Untitled design 20250112 193040 0000 2

 

 

 

 

അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, വരും ദിവസങ്ങളിൽ മഴ വടക്കൻ ജില്ലകളിലേക്കും വ്യാപിക്കും

 

രാജ്യസഭ സീറ്റ് ലഭിക്കാത്തതിനാൽ ജോർജ് കുര്യന് കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമായേക്കും. കേന്ദ്രമന്ത്രിസഭ പുനസംഘടനയിൽ സുരേഷ് ഗോപി തുടരാനാണ് സാധ്യത. കേരളത്തിൽ നിന്ന് സദാനന്ദൻ മാസ്റ്റർ, അനിൽ ആന്റണി എന്നിവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

 

മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ എട്ടിന്റെ പണി പരാമർശത്തിനെതിരെ പ്രതികരണവുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. മുഖ്യമന്ത്രിയുടെ പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. എറണാകുളത്ത് നടന്ന യോ​ഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഉമർ ഫൈസി മുക്കം.

 

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐമാരെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായത്.

 

മാസപ്പടി കേസിൽ തുടർനീക്കവുമായി ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കേസിന്റെ തുടർ കാര്യങ്ങൾക്കായി ഇഡി ഡയറക്ടർ കൊച്ചിയിലെത്തി. വീണ അടക്കമുഉള്ളവർക്കെതിരായ തുടർനീക്കം നാളെ തീരുമാനിക്കും. വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിലും ചർച്ച നടക്കും. ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് കൊച്ചിയിൽ ചേരുക.

 

 

സർക്കാരിൻ്റെ സാമ്പത്തിക തൽസ്ഥിതി റിപ്പോർട്ട് വ്യവസായ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാരിൻ്റെ സമീപനം വ്യക്തമാക്കുന്ന രേഖയാണെന്ന് മുന്‍ വ്യവസായ മന്ത്രി പി. രാജീവ്.നെഹ്റു ഇങ്ങനെ അല്ല പൊതുമേഖലയോട് പ്രതികരിച്ചിട്ടുള്ളത്. 10 വർഷം പൊതുമേഖലയില്‍ വന്ന മാറ്റങ്ങൾ റിപ്പോർട്ടില്‍ പരാമർശിച്ചിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ ഏറെ ശക്തിപ്പെട്ട വർഷങ്ങൾ ആണ് കടന്ന് പോയതെന്നും രാജീവ് പറഞ്ഞു.

 

നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിലെ തീരുമാനം. പാർട്ടി അഭിമാനം സിപിഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ലെന്നും വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഐ വിലയിരുത്തൽ.

 

ജില്ലയിലെ വിവിധ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘത്തിന്‍റെ വന്‍ പണമിടപാട് തട്ടിപ്പ് വ്യാപകമാകുന്നു. പമ്പുകളിലെ ഓണ്‍ലൈന്‍ പണമിടപാടില്‍ ക്യുആര്‍ കോഡുകള്‍ ദുരുപയോഗം ചെയ്ത് വ്യാജ ഇടപാടുകള്‍ നടത്തിയാണ് സംഘം ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്.

 

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ.രണ്ടു മുന്നണികളും യോജിക്കുന്നത് ഒരു കാര്യത്തിൽ മാത്രമാണ്, കേന്ദ്രസർക്കാർ പണം നൽകുന്നില്ല എന്ന് പറയുന്നതിൽ. കേരളത്തിന്‍റെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇരുമുന്നണികളും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

 

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 1000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ.

 

മുഖ്യമന്ത്രി അവതരിപ്പിച്ച സാമ്പത്തിക ധവളപത്രത്തെ രൂക്ഷമായി വിമർശിച്ച് മുൻ ധനമന്ത്രി. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും, ലാഭത്തിലുള്ള കൊച്ചി വിമാനത്താവളം പോലും വിൽക്കുമോ എന്ന് ആശങ്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ഇനി കിട്ടാനുള്ള വലിയ തുകകളെക്കുറിച്ചോ ഗ്രാന്റുകൾ കേന്ദ്രം വെട്ടിക്കുറച്ചതിനെക്കുറിച്ചോ ധവളപത്രത്തിൽ ഒന്നും പറയുന്നില്ലെന്ന് മുൻ ധനമന്ത്രി കുറ്റപ്പെടുത്തി.

 

നിയമസഭാ മന്ദിരത്തിലും ചേര ശല്യം. സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം മുഖ്യമന്ത്രി നിയമസഭയിൽ സമർപ്പിച്ചതിനെത്തുടർന്നുള്ള ചർച്ചകൾ കൊഴുക്കുന്നതിനിടെ സഭാമന്ദിരത്തിലെത്തിയ ചേരയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്.

 

കേരള പോലീസിന്റെ ‘തൂഫാൻ: ദ നാർക്കോ ഹണ്ട്’ എന്ന പുതിയ പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ നടത്തിയ വ്യാപക റെയ്ഡുകളിൽ 36 പേർ അറസ്റ്റിലായി. 437.28 ഗ്രാം എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും, ഒരു ലക്ഷം രൂപയും, ആഡംബര കാറും പോലീസ് പിടിച്ചെടുത്തു.

 

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയുടെ പണം ബജറ്റിൽ വകയിരുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പൊതുസ്ഥാപനങ്ങളെ സ്വയം പര്യാപ്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

യുഡിഎഫ് മന്ത്രിമാർ വെള്ളാപ്പള്ളി നടേശനുമായും മകനുമായും സൗഹൃദം പങ്കിടുന്നതിനെതിരെ കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് തുടങ്ങിയ സാംസ്കാരിക പ്രവർത്തകർ രംഗത്ത്. ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയുടെ അനുഗ്രഹം വാങ്ങിയത് ഞെട്ടലുണ്ടാക്കിയെന്നും, ഈ വിഷയത്തിൽ മുസ്ലിം ലീഗ് പുലർത്തുന്ന മൗനം അമ്പരപ്പിക്കുന്നുവെന്നും അവർ പ്രസ്താവനയിൽ പറയുന്നു.

 

കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് (42) പിടിയിൽ. തമിഴ്നാട്ടിലെത്തി കൊല്ലം ഷാഡോ പൊലീസ് അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്.

 

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സഹോദരീ ഭർത്താവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് ബന്ധു നിയമന വിവാദത്തിന് വഴിവെച്ചു. വിഷയം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയപ്പോൾ, നിയമനത്തെ രാഷ്ട്രീയ പാരമ്പര്യം ചൂണ്ടിക്കാട്ടി മന്ത്രിയുടെ ഓഫീസ് ന്യായീകരിച്ചു.

 

തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ, തന്റെ രാഷ്ട്രീയ നിലപാട് നാളെ പ്രഖ്യാപിക്കും. സോഷ്യൽ മീഡിയയിലൂടെ തത്സമയം ജനങ്ങളുമായി സംവദിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ബിജെപിയെ പരാമർശിക്കാത്ത സമീപകാല ട്വീറ്റ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

 

ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന് ഡി എം കെയുടെ വക വൻ പ്രഹരം. ജൂൺ എട്ടിന് നടക്കാനിരിക്കുന്ന യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഡി എം കെ തീരുമാനിച്ചു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നും അതിനാൽ കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും തങ്ങൾ ഭാഗമാകില്ലെന്നും ഡി എം കെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

 

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) പ്രതിസന്ധിയിലാക്കി പാർലമെന്റ് അംഗങ്ങളും കൂറുമാറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തൃണമൂലിന്റെ പകുതിയോളം എംപിമാർ ബിജെപിയിലേക്ക് മാറാൻ ഉന്നതതല ചർച്ചകൾ നടത്തുകയാണെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അവർക്കായി വാതിലുകൾ അടച്ചിരിക്കുകയാണെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് വ്യക്തമാക്കി. തൃണമൂലിലെ ആഭ്യന്തര പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ മമത ബാനർജി പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവസരവാദികളെ പാർട്ടിയിലേക്ക് സ്വീകരിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്.

 

 

തമിഴ്‌നാട് അതിർത്തിയിൽ കടന്ന് പിടികൂടി പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ച കേസിൽ, കേരള പൊലീസിലെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ഇത്തരം ഗുരുതരമായ കേസുകൾ ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പിലെത്തിയെന്ന് കാണിച്ച് റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

 

 

പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾ ശക്തമാകുന്നു. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്, ഈ നീക്കം പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുന്നത്.

 

കോക്രോച്ച് ജനത പാർട്ടിയുടെ ശനിയാഴ്ചത്തെ പ്രതിഷേധത്തിൽ ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും. സിജെപി ക്ഷണിച്ചതനുസരിച്ച് എസ്എഫ്ഐ ദില്ലി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. എന്നാല്‍, അണികൾ കൂട്ടമായി പങ്കെടുക്കുന്നത് തീരുമാനിച്ചിട്ടില്ല.

 

ആഗോള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യ 20,000 കോടിയിലധികം രൂപയുടെ സൈനിക ഡ്രോണുകള്‍ ആഭ്യന്തര കമ്പനികളില്‍ നിന്ന് വാങ്ങാന്‍ ഒരുങ്ങുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ ഡ്രോണ്‍ ഇടപാട്, അതിര്‍ത്തിയിലെ സുരക്ഷാ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ‘ഫാസ്റ്റ് ട്രാക്ക്’ രീതിയിലായിരിക്കും നടപ്പാക്കുക.

 

പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായ ലൈംഗിക പീഡന പരാതികളില്‍ ഇരകളായ 280 വിദ്യാര്‍ത്ഥികള്‍ക്ക് 958 കോടി രൂപ (100 മില്യന്‍ ഡോളര്‍) നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനിച്ച് അമേരിക്കന്‍ സര്‍വകലാശാല. പ്രശസ്തമായ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയാണ് കാമ്പസ് ഡോക്ടര്‍ വിദ്യാര്‍ത്ഥികളെ ലൈമഗികമായി പീഡിപ്പിച്ച കേസില്‍ വന്‍തുക നഷ്ടപരിഹാരമായി നല്‍കാന്‍ സമ്മതിച്ചത്.

 

ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഫീൽഡ് ഏജന്റുമാരായി പ്രവർത്തിച്ച 15 പേരെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. രാജ്യത്ത് യുവാക്കളെ സ്വാധീനിച്ച് അട്ടിമറി നീക്കങ്ങൾ നടത്താൻ ഇവർ ശ്രമിച്ചുവെന്നാണ് ആരോപണം. അടുത്തിടെയുണ്ടായ ഇറാൻ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് ഈ നിർണ്ണായക നടപടി.

 

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും മിഡിൽ ഈസ്റ്റിലെ ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ച് ഫോണിൽ ചർച്ച ചെയ്തു. സംഘർഷങ്ങൾ ലഘൂകരിക്കാനും സൈനിക നടപടികൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾ കണ്ടെത്താനും ഇരു നേതാക്കളും ധാരണയായി.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *