night news hd 7
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്ന നിലപാടിൽ വിശദീകരണവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാത്രമാണ് വിട്ടു നിൽക്കുന്നതെന്നും ആർക്കും നിയന്ത്രണങ്ങളില്ലെന്നും കോൺ​ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22 ഒഴികെ ഏത് ദിവസവും സന്ദർശിക്കാമെന്നും കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ‘അടൽ സേതു’ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 22 കിലോമീറ്റർ നീളത്തിലുള്ള ആറുവരി പാതയാണിത്.ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. രണ്ട് മണിക്കൂർ യാത്രയെ വെറും 15-20 മിനിറ്റിനുള്ളിൽ ചുരുക്കാൻ കഴിയും. സമുദ്രനിരപ്പിൽ നിന്ന് 15 മീറ്റർ ഉയരത്തിലാണ് പാലമുള്ളത്.
സാമ്പത്തികമായി ഞെരുക്കുന്നെന്ന കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രിംകോടതി. പെൻഷനും ശമ്പളവും നൽകാൻ സർക്കാർ ബുദ്ധിമുട്ടുന്നെന്ന് കേരളം സുപ്രിംകോടതിയിൽ പറഞ്ഞു.കേന്ദ്രത്തിനെതിരെ സുപ്രീകോടതിയെ സമീപിക്കുന്നതിൽ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനം ഹർജി നൽകിയത്. ഈ മാസം 25ന് കേസ് സുപ്രീംകോടതി പരിഗണിക്കും.
രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തിൽ അയോധ്യയിലേക്ക് പോകുന്നുണ്ടെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ​ഗവർണർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച ഗുരുവായൂരിലെ വിവാഹസമയത്തില്‍ മാറ്റം. 48 വിവാഹങ്ങള്‍ പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി. വിവാഹത്തിനെത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍ മോദിയുടെ റോഡ് ഷോയും നടക്കും.
അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. പുരോഹിതരല്ല പ്രധാന മന്ത്രിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നത്. അപ്പോൾ അതിന് രാഷ്ട്രിയലക്ഷ്യം  അർത്ഥം കാണണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണ്  രാഷ്ട്രീയം കളിക്കാനല്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താൻ രാമക്ഷേത്രത്തിൽ പോകും എന്നും ശശി തരൂർ വ്യക്തമാക്കി.
ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിൽ, നടന്നത് വലിയ തട്ടിപ്പാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നീരീക്ഷിച്ചു. പെൻഷൻകാരുടെയടക്കം പണമാണ് പോയതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
കെ-ഫോണ്‍ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഹൈക്കോടതിയിൽ. പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതി നടന്നെന്നാണ് പ്രതിപക്ഷ നേതാവ് ഹ‍ര്‍ജിയിൽ ആരോപിക്കുന്നത്. പദ്ധതി കൈമാറിയത് യോഗ്യത ഇല്ലാത്തവർക്കാണെന്നും പദ്ധതി നടപ്പാക്കുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എം ടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശന പ്രസംഗത്തിൽ പ്രതികരിച്ച് സാഹിത്യകാരൻ എം കെ സാനു.പിണറായിയുടെ ഭരണത്തെക്കുറിച്ചുകൂടി എം ടി ഉദ്ദേശിച്ചിരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.പൊതുവിൽ രാജ്യത്ത് കാണുന്ന സ്വേച്ഛാധിപത്യ പ്രവണകളെക്കുറിച്ചുകൂടി എം ടി ഉദ്ദേശിച്ചിരിക്കാമെന്നും എം കെ സാനു കൂട്ടുച്ചേർത്തു.
റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു.  സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലാകും. നാളെ മുതൽ പണിമുടക്കായിരിക്കമെവന്നാണ് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ സംഘടന അറിയിച്ചിരിക്കുന്നത്.കുടിശ്ശിക തീർക്കുന്നതിൽ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടർന്നാണ് കരാറുകാർ പണിമുടക്ക് പ്രഖ്യാപിച്ചത്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിര്‍മ്മിച്ച കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദ്അറസ്റ്റിൽ . കേസിലെ മുഖ്യപ്രതിയായ ജയ്സണിനെ ആപ്പ് നിർമ്മിക്കാൻ സഹായിച്ചത് രാകേഷായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
മകരപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് ജനുവരി 15 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മകരപ്പൊങ്കല്‍ സമയത്തെ തിരക്കുകള്‍ പരിഗണിച്ച് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മകരവിളക്ക് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നാളെ ശബരിമല സന്ദർശിക്കും. രാവിലെ ഒൻപതു മണിക്ക് നിലയ്ക്കലിൽ എത്തുന്ന അദ്ദേഹം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അവലോകന യോഗങ്ങളിലും സംബന്ധിക്കും.
തിരുവനന്തപുരത്ത് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാർ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തിൽ പ്രതികളായ 7 എസ്എഫ്ഐ പ്രവർത്തകർക്കും ജാമ്യം. ക‍ര്‍ശന നി‍ര്‍ദ്ദേശങ്ങളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.പ്രതിഷേധവുമായി ബന്ധപ്പെട്ട് നഷ്ടം വന്ന തുക കെട്ടിവയ്ക്കണമെന്നും പ്രതികൾക്ക് ലീഗൽ സർവീസസ് അതോറിറ്റി മുഖേന കൗൺസിലിംഗ് നൽകണമെന്നും ഹൈക്കോടതി നി‍‍ര്‍ദ്ദേശിച്ചു.സ‍ര്‍വകലാശാലകളിലെ കാവിവത്ക്കരണത്തിനെതിരെയുളള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു തലസ്ഥാനത്തെ കരിങ്കൊടി പ്രതിഷേധം.
 തൃശൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂർ കൊലക്കേസിൽ 9 പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോടതി ഉത്തരവ്. 2013 ആഗസ്റ്റ് 16നാണ് ബൈക്കിലെത്തിയ സംഘം ലാല്‍ജിയെ വെട്ടിക്കൊലപ്പെടുത്തിയത്.യൂത്ത് കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്നുണ്ടായ കൊലയായിരുന്നു ലാൽജി കൊള്ളന്നൂർ വധം.
കുട്ടനാട്ടിൽ ജീവനൊടുക്കിയ കർഷകന്റെ ആധാരം പണവുമായി എത്തിയിട്ടും തിരികെ നൽകാതെ എസ്എസി എസ്‍ടി കോർപറേഷൻ. കർഷകന്റെ ഭാര്യ ഓമന പണവുമായി എത്തിയിട്ടും വായ്പ തീർക്കാൻ ഉദ്യോ​ഗസ്ഥർ തയ്യാറായില്ല. ജപ്തി നടപടി സ്റ്റേ ചെയ്തെന്നും അന്വേഷണം നടക്കുന്നു എന്നുമാണ് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം.
മലയാളം സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. എംഎസ്എഫ് സ്ഥാനാർത്ഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്നും ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു. നാമനിർദ്ദേശപത്രിക മതിയായ കാരണങ്ങൾ ഇല്ലാതെ തള്ളിയതിനെതിരെയായിരുന്നു ഹർജി.
ഇന്ത്യ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ട നടപടികളുമായി മുന്നോട്ടു പോകാൻ മുസ്ലിംലീഗ് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി യോഗത്തിൽ തീരുമാനം. ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നും മതേതര ഇന്ത്യയുടെ നിലനിൽപ്പിന് ഇത് അനിവാര്യമാണെന്നും യോഗത്തിനു ശേഷം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമായ അഗസ്ത്യാര്‍കൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ നാളെ രാവിലെ 11 ന് ആരംഭിക്കും. ട്രക്കിംഗ് ജനുവരി 24 തുടങ്ങി മാർച്ച്‌ രണ്ട് വരെയാണ്. ദിവസവും 70 പേർക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിക്കുക.വനം വകുപ്പിൻ്റെ www.forest.kerala.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബുക്ക് ചെയ്യാം.
വർക്കലയിൽ വിദേശി മരിച്ച നിലയിൽ. കാപ്പിൽ ബീച്ചിന് സമീപത്തുള്ള കായൽ തീരത്താണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു വൈകുന്നേരം 5:40 നാണ് കായൽ തീരത്തുള്ള കാറ്റാടി മരത്തിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ആളിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പശ്ചിമ ബംഗാളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തെ ജനകൂട്ടം ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. സംഘർഷത്തിന് നേതൃത്വം നൽകിയവരാണ് പിടിയിലായത്. നോർത്ത് 24 പർഗാനാസ് ജില്ലയിൽ ജനുവരി 5 നാണ് ഇഡി സംഘം ആക്രമിക്കപ്പെട്ടത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *