ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനം നടന്ന് 14 പേർ മരിക്കാനിടയായ സാഹചര്യത്തിലാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യവുമായി ഉന്നയിച്ചിരിക്കുന്നത്. സുരക്ഷിത ആഘോഷങ്ങളിലേക്ക് മാറണമെന്നും പടക്ക നിർമാണ കേന്ദ്രങ്ങൾക്ക് ദേശീയ നിലവാരം ഉറപ്പാക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദൂരദർശനിലൂടെ നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പ്രധാനമന്ത്രിക്കെതിരെ നിയമനടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പിൽ പ്രവീൺ (45) ആണ് മരിച്ചത്. ശസ്ത്രക്രിയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കല്യാൺ ജ്വല്ലേഴ്സ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. എം.എ. യൂസഫലിയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, സംസ്ഥാന സർക്കാരും മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായവും ചികിത്സാ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ വെടിക്കെട്ട് പുരയിൽ ജോലിക്കായി പോയ ആൾ ഇതുവരെ മടങ്ങി എത്തിയിട്ടില്ലെന്ന് മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുര അപകടത്തിൽ കാണാതായ അഭിജിത്തിന്റെ സഹോദരൻ അഞ്ചൽ. ആശുപത്രിയിലും മോർച്ചറിയിലും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ലെന്നും സഹോദരൻ അഞ്ചൽ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിട്ടുണ്ട്. തന്റെ ഡി എൻ എ സാമ്പിളുകളും നൽകിയെന്ന് അഞ്ചൽ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോസ്റ്റൽ ബാലറ്റുകൾ ലഭ്യമായില്ലെന്ന ഹർജിയിൽ മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്ട്രോങ്ങ് റൂമുകൾ സീൽ ചെയ്തതിനാൽ ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. മൂന്ന് ഹർജികളാണ് ഹൈകോടതിയിൽ എത്തിയത്.
തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മുഹമ്മദ് ഫായിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. വൈകിട്ടോടെയാണ് ആശുപത്രിയിൽ എത്തുക. കോയമ്പത്തൂരിലുള്ള ആശുപത്രിയിലായിരുന്നു ഫായിസിനെ ചികിത്സിച്ചിരുന്നത്. നിലവിൽ ഫായിസിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാൻ ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കുട്ടികളുടെ പ്രായത്തിനനുസരിച്ച് സ്ക്രീൻ സമയം പരിമിതപ്പെടുത്താനും സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ശുപാർശയുണ്ട്.
ക്ഷേത്രത്തിലെ പരിപാടിയിൽ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമാക്കുന്നതിനെതിരെ നട്ടാശ്ശേരി വേമ്പികുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി. നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം പാടിയതിൽ ഒരു തെറ്റുമില്ലെന്നാണ് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവന. ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദ്ദപരമായാണ് ജീവിക്കുന്നതെന്നും ഇത്തരത്തിലുള്ള വിവാദം ഇളക്കിവിട്ട് നിലവിലെ അവസ്ഥയെ തകർക്കരുതെന്നും ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടു.
പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മേഖലയിലെ വിമാനയാത്ര പ്രതിസന്ധിയില്‍ പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ചരപു രാംമോഹന്‍ നായിഡുവിന് കത്തയച്ച് രമേശ് ചെന്നിത്തല.കൂടാതെ പശ്ചിമേഷ്യന്‍ വ്യോമപാത നിയന്ത്രണങ്ങളും വിമന കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തിൽ ഫർമാനെതിരെ പോക്സോ പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയെന്ന് പരാതിക്കാരൻ പ്രഥം ദുബൈ. മധ്യപ്രദേശ് പൊലീസിനാണ് നിർദേശം നൽകിയതെന്നും പ്രഥം ദുബൈ പറഞ്ഞു. രേഖകൾ ലഭിച്ചാൽ കേസെടുക്കാമെന്ന് കേരള പൊലീസും നിലപാട് അറിയിച്ചെന്ന് പരാതിക്കാരൻ. അറസ്റ്റ് എന്തുകൊണ്ട് നടത്തിയില്ലെന്ന് പട്ടികവർഗ്ഗ കമ്മീഷൻ അധ്യക്ഷൻ ചോദിച്ചു. ഇരു പൊലീസിന്റെ നടപടികളിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി എന്നും പരാതിക്കാരൻ പറഞ്ഞു.
മുൻ ഡിജിപി ആർ. ശ്രീലേഖ പ്രതിഷേധ സമരത്തിൽ പോലീസിനെതിരെ ‘പോടാ പുല്ലേ’ എന്ന് മുദ്രാവാക്യം വിളിച്ചത് വിവാദമായി. രാഷ്ട്രീയ പ്രേരിതമായി പോലീസ് ബിജെപി പ്രവർത്തകരെ മർദ്ദിക്കുന്നുവെന്ന് ശ്രീലേഖ ആരോപിച്ചപ്പോൾ, ഇത്തരം ഭീഷണികളിൽ തകരില്ലെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരിച്ചടിച്ചു.
ബിജെപി മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിൽ കാസർകോട് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനിക്കെതിരെ രൂക്ഷ വിമർശനം. എസ്ഐആറിൽ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ലെന്ന് വിമർശനം ഉയരുന്നത്. ചുമതലയുണ്ടായിട്ടും വോട്ട് ചേർക്കാനുള്ള പ്രവർത്തനം എം എൽ അശ്വിനി മണ്ഡലത്തിൽ ഏകോപിപ്പിച്ചില്ലെന്നാണ് വിര്‍ശനം. മണ്ഡലത്തിൽ എസ്ഐആർ തിരിച്ചടിയായെന്ന് വിലയിരുത്തൽ.
മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം. മൈലാടി വെള്ളൂർ റോഡിൽ പ്ലാസ്റ്റിക് കമ്പനിക്കാണ് തീപിടിച്ചത്. മാലിന്യ സംസ്കരണ യൂണിറ്റിലെ പുറത്ത് കൂട്ടിയിട്ട മാലിന്യത്തിലാണ് തീപിടിച്ചത്. ഇലക്ട്രിക് ലൈൻ ഷോട്ടായി തെങ്ങിൻറെ ഓല കത്തിയാണ് തീപിടുത്തം ഉണ്ടായത്. മലപ്പുറം ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നു.
പത്തനംതിട്ടയിൽ ഉഷ്ണ തരംഗ സാധ്യതയുള്ളതിനാൽ ജില്ലയിലെ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ഉത്തരവ് ഇറങ്ങി. ജില്ലാ കളക്ടർ ആണ് ഉത്തരവ് ഇറക്കിയത്. എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെൻററുകളിലെയും വേനൽക്കാല അവധിക്കാല ക്ലാസുകളും നിരോധിച്ചിട്ടുണ്ട്
വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോഴഞ്ചേരി കിഴക്കേവലിയ വീട്ടിൽ നൈനാൻ വർഗീസ് (60), വാഹനം ഓടിച്ചിരുന്ന മകൻ റോബിൻ നൈനാൻ (33) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആയൂർ പാലത്തിന് സമീപമായിരുന്നു അപകടം.
ചെന്നൈ പുഴൽ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ഹരി നാടാർക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. വോട്ട് ചെയ്യാൻ അനുമതി തേടിയുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തടവുകാർക്ക് വോട്ടവകാശമില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
തമിഴ്നാട് ജനത നാളെ പോളിംഗ് ബൂത്തിലെത്തും.തമിഴ്നാട്ടിൽ നിശബ്ദ പ്രചാരണ ദിനത്തിൽ വോട്ടിന് പണമൊഴുക്കുന്നതിനെ ചൊല്ലി വ്യാപകമായ പരാതികൾ ഉയർന്നു. ചെന്നൈയിൽ ഡിഎംകെ സ്ഥാനാർത്ഥിയുടെ സഹായിയിൽ നിന്ന് 2 കോടി രൂപ പിടിച്ചെടുക്കുകയും, പണം നൽകാത്തതിൽ പ്രതിഷേധിച്ച് തിരുനെൽവേലിയിൽ സ്ത്രീകൾ ഡിഎംകെ സ്ഥാനാർത്ഥിയുടെ വീട് ഉപരോധിക്കുകയും ചെയ്തു.
മുംബൈയിൽ ബിജെപി സംഘടിപ്പിച്ച രാഷ്ട്രീയ റാലി മൂലമുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ യുവതി, ജലവിഭവ മന്ത്രി ഗിരീഷ് മഹാജനോട് പരസ്യമായി കയർത്തു. സ്കൂളിൽ നിന്ന് കുട്ടിയെ കൂട്ടാൻ പോവുകയായിരുന്ന യുവതി, റാലി ഒഴിഞ്ഞ മൈതാനത്തേക്ക് മാറ്റാൻ ആവശ്യപ്പെടുകയും പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു
പശ്ചിമബംഗാളിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. അമിത് ഷായുടെ ‘അരേ ദീദി’, മല്ലികാർജ്ജുൻ ഖർഗെയുടെ ‘തീവ്രവാദി’ പരാമർശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോളിംഗ് മേഖലകളിൽ കർശന ജാഗ്രത പുലർത്തുന്നുണ്ട്
സൗത്ത് ദില്ലിയിലെ അമർ കോളനിയിൽ ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ 22-കാരിയായ മകളെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒരു മാസം മുൻപ് ജോലിയിൽ നിന്ന് പിരിച്ചുവിട്ട 19-കാരനായ മുൻ വീട്ടുജോലിക്കാരനാണ് പ്രധാന പ്രതിയെന്ന് സംശയിക്കുന്നു. ദില്ലി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ബെംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരൻ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്തു. പണം തിരികെ ചോദിച്ചപ്പോൾ, മാനേജർക്ക് അശ്ലീല സന്ദേശമയച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
ദക്ഷിണ കൊറിയയ്ക്ക് നഷ്ടമായത് കോടികൾ വില വരുന്ന യുദ്ധ വിമാനങ്ങൾ . യൂണിറ്റിലെ അവസാന നിരീക്ഷണ പറക്കൽ മൊബൈലിൽ പകർത്താനുള്ള ശ്രമത്തിനിടയിൽ രണ്ട് യുദ്ധ വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. 2021ൽ ദക്ഷിണ കൊറിയയിൽ രണ്ട് യുദ്ധവിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച സംഭവത്തിന് കാരണം പൈലറ്റുമാർ വിമാനത്തിലിരുന്ന് ഫോട്ടോകളും വീഡിയോകളും എടുത്തതാണെന്ന കണ്ടെത്തലുമായി അധികൃതർ.
റോമിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ തർക്കം. കാലാവസ്ഥാ ബോധവൽക്കരണത്തിനായി മാൾട്ടയിൽ നിന്ന് ഇന്ത്യയിലേക്ക് കാൽനടയാത്ര നടത്തുന്ന ജയ്ദീപ് ലഖാങ്കിയ എന്ന ഇന്ത്യൻ പൗരനും ഉദ്യോഗസ്ഥരും തമ്മിലാണ് തർക്കം. എംബസിക്ക് പുറത്ത് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഉദ്യോഗസ്ഥർ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ഇത് എംബസി അധികൃതർ നിഷേധിച്ചു
പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക്. ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിൽ വെച്ച് രണ്ട് കപ്പലുകൾ ഇറാൻ പിടിച്ചെടുത്തു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നത്. സമുദ്രനിയമങ്ങൾ ലംഘിച്ചതിനാണ് കപ്പലുകൾ പിടിച്ചെടുത്തതെന്ന് ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഡോണള്‍ഡ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്താന്‍ സഹായിച്ചതില്‍ വേദനയുണ്ടെന്ന് യുഎസ് ഇന്‍ഫളുവന്‍സറും ട്രംപിന്റെ അടുത്ത അനുയായിയുമായ ടക്കര്‍ കാള്സണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടി കൈമെയ് മറന്ന് പ്രവര്‍ത്തിച്ച ടക്കര്‍ കാള്സണ് ജനങ്ങളെ തെറ്റായ തീരുമാനത്തിലേക്ക് നയിച്ചതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. തിങ്കളാഴ്ച പുറത്തിറങ്ങിയ പോഡ്കാസ്റ്റ് എപ്പിസോഡിലാണ് ട്രംപിന്റെ മാഗാ കൂട്ടായ്മയുടെ മുന്‍നിരക്കാരില്‍ ഒരാളായ കാള്സണ് പരസ്യമായി ജനങ്ങളോട് ക്ഷമചോദിച്ചത്.
ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയതിന് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനായിരുന്ന മെഹ്ദി ഫരീദിനെ ഇറാൻ വധിച്ചു. കീഴ്ക്കോടതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. നിലവിലെ യുദ്ധസാഹചര്യത്തിൽ ഇസ്രയേലിൻ്റെ ചാരന്മാർക്ക് ഇറാൻ ഭരണകൂടം നൽകുന്ന മുന്നറിയിപ്പായി ഈ നടപടി വിലയിരുത്തപ്പെടുന്നു.
അഫ്ഗാനിസ്താനില്‍ താലിബാനെതിരെ നടത്തിയ യുദ്ധത്തില്‍ അമേരിക്കയെ സഹായിക്കുകയും യുഎസ് സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് മുന്നില്‍ സ്വന്തം വാതില്‍ കൊട്ടിയടച്ച് അമേരിക്ക. ഇപ്പോള്‍ ഖത്തറില്‍ താല്‍ക്കാലികമായി കഴിയുന്ന ഇവര്‍ക്ക് അമേരിക്കയില്‍ അഭയം നല്കുന്നതിനു പകരം, കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന കോംഗോയിലേക്ക് തള്ളാന്‍ പ്രസിഡന്റ് ട്രംപ് ചര്‍ച്ചകള്‍ നടത്തിവരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
