കെ സി വേണുഗോപാലിന് 50ലേറെ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കെപിസിസി വക്താവ് അനിൽ ബോസ്. എംഎല്എമാരുടെ ഭൂരിപക്ഷമുണ്ടെങ്കിൽ കെ സി വേണുഗോപാൽ അല്ലാതെ ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു കെപിസിസി വക്താവ്.
കേരളത്തിൽ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകൾ സജീവമായി നിൽക്കെ വിഡി സതീശന് അനുകൂലമായി രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ കമന്റുകളുടെ പെരുമഴ. കേരളത്തിലെ വിജയത്തെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇതുവരെ ഒരു ലക്ഷത്തി 20000ൽ കൂടുതൽ കമന്റുകളാണ് വന്നത്. ഇവയിൽ മിക്കതും വിഡി സതീശനെ മുഖ്യമന്ത്രി ആക്കണം എന്ന് ആവശ്യപ്പെട്ടുള്ളതാണ്.
യുഡിഎഫ് മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾക്കിടെ, സിറ്റിംഗ് എംഎൽഎ തന്നെ മുഖ്യമന്ത്രിയാകണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഹൈക്കമാൻഡിനെ അറിയിച്ചു. കേരളത്തിലെ പൊതുവികാരം മാനിക്കണമെന്നും ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ഈ നിലപാട് മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന കെ സി വേണുഗോപാലിന് വലിയ തിരിച്ചടിയാണ്.
കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവനിലേക്കെത്തിയെ എംഎൽഎമാരെയെല്ലാം ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്. വനിതാ എംഎൽഎമാരെയടക്കം കെട്ടിപ്പിടിക്കുന്ന ചെറിയാൻ ഫിലിപ്പിന്റെ നടപടി വ്യാപക വിമർശനത്തിനിടയാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കോണ്ഗ്രസിലെ മുഖ്യമന്ത്രി ചര്ച്ചയില് ജനവികാരം വി ഡി സതീശന് അനൂകൂലമാണെന്ന അഭിപ്രായം എഐസിസി നിരീക്ഷകരെ അറിയിച്ച് മുസ്ലീം ലീഗ് നേതൃത്വം. സതീശന്റെ നേതൃത്വത്തിലുള്ള പ്രവര്ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
പാർട്ടി പറഞ്ഞാൽ കെ സി വേണുഗോപാലിനായി ആലപ്പുഴ സീറ്റ് ഒഴിഞ്ഞുനൽകാമെന്ന് നിയുക്ത എംഎൽഎ എ ഡി തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ തമ്മിൽ ശക്തമായ ചരടുവലികൾ നടക്കുന്നതിനിടെയാണ് ഈ പ്രതികരണം.
കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിൽ. പി ആർ ഏജൻസികൾ നടത്തുന്ന ആസൂത്രിത ആക്രമണമാണിതെന്നും, ഹൈക്കമാൻഡിനെ ഗൺപോയിൻ്റിൽ നിർത്തി കാര്യം നേടാമെന്ന് കരുതുന്നവർക്ക് കൊത്തിപ്പറിക്കാനുള്ളതല്ല കെസിയെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടി നേതൃത്വം പ്രതികരിക്കണമെന്നും ബിനു ചുള്ളിയിൽ ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ തോൽവിക്ക് പിന്നാലെ ആദ്യമായി പ്രതികരിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകുമെന്നും പിണറായി വിജയൻ പ്രസ്താവനയില് പറഞ്ഞു. എൽഡിഎഫിന് തീർത്തും അപ്രതീക്ഷിത തെരഞ്ഞെടുപ്പ് ഫലമാണുണ്ടായതെങ്കിലും വലിയൊരു ജനവിഭാഗം മുന്നണിക്കൊപ്പം ഉറച്ചുനിന്നത് ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കോൺഗ്രസിൽ ആരാണ് മുഖ്യമന്ത്രി എന്നതിനെക്കുറിച്ച് ചർച്ച പുരോഗമിക്കവേ വി ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ. കൊച്ചി നെട്ടൂരിലാണ് വിഡി സതീശൻ മുഖ്യമന്ത്രിയാകണം എന്നാവശ്യമുന്നയിച്ച് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നത്. ജനങ്ങളെ വഞ്ചിക്കരുതെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു.
ചരിത്ര വിജയം നേടി അധികാരത്തിലെത്തിയ യുഡിഎഫിൽ മുഖ്യമന്ത്രി ആരെന്ന ചര്ച്ചകൾ തുടരുന്നതിനിടെ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കോൺഗ്രസിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളും ഹൈക്കമാൻഡ് ഇടപെടലുകളും നടക്കുന്നതിനിടെയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്.
യുഡിഎഫ് നേടിയ മഹാവിജയത്തിന്റെ മുഖ്യ ശിൽപ്പി കെ സി വേണുഗോപാലാണെന്ന് അരിത ബാബു. തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപേ അദ്ദേഹം നടത്തിയ ആസൂത്രണവും സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഇടപെടലുകളും പ്രചരണത്തിലെ നേതൃത്വവും വിജയത്തിൽ നിർണ്ണായകമായെന്ന് അരിത ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
എടവണ്ണപ്പാറയിൽ 18കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി മുനീറിനെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. യാസിറിനെ മുനീർ മർദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിന് പിന്നാലെ എടവണ്ണപ്പാറ വെട്ടത്തൂരിൽ വീട്ടിൽ യാസിർ ആത്മഹത്യ ചെയ്തത്.
കോൺഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കവേ, മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ വി ഡി സതീശൻ മന്ത്രിയാകാനില്ലെന്ന വാർത്തകൾ സതീശൻ പക്ഷം നിഷേധിച്ചു. നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ എംഎൽഎമാരുടെ യോഗം എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകമാന്റ് എല്ലാ കാര്യങ്ങളും നോക്കി ഒരു തീരുമാനം എടുക്കും എന്ന് തിരുവനന്തപുരം സെന്ട്രൽ നിയുക്ത എംഎൽഎ സി പി ജോൺ. ഹൈക്കമാന്റ് തീരുമാനിക്കുന്നത് എന്തോ അത് ഞങ്ങളും പിന്തുണക്കുമെന്നും കേരളത്തിന്റെ ജനവികാരത്തിന് അനുസരിച്ചുള്ള തീരുമാനം ഹൈക്കമാന്റ് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം തണ്ണിമത്തൻ മൂലമുള്ള ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്. എലിവിഷത്തിൽ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് എന്ന രാസവസ്തുവാണ് മരണകാരണമെന്ന് പരിശോധനയിൽ കണ്ടെത്തി. ഇവരുടെ ആന്തരികാവയവങ്ങളിൽ നിന്നാണ് ഈ രാസവസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാജിവയ്ക്കാൻ വിസമ്മതിച്ച മമത ബാനർജി സർക്കാരിനെ ഗവർണർ പിരിച്ചുവിട്ടു. നിയമസഭയുടെ കാലാവധി കഴിഞ്ഞതിനാലാണ് നടപടിയെന്ന് ഗവർണർ വിശദീകരിക്കുമ്പോൾ, സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ബിജെപി പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള യോഗം ചേരുകയാണ്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നിലപാടിനെതിരെ സിപിഎം രംഗത്ത്. വിജയ്യെ ഉടൻ ക്ഷണിക്കണമെന്നും ഗവർണറുടെ കാലതാമസം ഭരണഘടനാ വിരുദ്ധമാണെന്നും സിപിഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ടിവികെ അധ്യക്ഷൻ വിജയ്യെ പിന്തുണച്ച് ഖുശ്ബു സുന്ദർ. വിജയ് മുഖ്യമന്ത്രി ആകണമെന്ന് ഖുശ്ബു സുന്ദർ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ജനങ്ങൾ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തുവെന്നും അയാൾ നയിക്കണമെന്നും ഖുശ്ബു എക്സിൽ കുറിച്ചു.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിലായതോടെ രജനികാന്തും എടപ്പാടി പളനിസ്വാമിയും നിർണായക നീക്കങ്ങൾ നടത്തുന്നു. ഡിഎംകെ നേതാവ് രജനികാന്തിനെ സന്ദർശിച്ചപ്പോൾ, എടപ്പാടി ഗവർണറെ കാണാൻ ഒരുങ്ങുകയാണ്. സ്റ്റാലിന്റെ തോൽവിയിൽ ഇപിഎസ് നിരാശനാണെന്ന റിപ്പോർട്ടുകൾക്കിടയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കുള്ള ചർച്ചകൾ സജീവമാണ്.
ഡിഎംകെ-കോൺഗ്രസ് സഖ്യം ഔദ്യോഗികമായി പിരിഞ്ഞു. നടൻ വിജയ്യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് പിന്നാലെ, ദേശീയ തലത്തിലുള്ള ‘ഇന്ത്യ’ മുന്നണി തന്നെ ഇല്ലാതായെന്ന് ഡിഎംകെ പ്രഖ്യാപിച്ചു. ദീർഘകാല സുഹൃത്തായ ഡിഎംകെയെ കോൺഗ്രസ് വഞ്ചിച്ചുവെന്ന് മുതിർന്ന നേതാവ് ടി കെ എസ്. ഇളങ്കോവൻ തുറന്നടിച്ചു.
മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി നിയുക്ത എംഎൽഎ വി. മുരളീധരൻ. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകുന്നത് വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വർഗീയ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും മുരളീധരൻ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പശ്ചിമ ബംഗാളിൽ അഖിലേഷ് യാദവ് – മമത ബാനർജി കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അഖിലേഷ് മമതയെ കാണാൻ എത്തിയത്. തൃണമൂൽ കോൺഗ്രസ് പ്രശംസനീയമായ പോരാട്ടമാണ് നടത്തിയതെന്ന് അഖിലേഷ് മമതയോട് പറഞ്ഞു.
തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ വിജയ്യെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ അനുവദിക്കുന്നില്ല. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടപ്പോൾ, വിജയ്ക്ക് പിന്തുണയുമായി ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി, ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അവർ ആരോപിച്ചു.
ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുന നദിയിൽ ഒമ്പത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്ന് പേർ മരിച്ചു. കാണാതായ 3 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹമാണ് കണ്ടത്തിയത്. മൂന്ന് കുട്ടികളെയാണ് ഇനി കണ്ടെത്താനുള്ളത്.
സൗദി അറേബ്യയിലെ മക്കയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് കാസർകോട് സ്വദേശിയായ മലയാളി മരിച്ചു. കെഎംസിസി സജീവ പ്രവർത്തകനായ പിപി മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ചത്. അപകടത്തിൽ ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളും മരിച്ചതായി റിപ്പോർട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കൈവരിച്ചതിനെ തുടർന്ന് എമിറേറ്റ്സ് ഗ്രൂപ്പ് തങ്ങളുടെ 1.3 ലക്ഷത്തിലധികം ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചു. കടുത്ത വെല്ലുവിളികൾക്കിടയിലും കമ്പനിയെ വിജയകരമായി നയിച്ച ജീവനക്കാരുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായാണ് ഈ വമ്പൻ പ്രഖ്യാപനം.
