Untitled design 20250112 193040 0000

 

 

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി. വിഷയത്തിൽ ആന്റണിയുടെ നിലപാട് തേടി തീരുമാനമെടുക്കാമെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. കൊടിക്കുന്നിൽ സുരേഷിനെയും ഹൈക്കമാൻഡ് വിളിച്ചു. കൊ‌‌ടിക്കുന്നിൽ വി.ഡി. സതീശനെ പിന്തുണച്ചുവെന്നാണ് സൂചന. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ എഐസിസി വാർത്താസമ്മേളനം വിളിച്ചില്ല.

 

കേരള മുഖ്യമന്ത്രിയെ ഇന്നറിയാനാകില്ലെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നടത്തിയ ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്ന് ഹൈക്കമാൻഡ് മുതിർന്ന നേതാക്കളുമായി കൂടിയാലോചനകൾ തുടരുകയാണ്.

 

പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ. കേരള രാഷ്ട്രീയം മലീമസമാകുന്നുവെന്നാണ് പന്ന്യൻ രവീന്ദ്രന്റെ പരാമർശം. പോടാ, ചെറ്റ എന്നീ പദപ്രയോഗങ്ങൾ ചില നേതാക്കൾ നടത്തുന്നുവെന്നും എല്ലാതരം മോശം പദപ്രയോഗങ്ങൾക്കും എതിരാണ് താനെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

 

കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വരും മുൻപേ വി ഡി സതീശൻ അനുകൂലികൾ ആഘോഷം തുടങ്ങി. വി ഡിയുടെ ജന്മ ദേശമായ നെട്ടൂരിൽ ഫ്ലക്സ് പ്രിന്‍റിംഗ് ആരംഭിച്ച് കഴിഞ്ഞു. ദില്ലിയിൽ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക ചർച്ച പൂർത്തിയായതോടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന ആകാംക്ഷയിലാണ് കേരളം.

 

കോൺ​ഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ ലീ​ഗ് അടക്കമുള്ള ഘടകകക്ഷികൾക്കെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇവിടെ ആരാണ് കുഴപ്പം ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി കോൺഗ്രസ് ആണെന്ന് നേരത്തെ ധാരണ ഉള്ളതല്ലേയെന്നും സുകുമാരൻ നായർ ചോദിച്ചു. മാധ്യമ പ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, വി ഡി സതീശനെ സച്ചിൻ പൈലറ്റ് അഭിനന്ദിച്ചെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നടത്തുന്ന അവസാനവട്ട ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

 

രാജ്യത്ത് പാൽ വില വർധിപ്പിച്ച് അമുൽ. ലിറ്ററിന് 2 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. പ്രവർത്തനച്ചെലവ് ഉയരുന്ന സാഹചര്യത്തിലാണ് വില വർധന അനിവാര്യമായതെന്ന് അമുലിൻ്റെ നടത്തിപ്പുകാരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു.

 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഹിജാബ് നിയന്ത്രണ നയത്തിൽ നിർണ്ണായക മാറ്റവുമായി സംസ്ഥാന സർക്കാർ. 2022-ൽ ബിജെപി സർക്കാർ കൊണ്ടുവന്ന യൂണിഫോം നിയന്ത്രണ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ബുധനാഴ്ച പുതിയ വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ്, പൂണൂൽ തുടങ്ങിയ മതപരമായ ചിഹ്നങ്ങൾ ധരിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദമുണ്ടാകും.

 

എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേർന്നായിരിക്കും ഫലം പ്രഖ്യാപിക്കുക. ഇന്ന് ചേരുന്ന പരീക്ഷ ബോർഡ് ഫലം അന്തിമമായി വിലയിരുത്തി. ഫല പ്രഖ്യാപനത്തിന് പുതിയ വിദ്യാഭ്യാസമന്ത്രിയെ കാക്കേണ്ടെന്ന് കെപിസിസി അധ്യക്ഷൻ വിദ്യാഭ്യാസവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു.

 

150 ഓളം മോഷണ കേസുകളിലെ പ്രതി മോഷണ ശ്രമത്തിനിടെ പിടിയില്‍. നെടുമങ്ങാട് സ്വദേശിയായ യാത്ര വിജയൻ എന്ന വിജയന്‍ (57) ആണ് പിടിയിലായത്. പടന്താലു മൂട്ടിലെ ഫ്രൂട്സ് കടയിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

 

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ, ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സ്കൂൾ തുറക്കൽ, മൺസൂൺ മുന്നൊരുക്കങ്ങൾ, പിഎൻജിയിലേക്കുള്ള മാറ്റം, ദേശീയപാത വികസനം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ യോഗം വിലയിരുത്തി, നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.

 

വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടതായി വന്ന വാർത്തകൾ വ്യാജമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാന്‍ഡാണെന്നും മുഖ്യമന്ത്രി ആരായാലും കുഴപ്പമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. ആര് മുഖ്യമന്ത്രി ആയാലും സമസ്തയെ അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.

 

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിനുള്ള അനുമതി ഉത്തരവ് തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരായ അപ്പീൽ, ജസ്റ്റിസ് എ ബദറുദ്ദീനും ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരുള്ള ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിൽ വന്നെങ്കിലും സ്റ്റേ അനുവദിക്കാൻ കോടതി വിസമ്മതിച്ചു. സ്കൂൾ മിക്സഡ് ആക്കുന്നതിന് വേണ്ടിയുള്ള നടപടികൾ അപ്പീലിന്‍റെ തീർച്ചയാണെന്നും കോടതി വ്യക്തമാക്കി.

 

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്കുള്ളിൽ പ്രതിസന്ധി രൂക്ഷമാകുന്നു. നിയമസഭയിൽ വിജയ്‍യ്ക്ക് അനുകൂലമായി നിലപാടെടുത്ത വിമത എംഎൽഎമാരെ പാ‍ർട്ടി സ്ഥാനങ്ങളിൽനിന്ന് നീക്കി. പാ‍ർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ആണ് നടപടിയെടുത്തത്.

 

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഏറെ നിർണായക നീക്കവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. താൻ മത്സരിച്ച് ജയിച്ച രണ്ട് നിയമസഭാ സീറ്റുകളിൽ, ഭവാനിപ്പുർ നിലനിർത്തി നന്ദിഗ്രാം ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. ബുധനാഴ്ച നിയമസഭയിൽ ഭവാനിപ്പുർ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ കേന്ദ്ര സർക്കാരിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എസ്‌. ജോസഫ് വിജയ് രൂക്ഷവിമർശനം ഉന്നയിച്ചു. നീറ്റ് പൂർണ്ണമായും നിർത്തലാക്കി, പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

അസമിൽ ഭരണം നിലനിർത്തിയതിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കാൻ ബിജെപി സർക്കാർ ഒരുങ്ങുന്നു. മെയ് 26ന് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബില്ല് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രഖ്യാപനം. ഏകീകൃത സിവിൽ കോഡിൻ്റെ കരടുരേഖയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

 

കൊവിഡ് കാലത്തെ പോലെ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ചെലവ് ചുരുക്കലിൻ്റെ ഭാഗമാണെന്ന വിമർശനം ശരിയല്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ധന ഉപഭോഗം കുറച്ച് ബുദ്ധിപൂർവം ചെലവഴിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തിയെന്നും സർക്കാർ വിശദീകരിച്ചു.

 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം കേരളത്തിലേക്ക്. ചോദ്യപേപ്പർ കിട്ടിയെന്ന് രാജസ്ഥാൻ പോലീസ് കണ്ടെത്തിയ 200 വിദ്യാർത്ഥികളുടെ ലിസ്റ്റിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരും ഉണ്ടെന്നാണ് വിവരം. ഇതിനിടെ കോടതി മേൽനോട്ടത്തിൽ പുനപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിയെത്തി.

 

 

മണിപ്പൂരിൽ ക്രൈസ്തവ വൈദികർ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചുരാചന്ദ്പൂരിൽ നിന്ന് കാങ്‌പോക്‌പിയിലേക്ക് സഭാ യോഗത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന തദൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. അക്രമികൾക്കായി സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കി.

 

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ പ്രതികരണവുമായി എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ. കേസിൽ ഉൾപ്പെട്ടവർക്കെതിരെ ജെൻസികൾ തെരുവിലിറങ്ങണമെന്ന് അരവിന്ദ് കെജ്രിവാൾ ആഹ്വാനം ചെയ്തു. നേപ്പാളിലെയും ബംഗ്ലാദേശിലെയും ജെൻസി പ്രക്ഷോഭങ്ങൾ കെജ്രിവാൾ ഓർമിപ്പിച്ചു.

 

ക്രൂയിസ് കപ്പലിൽ പൊട്ടിപ്പുറപ്പെട്ട ഹാൻ്റ വൈറസ് രോഗബാധയുടെ ആശങ്ക നിലനിൽക്കെ, മറ്റൊരു ക്രൂയിസ് കപ്പലിൽ പുതിയൊരു വൈറസ് ബാധയെന്ന് സംശയം. ഫ്രഞ്ച് നഗരത്തിൽ എത്തിച്ചേർന്ന ക്രൂയിസ് കപ്പലിൽ നോറോവൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരെ നിരീക്ഷണത്തിലാക്കി.

 

ബ്രിട്ടനിലെ സൗത്ത് കേംബ്രിഡ്ജ്ഷെയർ ഡിസ്ട്രിക്റ്റ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മലയാളിക്ക് ചരിത്ര വിജയം. പാലാരിവട്ടം സ്വദേശിയായ ജിയോ സെബാസ്റ്റ്യനാണ് ഹിസ്റ്റൺ ആൻഡ് ഇംപിംഗ്ടൺ (Histon & Impington) വാർഡിൽ നിന്നും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയായി വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്.

 

യുക്രൈനിൽ റഷ്യൻ ചാരന് തടവുശിക്ഷ. സ്കോട്ടിഷ് പൗരനായ റോസ് ഡേവിഡ് കട്ട്മോ‍റിനാണ് യുക്രൈനിലെ ഒഡീസയിലുള്ള കോടതി തടവുശിക്ഷ വിധിച്ചത്. യുക്രൈനിൽനിന്ന് തന്ത്രപ്രധാന വിവരങ്ങൾ റഷ്യയ്ക്ക് കൈമാറിയെന്ന കണ്ടെത്തലിനെ തുട‍ർന്ന് റഷ്യൻ നിയമപ്രകാരമാണ് നടപടി.

 

ഇസ്രായേൽ-ഹിസ്ബുള്ള യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ബെയ്റൂട്ടിൽ ഇസ്രായേലിന്റെ ആക്രമണം. ബെയ്റൂട്ടിന്റെ തെക്ക് ഹൈവേയിലുള്ള വാഹനങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ രണ്ട് കുട്ടികളടക്കം എട്ട് പേർ കൊല്ലപ്പെട്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *