Untitled design 20250112 193040 0000

 

സംസ്ഥാനത്ത് നാളെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നടക്കും. അഞ്ചു വയസിന് താഴെയുളള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ബൂത്തുകളിലെത്താത്ത കുട്ടികൾക്ക് അടുത്ത ദിവസങ്ങളിൽ വീടുകളിലെത്തി വാക്സിൻ നൽകും.

 

കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവിനെ നിയമിച്ചു ലോക് ഭവൻ. ഡോ സജിത റാണിക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. എംജി സാർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെ കാർഷിക സർവ്വകലാശാലയിലും ബിജെപി ബന്ധമുള്ള വൈസ് ചാൻസലറെയാണ് നിയമിച്ചിരിക്കുന്നത്. കൃഷി മന്ത്രി നൽകിയ പേരുകൾ തള്ളിക്കൊണ്ടാണ് അധ്യാപക പരിഷത് നേതാവിന് നിയമനം.

 

കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സജിത റാണിയെ നിയമിച്ച ഗവർണറുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് എസ്എഫ്ഐ . സർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കില്ലെന്നും ഇതിനെതിരെ ഏതറ്റം വരെയും പോയി ചെറുക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കി. വിഷയത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

 

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്‍റെ അവകാശവാദം.

 

വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകിയതിൽ മുൻ എൽഡിഎഫ് സർക്കാരിന്റെ നടപടികൾ സുതാര്യമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. മുഖ്യമന്ത്രി വി ഡി സതീശൻ ഖജനാവിന് 600 കോടിയുടെ നഷ്ടമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും, മൂന്നര വർഷം നടപടിയെടുക്കാത്ത ഫയലിൽ അതിവേഗം ഇടപെട്ടുവെന്നും സിപിഎം ആരോപിച്ചു

 

കലാച്ചി- സിൻ കോപ്പിയടി വിവാദത്തിൽ നിയമനടപടിക്കൊരുങ്ങി എഴുത്തുകാരി കെ ആർ മീര. ഹരിത സാവിത്രിക്ക് കെ ആർ മീര വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ ആർ മീര തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

 

സംസ്ഥാനത്ത് 10 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം 5, കോഴിക്കോട് 4, വയനാട് 1 എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം 190 പേർക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 266 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

 

ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കൊച്ചി മെട്രോ സ്റ്റേഷനുകളിൽ മിൽമയുടെ ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകൾ ഉദ്ഘാടനം ചെയ്തു. മിൽമയുടെ വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ‘ചിൽ മിൽ’ ഫ്രാഞ്ചൈസികൾക്കും തുടക്കം കുറിച്ചു. അബാദ് ഫുഡ്‌സുമായി വിപണി സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രവും ചടങ്ങിൽ കൈമാറി.

 

ഫേസ്ബുക്കിൽ എ എ റഹീം എംപിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു. കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഡിവൈഎഫ്‌ഐ തടയുമെന്ന തരത്തിൽ എ എ റഹീമിന്റെ ചിത്രം ഉൾപ്പെടുത്തി പ്രചരണം നടത്തി എന്നായിരുന്നു പരാതി. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

പിണറായി വിജയന്‍റെ കേരളത്തിലേക്കുള്ള വിമാന യാത്ര മുടങ്ങി. ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തിൽ കോഴിക്കോടേക്കാണ് പോകേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല. വി ഐ പി ലോഞ്ചിൽ ഇരുന്ന പിണറായിയെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതെയിരുന്നതിനെ തുടർന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തിൽ കയറാൻ കഴിയാതെ പോയതിൻ്റെ കാരണം എന്നാണ് വിവരം.

 

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി കൊലപാതക ശ്രമക്കേസ് പ്രതി. ഡിവൈഎഫ്ഐ മുൻ മേഖലാ കമ്മിറ്റി അംഗത്തെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തത്.

 

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വിജയോത്സവം 2026’ സമ്മേളനത്തിൽ, ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പഠനത്തിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ച മന്ത്രി, മൂല്യബോധത്തോടെയും ലഹരിക്കെതിരെ പ്രതികരിച്ചും വളരാൻ കുട്ടികളെ ആഹ്വാനം ചെയ്തു.

 

കളിക്കാനായി അയല്‍വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോഴിക്കോട് കല്ലായി റോഡില്‍ കണ്ണഞ്ചേരി ‘മുബസാന’യില്‍ സമീനയുടെയും അഹമ്മദിന്‍റെയും മകന്‍ ഫൈസാനാണ് ജീവൻ നഷ്ടമായത്.

 

തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അതുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതുലിനെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കും. മരിച്ച ആരതിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

 

സംസ്ഥാനത്ത് പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ. ഡിഎംഒമാരുടെ ഒഴിവ് ഉണ്ടായിരുന്ന അഞ്ച് ജില്ലകളിലാണ് നിയമനം നടത്തിയത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്.

 

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ തെറ്റ് തിരുത്തൽ രേഖക്ക് പൊളിറ്റ് ബ്യൂറോ അംഗീകാരം നൽകി. കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് അടക്കം പാർലമെൻ്ററി സ്ഥാനമോഹമുണ്ടെന്ന് രേഖയിൽ വിമർശനമുണ്ട്. പിബി നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയ രേഖ അടുത്ത കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും.

 

മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിങ്ങിനിടെ മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകൾ. പൂനെ സ്വദേശിയായ ബിസിനസുകാരൻ കേതൻ അഗർവാൾ (25) കൊല്ലപ്പെട്ട കേസിൽ പ്രതിശ്രുത വധു സിയ ഗോയൽ, ഇവരുടെ കാമുകൻ ചേതൻ ചൗധരി, സഹായിയായ നീരജ് എന്നിവരെ പൂനെ റൂറൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകനായ ചേതനുമായുള്ള ബന്ധം വീട്ടില്‍ അറിയിക്കുന്നതിനേക്കാൾ എളുപ്പം കേതനെ കൊലപ്പെടുത്തുകയായിരുന്നെന്ന് സിയ പൊലീസിനോട് പറഞ്ഞു.

 

കോൺഗ്രസ് ഹൈക്കമാൻഡ് മാണിക്കം ടാഗോർ എംപിയെ തമിഴ്നാട് പിസിസി അധ്യക്ഷനായി നിയമിച്ചു. നിലവിലെ അധ്യക്ഷനെ മാറ്റിയാണ് ഈ നിയമനം. സണ്ണി ജോസഫ് മന്ത്രിയായ ഒഴിവിലേക്ക് കേരളത്തിലും പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

 

മഹാരാഷ്ട്രയിൽ നാളെ നടത്താനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷയുടെ (ടെറ്റ്) ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ മാറ്റിവെച്ചു. താനെയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി

 

സ്വന്തം പച്ചക്കറി കൃഷിക്ക് ഒരുകോടിയോളം രൂപ സബ്സിഡി വാങ്ങിയതിൽ അഴിമതി ആരോപണം നിഷേധിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ഭ​ഗീരഥ് ചൗധരി. ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നും മന്ത്രിയാകുന്നതിന് മുന്നേയാണ് സബ്സിഡിക്ക് അപേക്ഷിച്ചതെന്നും ഭ​ഗീരഥ് ചൗധരി വാ‍‍ർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

 

ദക്ഷിണ റെയിൽവേയുടെ സ്പെഷ്യൽ ട്രെയിനുകൾ ഹിറ്റ്. കഴിഞ്ഞ വർഷം സ്പെഷ്യൽ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ദക്ഷിണ റെയിൽവേയ്ക്ക് നേട്ടം. 2025-26 സാമ്പത്തിക വർഷം 32.98 ലക്ഷം യാത്രക്കാർ യാത്ര ചെയ്തതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

 

അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയെ തുടർന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചതായി ട്രസ്റ്റ് സ്ഥിരീകരിച്ചു. ആർഎസ്എസ് നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് രാജി. സംഭവത്തിൽ എട്ടുപേർ അറസ്റ്റിലാവുകയും അന്വേഷണം ബാങ്ക് ജീവനക്കാരടക്കം കൂടുതൽ പേരിലേക്ക് വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

 

തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയിൽനിന്ന് സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കോൺഗ്രസിനും മുസ്ലീം ലീഗിനും പിന്നാലെ എംഡിഎംകെയും ഡിഎംകെ സഖ്യം ഉപേക്ഷിച്ചു. നീണ്ട ഒൻപത് വർഷത്തെ ബന്ധമാണ് എംഡിഎംകെ അവസാനിപ്പിച്ചത്.

 

മൂന്നു ദിവസത്തെ സന്ദർശനത്തിന് നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലേക്ക് തിരിച്ചു. സെയ്ഷെൽസ് ദേശീയ ദിനത്തിൻറെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായിട്ടാണ് നരേന്ദ്ര മോദിയെ ക്ഷണിച്ചിരിക്കുന്നത്.

 

ഉത്തർപ്രദേശിലെ കൗശാമ്പിയിൽ ബീഫ് പാകം ചെയ്തതിന് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഓടി രക്ഷപെട്ട നാല് പുരുഷന്മാർക്കായി തിരച്ചിൽ തുടരുന്നു. ഗോവധ നിരോധന നിയമപ്രകാരമാണ് കേസ്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. കുടുംബാഗങ്ങളിലൊരാൾ കൊണ്ടുവന്ന ബീഫാണ് പാകം ചെയ്തതെന്ന് സ്ത്രീകൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

 

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ, സൗദി അറേബ്യ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി. പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണിതെന്നും രാജ്യത്ത് എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

 

കെസിഎൽ മൂന്നാം സീസണിന് മുന്നോടിയായി ക്രിക്കറ്റ് പ്രേമികൾക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ കെസിഎൽ ഫാൻ ലീഗ് സംഘടിപ്പിക്കുന്നു. ഇതാദ്യമായാണ് കാണികൾക്കായി ടർഫ് ക്രിക്കറ്റ് ടൂർണമെന്‍റ് ഒരുങ്ങുന്നത്.

 

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *