Screenshot 2024 02 27 20 21 14 990 com.android.chrome edit 2

കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഒരേസ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബീഹാറിനെ പോലെയാണ് കേരളത്തിൽ അഴിമതി എന്ന് പ്രധാനമന്ത്രി പറഞ്ഞതിലൂടെ ഒറ്റയടിക്ക് രണ്ട് സംസ്ഥാനങ്ങളെ അപമാനിക്കുകയാണ് ചെയ്തത്, ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്, ഏതു റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞതെന്നും, സാമ്പത്തികമായി കേരളത്തിന്റെ കഴുത്തു ഞെരിക്കുന്നവർ തന്നെ അതിന്റെ പേരിൽ ആക്ഷേപം ചൊരിയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പിണറായിയും മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും രണ്ട് പേരുടെയും ലക്ഷ്യം രാഹുല്‍ ഗാന്ധിയാണെന്നും വിഡി സതീശൻ. രാഹുൽ ഒളിച്ചോടിയെന്ന് മോദി പറയുന്നു, പിണറായിയും അത് തന്നെയാണ് പറയുന്നത്, ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് അതാത് പാർട്ടികൾ അല്ലേ, കണ്ണൂരിൽ മത്സരിക്കുന്ന സിപിഎം നേതാക്കളോട് എറണാകുളത്ത് വന്ന് മത്സരിക്കാൻ പറയാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു, പിണറായിയെ ആരെതിര്‍ത്താലും അവരുടെ സമനില തെറ്റി എന്നാണ് മുഖ്യമന്ത്രി പറയുന്നത്, ഇങ്ങനെ എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്നത് തന്നെ ഒരു പ്രശ്നമാണ്, അതിനാണ് ഡോക്ടറെ കാണിക്കേണ്ടതെന്നും വിഡി സതീശൻ പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തമായ ഭാരതം പടുത്തുയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയില്ല.  കോണ്‍ഗ്രസിന്റെ മുഖം കാണാന്‍ പോലും ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല, തോല്‍വി ഭയന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭ തെരഞ്ഞെടുക്കുകയാണെന്നും സ്വന്തം തെറ്റുകളുടെ ഫലമാണ് കോണ്‍ഗ്രസ് അനുഭവിക്കുന്നതെന്നും കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ജലോറിലെ റാലിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പിൽ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യം തനിക്കില്ലെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. സൈബർ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്നും തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും, സൈബർ ആക്രമണത്തിൽ ജനത്തിന് പ്രതിഷേധമുണ്ടെന്നും ശൈലജ പറഞ്ഞു. ഷാഫി നിയമ നടപടി സ്വീകരിച്ചോട്ടെയെന്നും, എന്തെങ്കിലും ഉണ്ടെങ്കിലല്ലേ നേരിടേണ്ട ആവശ്യമുള്ളൂ, ഞാൻ നിയമ നടപടി എടുക്കുന്നത് കൊണ്ട് അവരും ചെയ്യുന്നു എന്നേ ഉള്ളൂ എന്നും കെകെ ശൈലജ വ്യക്തമാക്കി.

 

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്തു. രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് തിരുവനന്തപുരം സൈബർ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായും മതനേതാക്കള്‍ക്ക് വോട്ടിന് പകരം പണം വാഗ്ദാനം ചെയ്തതായും തരൂര്‍ ആരോപിച്ചിരുന്നു.ശശിതരൂര്‍ നടത്തിയ പരാമര്‍ശങ്ങൾ അനാവശ്യവും യാതൊരു തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതല്ലെന്നും കമ്മിഷൻ വിലയിരുത്തി.

 

കെ സി വേണുഗോപാല്‍ രാഹുൽ ഗാന്ധിയെ വിഡ്ഢിവേഷം കെട്ടിക്കുന്നുവെന്നും രാഹുൽ ഗാന്ധിയുടെ ഇമേജ് കളയിക്കുന്നതില്‍ പ്രധാനി വേണുഗോപാലെന്നും എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് എ എം ആരിഫ്. ദയവ് ചെയ്ത് രാഹുലിനെ വേണുഗോപാൽ മോശക്കാരനാക്കരുത്. രാഹുലും പ്രിയങ്കയും ഒരുമിച്ച് ആലപ്പുഴയിൽ വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നും ആരിഫ് പറഞ്ഞു.

 

ലീഗും സമസ്തയും തമ്മില്‍ കടുത്ത ഭിന്നത നിലനിലനില്‍ക്കുന്നുവെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. തര്‍ക്കം പരിഹരിക്കാന്‍ ഇരുനേതൃത്വവും ശ്രമിക്കണമെന്നും, സമസ്തയും പാണക്കാട് കുടുംബവും തമ്മിലുള്ള യോജിപ്പ് ഇല്ലാതായി. ലീഗിന്‍റെ സെക്രട്ടറി പറയുന്നത് വിവരക്കേടും തോന്നിവാസവുമാണ്. ഇതുപോലുള്ള ആളുകളെ താക്കോല്‍ സ്ഥാനത്ത് ഇരുത്തി മുന്നോട്ട് പോകാന്‍ ആവില്ലെന്ന് ഉമര്‍ ഫൈസി മുക്കം മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ടയിൽ മരിച്ച സ്ത്രീയുടെ വോട്ട് മരുമകൾ രേഖപ്പെടുത്തിയെന്ന പരാതിയിൻമേൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. 2 പോളിം​ഗ് ഓഫീസർമാരെയും ബിഎൽഒയെയും ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു. ബിഎൽഒ അമ്പിളി, പോളിം​ഗ് ഓഫീസർമാരായ ദീപ, കല എസ് തോമസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് കളക്ടർ അറിയിച്ചു.

106 വയസുളള വയോധികയെ നിർബന്ധിച്ച് വോട്ടുചെയ്യിച്ചെന്നാരോപിച്ച് യുഡിഎഫ് നൽകിയ പരാതികൾ കണ്ണൂർ ജില്ലാ കളക്ടർ തളളി. വീട്ടിലെ വോട്ടിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് നൽകിയ പരാതിയിൽ പയ്യന്നൂരിലും പേരാവൂരിലും വീഴ്ചയില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. രണ്ടിടത്തും സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണെന്നാണ്  അന്വഷണ റിപ്പോർട്ടിലുളളത്.

തൃശൂർ പൂരത്തിന് ആനകൾക്ക് കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോക് തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പട്ടയുമായെത്തിയവരോട് കമ്മിഷണർ അങ്കിത് അശോക് കയർക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇതിനു പിന്നാലെ കുടമാറ്റത്തിനായി കൊണ്ടു വന്ന കുടകള്‍ പൊലീസ് തടയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞത് എന്നാണ് കമ്മീഷണറുടെ വിശദീകരണം. പൂരം പ്രതിസന്ധിയിൽ അന്വേഷണം വേണമെന്ന് മൂന്ന് മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശൂർ പൂരം തടസ്സപ്പെട്ട പ്രശ്‌നം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിച്ച കാര്യങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ദേവസ്വങ്ങളുടെ പരാതിക്കൊപ്പം മാധ്യമപ്രവർത്തർക്ക് നേരെ ശരിയല്ലാത്ത നടപടിയുണ്ടായി എന്ന പരാതിയുമുണ്ട്. വിഷയത്തെ ഗൗരവമായി കാണുന്നുവെന്നും കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആചാരങ്ങളറിയാത്ത പോലീസുകാർ ഡ്യൂട്ടിക്ക് വരുന്നതാണ് പ്രശ്നമെന്നും തൃശൂർ പൂരത്തിനെതിരേ പ്രത്യേക എൻ.ജി.ഒകളുടെ നേതൃത്വത്തിൽ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും തൃശ്ശൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ. വരുംകാലങ്ങളിൽ അനുഭവസമ്പത്തുള്ള ഉദ്യോ​ഗസ്ഥർക്ക് ചുമതല കൈമാറും. ഇത്തവണ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തൃശ്ശൂരിലെ പോലീസ് ഉദ്യോ​ഗസ്ഥരിൽ പലരും പുറത്തായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

കേരള സർവ്വകലാശാലയിലെ പ്രഭാഷണത്തിന്‍റെ പേരിൽ തനിക്കെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമല്ലെന്നും ജോൺ ബ്രിട്ടാസ് എംപി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. വിസിയുടെ വിലക്ക് ലംഘിച്ചുള്ള പ്രഭാഷണത്തിന്‍റെ പേരിൽ ബ്രിട്ടാസിനോടും, സംഘാടകരായ യൂണിയൻ നേതാക്കളോടും കമ്മീഷൻ വിശദീകരണം തേടിയിരുന്നു.

ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് വാങ്ങിയ പതിനാലാമത് ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്ന് ഇന്ന് മുതല്‍ സര്‍വ്വീസ് ആരംഭിച്ചതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

കെഎസ്ആർടിസി ജീവനക്കാർക്കെതിരെ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും, 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂവെന്ന ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്.

ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്‌ചാത്തലത്തിൽ, കേരള അതിർത്തിയിലെ പരിശോധന കർശനമാക്കി തമിഴ്നാട്. ചെക്പോസ്റ്റുകളിൽ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന വാഹനങ്ങൾ തിരിച്ചയ്ക്കാനാണ് നിർദേശം. കേരള അതിർത്തിയിലെ 12 ചെക് പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണത്തിനായി വെറ്ററിനറി ഡോക്ടർ, ഇൻസ്പെക്ടർ അടക്കം അഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു.

സംവിധായകൻ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ പ്രതി മുമ്പും കേരളത്തില്‍ വലിയ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ്. കര്‍ണാടകയില്‍ വച്ച് പിടിയിലായ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് എന്ന പ്രതി നേരത്തെ പ്രമുഖ ജ്വല്ലറിയുടെ ഉടമസ്ഥന്‍റെ വീട്ടില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കണ്ണൂർ ആറളത്തും അനധികൃത മരംമുറി. ആനമതിൽ നിർമ്മാണത്തിന്റെ മറവിൽ അനധികൃതമായി മരം മുറിച്ചെന്നാണ് പരാതി. വന്യജീവി സങ്കേതത്തിനകത്തെ മരങ്ങളും മുറിച്ചു എന്നാണ് നിഗമനം.വിഷയത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഐയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.

ദേശാഭിമാനിക്കെതിരെ വിഡി സതീശന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി. ‘പോണ്‍ഗ്രസ്’  എന്ന തലക്കെട്ടില്‍ ഏപ്രില്‍ 18 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയത്. നിയമവിരുദ്ധമായി പച്ചക്കള്ളം പ്രചരിപ്പിച്ച ദേശാഭിമാനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.

തോമസ് ഐസക്കിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്. കുടുംബശ്രീയുടെ പേരിൽ ലഘുലേഖകൾ അടക്കം തയ്യാറാക്കി വോട്ട് തേടുന്നു എന്നും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്നും, കാണിച്ചാണ് പരാതി. ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പിൽ ആണ് പരാതി നൽകിയത്.

അർഹിക്കുന്ന ബഹുമാനം ഗവർണർക്ക്നൽകുന്നുണ്ടെന്ന്  മന്ത്രി വി ശിവൻകുട്ടി. പ്രധാനമന്ത്രി നടത്തിയ പരാമർശത്തിനാണ് മന്ത്രിയുടെ മറുപടി. ഗവർണർക്ക് ആവശ്യമായ ഫണ്ട് നൽകുന്നില്ല എന്ന ആരോപണം ബാലിശമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യം മുൻനിർത്തിയുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 25 വരെ കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയാണ് എത്തുമെന്ന് റിപ്പോർട്ട്. പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും, ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ അപലപിക്കുന്ന രാഹുൽഗാന്ധി കേരള മുഖ്യമന്ത്രിയെ  അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതിൽ എന്ത് രാഷ്ട്രീയ സന്ദേശമാണ് ഉള്ളത് എന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം പ്രസ്താവനകൾ വളരെ തരംതാണതാണ്. പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ആവശ്യപ്പെടുമ്പോൾ, ഇ ഡി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് ശരിവെക്കുകയല്ലേ അദ്ദേഹം ചെയ്യുന്നത് എന്നും ഡി രാജ ചോദിച്ചു.

രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണിയുടെ ജാര്‍ഖണ്ഡ് റാലിക്ക് തുടക്കമായി. റാലി തുടങ്ങാൻ അല്‍പസമയം മാത്രം ബാക്കി നില്‍ക്കെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആണ് റാലിയില്‍ ശാരീരികമായി സുഖമില്ലാത്തതിനാൽ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന വിവരം അറിയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗേ റാലിക്ക് നേതൃത്വം നല്‍കി മുൻനിരയിലുണ്ടാകുമെന്നും ജയ്റാം രമേശ് അറിയിച്ചു.

റാഞ്ചിയില്‍ ഇന്ത്യ സഖ്യ റാലിക്കിടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കോണ്‍ഗ്രസ്–ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.

എൻഡിഎയിലെ ഏക മുസ്ലിം എംപി ആർജെഡിയിൽ ചേർന്നു. എൽജെപി എംപിയായിരുന്ന മെഹബൂബ് അലി കൈസറാണ് ആർജെഡിയിലേക്ക് മാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇത്തവണ ടിക്കറ്റ് നിഷേധിച്ചതോടെയാണ് മെഹബൂബ് അലി പാർട്ടി മാറിയത്.

കനത്ത മഴ മൂലം ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിലും യാത്രക്കാര്‍ നേരിട്ട അസൗകര്യങ്ങളിലും ഖേദം പ്രകടിപ്പിച്ച് ദുബൈ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്സ്. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് തിരികെ എത്തിക്കുന്നതിനായി ദുബൈ വിമാനത്താവളത്തിലെ സംഘം നിരന്തരം പരിശ്രമിക്കുകയാണെന്നും ഈ പ്രതിസന്ധി നേരിടുന്നതിനും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും എല്ലാ പങ്കാളികളും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ദുബൈയിലെ മുഹൈസ്നാ നാലിലെ ബഹുനില കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ദുബൈ പൊലീസും ദുബൈ സിവില്‍ ഡിഫന്‍സ് സംഘവും മലയാളികളടക്കമുള്ള നൂറിലേറെ കുടുംബങ്ങളെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. രാത്രി 8.30ഓടെ ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാരിലൊരാള്‍ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ജപ്പാനിൽ നിരീക്ഷണ പറക്കലിന് ഇറങ്ങിയ നാവിക സേനാ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ഏഴുപേരെ കാണാതായി. ശനിയാഴ്ച രാത്രി നിരീക്ഷണ പറക്കൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ഹെലികോപ്ടറുകളിൽ നിന്നുള്ള ഒരാളുടെ മൃതദേഹം ഇതിനോടകം കണ്ടെത്തിയതായി ജപ്പാൻ ആഭ്യന്തര മന്ത്രി വിശദമാക്കി.

യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാദിമർ സെലൻസ്കിയെ കൊല്ലാൻ റഷ്യയുടെ രഹസ്യ പദ്ധതിയെന്ന് ആരോപണം. ഇതിനായി വിവരം ശേഖരിക്കാൻ റഷ്യയുടെ മിലിട്ടറി ഇന്‍റലിജൻസുമായി ബന്ധം പുലർത്തിയ ചാരനെ അറസ്റ്റ് ചെയ്തതായി പോളണ്ട് അറിയിച്ചു. യുക്രെയ്ൻ സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെ ആണ് പോളണ്ട് പൊലീസ് ചാരനെ പിടികൂടിയത്.

ആന്ധ്രാ പ്രദേശിൽ ബിജെപി-ടിഡിപി-ജനസേന സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ചിരഞ്ജീവി. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്‍റെ പിന്തുണ എൻഡിഎയ്ക്കായിരിക്കുമെന്നും ചിരഞ്ജീവി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ആന്ധ്രയുടെ വികസനത്തിന് എൻഡിഎ സഖ്യത്തിന് വോട്ട് ചെയ്യണമെന്ന് ചിരഞ്ജീവി ആരാധകരോട് അഭ്യർത്ഥിച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വധിക്കാൻ തിഹാർ ജയിലിൽ ശ്രമം നടക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് ഭാര്യ സുനിതാ കെജ്‌രിവാൾ. കെജ്‌രിവാളിന് ഇൻസുലിൻ നൽകാതെ തിഹാർ ജയിൽ അധികൃതർ വധിക്കാൻ ശ്രമിക്കുന്നുവെന്ന് അവർ ആരോപിച്ചു. റാഞ്ചിയിലെ ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയിരുന്നു അവർ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *