർക്ക് ഓൺലൈൻ പോർട്ടൽ വഴി സ്വയം രജിസ്റ്റർ ചെയ്യാനുള്ള അവസാന അവസരമാണിത്.
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാവുകയാണ്, പ്രധാനമായും വടക്കൻ ജില്ലകളിൽ. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലെ ചക്രവാതച്ചുഴിയാണ് മഴ കനക്കാൻ കാരണമെന്നും വരും ദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. 27 ദിവസം കസ്റ്റഡിയിലുണ്ടായിട്ടും ഒൻപതാം പ്രതിയെ എന്ത് കൊണ്ട് കസ്റ്റഡിയിൽ ചോദിച്ചില്ലെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. പ്രതിയായ ഹരീഷ് കുമാറിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തും ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും പ്രതിയാക്കി എസ് ഐടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.2019ൽ സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക പാളികളിൽ അളവ് കുറച്ച് സ്വർണ്ണം പൂശിയ നടപടി മറച്ച് വയ്ക്കാൻ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് എസ് ഐ ടി കണ്ടെത്തൽ.
ശബരിമല സ്വർണക്കൊള്ളയിൽ പ്രതി ചേർത്തത് ഗൂഢാലോചനയാണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. തന്നെ പ്രതിയാക്കിയതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാനത്ത് നികുതി ഘടന പൂർണ്ണമായും പുനസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ആരും എന്തും കൊണ്ട് വന്ന് വിൽക്കുന്നു. അത് ഇനി അനുവദിക്കില്ല. നികുതി തട്ടിപ്പ് നടത്തുന്ന കള്ള കച്ചവടക്കാരോട് ക്ഷമിക്കില്ലെന്നും ടാക്സ് ഡ്രൈവ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഇഎസ്ടി ഭവന നിർമ്മാണ പദ്ധതി ലൈഫിനെ തകർക്കാനല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളിയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കൗണ്‍സിലർ വൈഷ്ണ സുരേഷ്.കൗണ്‍സിലർമാർ ഒപ്പിടുമ്പോൾ ഇത്രയും വലിയ ആക്രമണം നടത്തുന്നത് എന്തിനാണ്. കാപ്പ കേസിൽ ജയിലിലായ കൗണ്‍സിലർ ആർ സുഗതൻ ഒപ്പിടാത്ത രജിസ്റ്ററിൽ ആരും ഒപ്പിടേണ്ട എന്നായിരുന്നു അവരുടെ അജണ്ട. ഇതിനെ നിയമപരമായി തന്നെ നേരിടുമെന്ന് വൈഷ്ണ സുരേഷ് പറഞ്ഞു.
ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിയുടെ വേരറുക്കുമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ ശേഷം ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ട സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തുടരുകയാണ്.
ആലപ്പുഴ തീരദേശത്ത് പുതിയ കരിമണൽ ഖനനമോ സ്വകാര്യവൽക്കരണമോ സർക്കാരിന്റെ അജണ്ടയിലില്ലെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബജറ്റിലെ ‘റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽ കോറിഡോർ’ നിർദ്ദേശത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്കാണ് മന്ത്രി വിശദീകരണം നൽകിയത്. ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകില്ലെന്നും സർക്കാർ അറിയിച്ചു.
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തിൽ ഒരാഴ്ചക്കകം നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. നഴ്സുമാരുടെ ആവശ്യം അംഗീകരിക്കുന്നുവെന്നും ഇപ്പോൾ സമരത്തിൽ നിന്ന് പിൻമാറണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു. മിനിമം വേതനം നിയമം നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
സഹകരണ മേഖലയിൽ ആദ്യ വിമാന കമ്പനിയായി കോ കേരള. പുതിയ വിമാന സർവീസിന്റെ പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു. ആദ്യം രണ്ട് സർവീസുകളാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിഎംഎവൈ എംബ്ലം പതിപ്പിക്കൽ വിഷയത്തിൽ മന്ത്രി കെ.എം. ഷാജിക്ക് അഭിനന്ദനവുമായി തിരുവനന്തപുരം കോർപ്പറേഷൻ. ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു അഭിനന്ദനം. പിഎംവൈഎ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി പറയുന്ന വീഡിയോ ടെലിവിഷനിൽ പ്രദർശിപ്പിച്ചായിരുന്നു മേയർ വി.വി. രാജേഷ് മന്ത്രിയെ അഭിനന്ദിച്ചത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം തന്‍റെ അറിവോടെയെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി. മന്ത്രിസഭയുടെ കൂട്ടായ തീരുമാനമായിരുന്നു ഇതെന്നും മന്ത്രി വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ നികുതിയിളവുകളും സബ്‌സിഡികളും വാഗ്ദാനം ചെയ്ത് പുതിയ ഇവി പോളിസി. ഈ നയപ്രകാരം പെട്രോൾ, ഡീസൽ ടൂവീലറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കുകയും പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് ആകർഷകമായ സ്ക്രാപ്പേജ് ആനുകൂല്യങ്ങൾ നൽകുകയും ചെയ്യും.
അയോധ്യ ക്ഷേത്രക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. സംഭാവന തട്ടിപ്പിനെ കുറിച്ച് മൂന്ന് മാസം മുൻപ് ട്രസ്റ്റിനെ വിവരം അറിയിച്ചിരുന്നുവെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.എന്നാൽ ചമ്പത് റായിയും അനിൽ മിശ്രയും ഇടപെട്ടതിനാൽ ജീവനക്കാരെ മാറ്റാൻ കഴിഞ്ഞിയല്ലെന്നും ബാങ്ക് അധികൃതർ പൊലീസിന് മൊഴി നൽകി.
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയിൽ പ്രതികളായവർക്ക് വേണ്ടി കോടതിയിൽ ഹാജരാകില്ലെന്ന് അഭിഭാഷകരുടെ തീരുമാനം. പ്രതികൾക്ക് വേണ്ടി ഏതെങ്കിലും അഭിഭാഷകൻ ഹാജരായാൽ അവർക്ക് അഞ്ചുലക്ഷം രൂപ പിഴ ചുമത്തുമെന്നും ഫൈസാബാദ് ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ബാർ അസോസിയേഷന്റെ തിങ്കളാഴ്ച നടന്ന ജനറൽബോഡി യോഗത്തിലാണ് ഈ തീരുമാനം
തമിഴ്‌നാട്ടിൽ മൂന്ന് മുതൽ ആറ് മാസത്തിനകം പൊതുതെരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പ്രവചിച്ചു. വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി വി കെ സർക്കാർ ദുർബലമാണെന്നും ഏത് നിമിഷവും താഴെ വീഴാമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ, വിദേശകാര്യ സഹമന്ത്രി എന്നിവർ പങ്കെടുക്കും. ബിഹാർ ഗവർണർ സയ്ദ് അത്ത ഹസ്നയ്ൻ, കേന്ദ്ര വിദേശകാര്യസഹമന്ത്രി പബിത്ര മാർഗരിറ്റ എന്നിവരാണ് പങ്കെടുക്കുക.
ബൈക്കുളയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. രണ്ടുവർഷം മുൻപ് ഭാര്യ ഉപേക്ഷിച്ച് പോയതിന്റെ പകയിലാണ് നിരവധിപേരെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് വിഷഗുളികകൾ വിതരണംചെയ്തതെന്നാണ് പ്രതിയായ ഫയ്യാസ് പ്രേംജിയുടെ മൊഴി.
മൂന്ന് കൊടുമുടികള്‍ 24 മണിക്കൂറിനുള്ളില്‍ കീഴടക്കി ബ്രിട്ടനിലെ കേറ്റ് രാജകുമാരി. രണ്ട് വര്‍ഷം മുന്‍പ് താന്‍ കാന്‍സര്‍ രോഗത്തിന് ചികിത്സ തേടിയ ആശുപത്രിയെ സഹായിക്കാനായിരുന്നു കഠിനമായ കൊടുമുടി ചലഞ്ച്.
അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി മേഖലകളില്‍ പാകിസ്ഥാന്‍ കരയിലൂടെയും ആകാശത്തിലൂടെയും നടത്തിയ ആക്രമണങ്ങളില്‍ 40 ഓളം സിവിലിയന്മാര് കൊല്ലപ്പെട്ടു. പാക് അതിര്‍ത്തിയോട് ചേര്‍ന്ന അഫ്ഗാന്‍ പ്രവിശ്യകളില്‍ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 40 ഓളം സിവിലിയന്മാര് കൊല്ലപ്പെട്ടു.
ഹോർമൂസിലെ സംഘർഷം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും തമ്മിൽ ധാരണയിലെത്തി. മരവിപ്പിച്ച 600 കോടി ഡോളർ ഖത്തർ വഴി ഇറാന് ലഭിക്കും. ഹോർമൂസിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെടുന്ന ഇറാൻ, ഒമാനുമായി ചേർന്ന് പുതിയ നടത്തിപ്പ് ചർച്ചകൾ നടത്തുകയാണ്.
ഇറാഖ് രാഷ്ട്രീയത്തെ പിടിച്ചുലച്ച അഴിമതിക്കേസില്‍ ഏഴ് ഉന്നത രാഷ്ട്രീയ നേതാക്കളെ സൈന്യം അറസ്റ്റ് ചെയ്തു. ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള പാര്‍ലമെന്റ് അംഗങ്ങളായ ഏഴ് പേരയൊണ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണ്‍ വളഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഒക്ടോബറില്‍ പൊതുതിരഞ്ഞെടുപ്പിനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ട്. ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേര്‍വിപരീത നിലപാടുകള്‍ സ്വീകരിച്ചാണ് ഗാഡി ഐസന്‍കോട്ട് കളം പിടിക്കുന്നത്.
അയർലൻഡിനെതിരായ ടി20 പരമ്പര തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന് ഗവാസ്‌കർ ആവശ്യപ്പെട്ടു.
